Sunday, March 22, 2026 Last Updated 46 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Friday 05 Sep 2025 01.44 AM

ഗര്‍ഭഛിദ്രക്കേസ്: പോലീസ് തെളിവുതേടി ബംഗളുരുവിലേക്ക്; തെളിവ് കിട്ടിയാല്‍ മാത്രം ചോദ്യംചെയ്യല്‍, ഇരകളില്‍ ചിലര്‍ പരാതി നല്‍കാന്‍ തയാറാകുന്നു?

ഇരകളുടെ വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകള്‍ ലഭിക്കാതെ, ചോദ്യംചെയ്യലിനു നോട്ടീസ് നല്‍കിയാല്‍, അവര്‍ സഹകരിക്കില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.
kerala

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരേയുള്ള കേസന്വേഷണത്തിനായി ബംഗളുരുവില്‍ പോകാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആഭ്യന്തരവകുപ്പിന്റെ അനുമതി തേടി.

ഗര്‍ഭഛിദ്രം നടത്തിയെന്നു പറയുന്ന ആശുപത്രിയില്‍ എത്തി തെളിവെടുക്കാനാണു അനുമതി തേടിയത്. തെളിവുകള്‍ ലഭിച്ചശേഷം മാത്രം ഇരകളെ ചോദ്യംചെയ്താല്‍ മതിയെന്നാണു ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം.

ഇരകളുടെ വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകള്‍ ലഭിക്കാതെ, ചോദ്യംചെയ്യലിനു നോട്ടീസ് നല്‍കിയാല്‍, അവര്‍ സഹകരിക്കില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍. ഗര്‍ഭഛിദ്രം നടത്തിയതു നിയമപരമല്ലെങ്കില്‍ ആശുപത്രിയക്കക്കെതിരേയും കേസെടുക്കും. ഇരകളില്‍ ചിലര്‍ പരാതി നല്‍കാന്‍ തയാറായിട്ടുണ്ടെന്നാണു വിവരം. എന്നാല്‍, തെളിവു ലഭിക്കാതെ മാങ്കൂട്ടത്തിലിനെതിരേ നടപടി സ്വീകരിച്ചാല്‍ തിരിച്ചടിയാകാനും സാധ്യതയുണ്ട്.

രണ്ടു യുവതികള്‍ ഗര്‍ഭഛിദ്രത്തിനു വിധേയരായെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇതിലൊരാളെ നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തിയതു ബംഗ്ളൂരുവില്‍വച്ചാണക്ക. ഇതു സ്ഥിരീകരിക്കാനാണു അന്വേഷണ സംഘം ബംഗളൂരുവില്‍ പോകുന്നത്.
അന്വേഷണസംഘം ഇതിനോടകം തന്നെ ഗര്‍ഭഛിദ്രം നടന്ന ആശുപത്രിയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആദ്യ ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്. നേരിട്ടുള്ള പരാതിയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകം കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിനു കഴിയില്ല. എന്നാല്‍, വൈകാതെ പരാതി ലഭിക്കുമെന്നാണു അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

ഗര്‍ഭഛിദ്രത്തിനു രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും, 18 മുതല്‍ 60 വയസുവരെ പ്രായമുള്ളയാളാണ് ഇരയായതെന്നുമാണു എഫ്.ഐ.ആറില്‍ പറയുന്നത്. ഇരയുടെ കോളത്തില്‍ ഒരാളുടെ സൂചന മാത്രമാണുള്ളത്. ഇവര്‍ക്ക് 18 നും 60 നും ഇടയിലാണു പ്രായമെന്നാണു വിശദീകരിക്കുന്നത്. ആരാണ് ഇരയെന്ന വിവരംപോലും ക്രൈംബ്രാഞ്ച് ഈ ഘട്ടത്തില്‍ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ കുറ്റകൃത്യം വിശദീകരിക്കുന്ന ഭാഗത്തു സ്ത്രീകളെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചു, സ്ത്രീകളെ ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു, സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ പിന്തുടര്‍ന്നു ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ബി.എന്‍.എസിലെ 78(2), 351, പോലീസ് ആക്ടിലെ 120 എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

പതിനൊന്നു പരാതികളാണു രാഹുലിനെതിരേ ലഭിച്ചിട്ടുള്ളതെന്നാണു വിവരം. എന്നാല്‍, പതിനൊന്നുപേരും പീഡനത്തിന് ഇരയായവരല്ല. മറിച്ച് മാധ്യമങ്ങളിലും മറ്റും വാര്‍ത്ത കണ്ടു പരാതി നല്‍കിയവരാണ്. ബാലാവകാശ കമ്മീഷനില്‍ നിന്നും അയച്ചു കിട്ടിയ പത്തുപരാതികളുമുണ്ട്.
ഇതില്‍ ഗര്‍ഭഛിദ്രം നടന്നുവെന്നു വിശദീകരിക്കുന്ന അഞ്ചു പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണു കേസെടുത്തത്. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് വഴി കൈമാറി കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണു കഴിഞ്ഞമാസം 27 നു എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

ജെബി പോള്‍

Ads by Google
ജെബി പോള്‍
Friday 05 Sep 2025 01.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google