Sunday, March 22, 2026 Last Updated 23 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Sep 2025 01.18 PM

യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന് പോലീസിന്റെ ക്രൂരമര്‍ദ്ദനം ; ദൃശ്യങ്ങള്‍ പുറത്തുവന്നു, ഉദ്യോഗസ്ഥര്‍ക്ക് എതിരേ കേസെടുക്കും

uploads/news/2025/09/799097/youth-congrass.jpg

തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സ്‌റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരേ കേസെടുത്തേക്കും. രണ്ടു ദിവസം മുമ്പ് തൃശൂര്‍ കുന്നംകുളം സ്‌റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കെതിരേ കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തു. യൂത്ത്‌കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെയാണ് പോലീസ് മര്‍ദ്ദിച്ചത്.

2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ച് നടന്ന സംഭവത്തില്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സുജിത്തിനെ ഷര്‍ട്ട് പോലും ഇടുവിക്കാതെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതും മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.

വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കി. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ജീപ്പില്‍ നിന്ന് സുജിത്തിനെ ഇറക്കി ഉള്ളിലേക്ക് കയറ്റുമ്പോള്‍ തന്നെ മര്‍ദ്ദിച്ചു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ കോടതി ജാമ്യം നല്‍കുകയായിരുന്നു.

കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി. ചെവിക്ക് തകരാര്‍ ഉണ്ടായതോടെയാണ് പോലീസിനെതിരേ കേസെടുക്കാന്‍ സുജിത് തീരുമാനിച്ചത്. എന്നാല്‍ പരാതിപ്പെട്ടിട്ടും എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരേ നടപടി ഉണ്ടായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു.

സുജിത്ത് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. സുജിത്ത് നല്‍കിയ അപ്പീല്‍ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ദൃശ്യം പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുത്തു.

Ads by Google
Wednesday 03 Sep 2025 01.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google