Sunday, March 22, 2026 Last Updated 21 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Sep 2025 07.49 AM

പാകിസ്താനില്‍ മൂന്നിടത്ത് ചാവേര്‍ ആക്രമണം ; 25 പേര്‍ മരണമടഞ്ഞു, അനേകര്‍ക്ക് പരിക്കേറ്റു

uploads/news/2025/09/799020/pakisthan.jpg

ബലൂചിസ്താന്‍: പാകിസ്താനില്‍ ചൊവ്വാഴ്ച നടന്ന വിവിധ ആക്രമണങ്ങളില്‍ കുറഞ്ഞത് 25 പേര്‍ മരിച്ചു. അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനങ്ങളാണ് നടന്നതെന്നാണ് വിവരം. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ഒരു രാഷ്ട്രീയ റാലിക്കുനേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 14 പേര്‍ മരിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

പ്രവിശ്യാ തലസ്ഥാനമായ ക്വെറ്റയിലെ ഒരു സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ് സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. അവിടെ നൂറുകണക്കിന് ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്വെറ്റ റാലിയില്‍ സംസാരിച്ചതിന് ശേഷം ബിഎന്‍പി പാര്‍ട്ടി അധ്യക്ഷന്‍ അക്തര്‍ മെംഗല്‍ വേദിയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. പാകിസ്താനിലെ ഏറ്റവും വലുതും ധാതുസമ്പന്നവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍, എന്നാല്‍ ഏറ്റവും ദരിദ്രമായ പ്രവിശ്യയും ഇതാണ്. താന്‍ സുരക്ഷിതനാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബലൂചിസ്ഥാനില്‍ ഇറാന്‍ അതിര്‍ത്തിക്കടുത്ത് നടന്ന മറ്റൊരു ആക്രമണത്തില്‍ ചൊവ്വാഴ്ച അഞ്ച് പേര്‍ കൊല്ലപ്പെട്ടു, അതേസമയം ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ സൈനിക താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു.

2014 മുതല്‍, ചൈന തങ്ങളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭവുമായി ബന്ധപ്പെട്ട റോഡ്-അടിസ്ഥാന സൗകര്യ വികസനത്തിനായി ബലൂചിസ്ഥാനില്‍ കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഒരു ദശാബ്ദത്തിലേറെയായി പാകിസ്താന്‍ സൈന്യം പ്രവിശ്യയിലെ തീവ്രവാദികളുമായി പോരാടുകയാണ്. 2024-ല്‍ ഈ മേഖലയില്‍ അക്രമങ്ങള്‍ ഗണ്യമായി വര്‍ധിച്ചു, 782 പേര്‍ കൊല്ലപ്പെട്ടു.

ചൊവ്വാഴ്ച ബലൂചിസ്ഥാനില്‍ ഇറാന്‍ അതിര്‍ത്തിക്കടുത്തുള്ള ഒരു ജില്ലയിലൂടെ കടന്നുപോകുകയായിരുന്ന സൈനികരുടെ വാഹന വ്യൂഹത്തിന് നേരെ നടന്ന സ്‌ഫോടനത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഒരു മുതിര്‍ന്ന പ്രാദേശിക ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഉടന്‍ ഏറ്റെടുത്തില്ല.

ചൊവ്വാഴ്ച ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബന്നു നഗരത്തിലെ അര്‍ദ്ധസൈനിക സേനയുടെ ആസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. 'ഒരു ചാവേര്‍ ബോംബര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം എഫ്സി ക്യാമ്പിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറ്റി, അതിനുശേഷം അഞ്ച് ചാവേര്‍ ആക്രമണകാരികള്‍ അകത്തുകടന്നു. തുടര്‍ന്നുണ്ടായ വെടിവെപ്പ് 12 മണിക്കൂര്‍ നീണ്ടുനിന്നു, ആറ് ആക്രമണകാരികളെയും വധിച്ചതിന് ശേഷമാണ് വെടിനിര്‍ത്തല്‍ അവസാനിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Ads by Google
Wednesday 03 Sep 2025 07.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google