കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഏതെങ്കിലും തരത്തിലുള്ള പരാതി പാര്‍ട്ടിക്കോ പോലീസിലോ കോടതിക്കോ കിട്ടിയിട്ടില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഏതെങ്കിലും തരത്തില്‍ ഒരു പരാതിയില്ലാതെ ഒരാളോട് എംഎല്‍എ സ്ഥാനം രാജി വെയ്ക്കാന്‍ ആവശ്യപ്പെടാനാകില്ലെന്നും പറഞ്ഞു.
ചില ഓഡിയോകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് എടുത്ത തീരുമാനമാണ് രാഹുലിനെ സസ്‌പെന്റ് ചെയ്യുന്നത്. അല്ലാതെ അദ്ദേഹം എംഎല്‍എ സ്ഥാനം രാജി വെയ്‌ക്കേണ്ട സാഹചര്യമില്ല. സംശയത്തിന്റെ പുകമറയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നടപടികള്‍ എല്ലാം ആലോചിച്ചാണ് എടുത്തിരിക്കുന്നത്.
വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംഎല്‍എ എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിന് അദ്ദേഹത്തിന് പരിമിതിയുണ്ടാകും. ജനങ്ങള്‍ക്ക് ഒര സാമാജികന്റെ ബുദ്ധിമുട്ട് ഉണ്ടാകാത്ത നിലയില്‍ ആ പ്രതിസന്ധി പാലക്കാട് സജീവമായിട്ടുള്ള വി.കെ. ശ്രീകണ്ഠന്‍ എംപിയും പാലക്കാട് സ്വദേശിയായ എംപി ഷാഫി പറമ്പിലും പരിഹരിക്കുമെന്നും പറഞ്ഞു. എല്ലാം പുകമറയാണെന്ന് ബോദ്ധ്യപ്പെടുത്തിയാല്‍ രാഹുലിന് തിരിച്ചുവരാനാകുമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.