ന്യൂഡല്‍ഹി: നരേന്ദ്ര മോദി വോട്ട് മോഷ്ടിക്കുന്നുവെന്ന് ഇപ്പോള്‍ മുഴുവന്‍ രാജ്യത്തിനും അറിയാമെന്ന് രാഹുല്‍ ഗാന്ധി. 'വോട്ട് കള്ളന്‍' ഗയായിയില്‍ വെന്നെങ്കിലും പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ വോട്ട് മോഷ്ടിക്കാന്‍ നടത്തിയ തന്റെ സര്‍ക്കാരിന്റെ ശ്രമത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നും പറഞ്ഞു. 'വോട്ടര്‍ അധികാര്‍ യാത്ര'യില്‍ ഭഗല്‍പൂരില്‍ നടന്ന ഒരു വലിയ പൊതു റാലിയെ അഭിസംബോധന ചെയ്താണ് മോദി സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും പൗരന്മാരുടെ ഭരണഘടനാപരമായ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചത്.
നേരത്തെ പ്രധാനമന്ത്രി മോദി ബീഹാര്‍ സന്ദര്‍ശിച്ചെങ്കിലും മഹാരാഷ്ട്ര, കര്‍ണാടക തിരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകളെക്കുറിച്ചും മണിപ്പൂരിലെ പ്രതിസന്ധിയെക്കുറിച്ചും മിണ്ടിയില്ലെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകളില്‍ മോദി മൗനം പാലിക്കുകയാണെന്നും പറഞ്ഞു. ഭരണഘടനയെ ഉദ്ധരിച്ച് എല്ലാ പൗരന്മാരും തുല്യരാണെന്നും എല്ലാവര്‍ക്കും ഒരു വോട്ട് മാത്രമേയുള്ളൂവെന്നും പറഞ്ഞു, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടുകള്‍ റദ്ദാക്കി അതിനെ ആക്രമിക്കുകയാണെന്ന് ആരോപിച്ചു.
മോദി സര്‍ക്കാര്‍ യുവാക്കളെ നിരാശയിലേക്ക് തള്ളിവിടുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ''ജോലി കിട്ടാന്‍ വേണ്ടി ചെറുപ്പക്കാര്‍ മാസങ്ങളോളം പഠിക്കുന്നു, പിന്നെ പരീക്ഷ എഴുതുന്നു. പക്ഷേ... പരീക്ഷയുടെ ദിവസം, പേപ്പര്‍ ചോര്‍ന്നുപോകുന്നു. ഈ സംസ്ഥാനത്ത് യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും വിമര്‍ശിച്ചു. അഗ്‌നിവീറിനെയും അദ്ദേഹം വിമര്‍ശിച്ചു. സായുധ സേനയിലെ സുരക്ഷിതമായ ജോലികള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. ''നേരത്തെ, നമ്മുടെ ദശലക്ഷക്കണക്കിന് യുവാക്കള്‍ സൈന്യത്തില്‍ ചേര്‍ന്നിരുന്നു. അവര്‍ രാജ്യത്തെ സംരക്ഷിച്ചു, പെന്‍ഷന്‍ വാങ്ങി, അവരെ പരിപാലിച്ചു. ഇന്ന്, ഒരു അഗ്‌നിവീറിന് കൈ നഷ്ടപ്പെട്ടു, പക്ഷേ അദ്ദേഹത്തിന് ഒരു സഹായവും നല്‍കുന്നില്ല. അദ്ദേഹത്തെ ജോലിയില്‍ നിന്ന് പുറത്താക്കി വീട്ടിലേക്ക് തിരിച്ചയച്ചിരിക്കുന്നു.'' അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം, ജിഎസ്ടി, ഇപ്പോള്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ എന്നിവയും ഈ സര്‍ക്കാരിന്റെ എല്ലാ നടപടികളും ദരിദ്രര്‍ക്ക് എതിരാണെന്നും ആരോപിച്ചു. ഓഗസ്റ്റ് 17 ന് ആരംഭിച്ച 1,300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 16 ദിവസത്തെ യാത്രയുടെ ആറാം ദിവസമാണ് ഭഗല്‍പൂര്‍ പരിപാടി. ബീഹാറിലെ 20 ലധികം ജില്ലകളിലൂടെ ഇതിനകം യാത്ര കടന്നുപോയി. ഈ യാത്ര സെപ്റ്റംബര്‍ 1 ന് പട്‌നയിലെ ഗാന്ധി മൈതാനത്ത് നടക്കുന്ന റാലിയോടെ സമാപിക്കും. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും യാത്രയില്‍ പങ്കുചേരും. വാരാന്ത്യത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ കതിഹാര്‍ ജില്ലയിലും മുഖ്യമന്ത്രി സിദ്ധരാമയ്യ ഓഗസ്റ്റ് 29 ന് പങ്കെടുക്കും.