കൊച്ചി: റാപ് ഗായകന്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരേ വീണ്ടും ലൈംഗികാതിക്രമ പരാതികള്‍. വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്നു വെളിപ്പെടുത്തി രണ്ടു യുവതികള്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയെന്നു സൂചന. ഇരുവരും മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടിയിരുന്നു. 2020 ലാണു സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021 ലാണു രണ്ടാമത്തെ പരാതി.
ദളിത് സംഗീതത്തില്‍ ഗവേഷണം നടത്താനായി വേടനെ ഫോണില്‍ വിളിച്ച യുവതിയെ കൊച്ചിയിലേക്കു വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണു ആദ്യ പരാതി. തന്റെ സംഗീത പരിപാടികളില്‍ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടന്‍ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നു രണ്ടാമത്തെ യുവതിയുടെ പരാതി. തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗക്കേസില്‍ വേടന്‍ ഇപ്പോള്‍ ഒളിവിലാണ്.
2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവഡോക്ടറുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ചു ബലാത്സംഗം ചെയ്‌തെന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസാണു കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിരുദ മലയാളം ഭാഷാ സാഹിത്യ കോഴ്‌സിന്റെ സിലബസില്‍ വേടന്റെ മലയാളം റാപ്പ് ഗാനമായ ഭൂമി ഞാന്‍ വാഴുന്ന ഇടം ഉള്‍പ്പെടുത്തിയിട്ടുള്ളത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ആ പ്രതിഷേധങ്ങളോട് 'ഇന്നത്തെ സംസ്‌കാരം പ്രധാനമായും രൂപപ്പെടുന്നത് ഡിജിറ്റല്‍ മാധ്യമങ്ങളാണെന്നും ഈ മാറ്റങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്നും കാലിക്കറ്റ് സര്‍വകലാശാലയിലെ മലയാളം, കേരള പഠന വിഭാഗം മേധാവി എം.ബി. മനോജ് വ്യക്തിമാക്കിയിരുന്നു.