നടി ശ്രീദേവിയുടെ 62-ാം പിറന്നാളിന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച് ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍. ശ്രീദേവിയുടെ 27-ാം പിറന്നാളിന് എടുത്ത ഒരു പഴയകാല ചിത്രവും ബോണി കപൂര്‍ പങ്കുവെച്ചിട്ടുണ്ട്.
'' 1990-ല്‍ ചെന്നൈയില്‍ വെച്ച് നടന്ന അവളുടെ പിറന്നാള്‍ ആഘോഷത്തില്‍ ഞാന്‍ അവള്‍ക്ക് 26-ാം പിറന്നാള്‍ ആശംസിച്ചു. അന്ന് അവളുടെ 27-ാമത്തെ ജന്മദിനം ആയിരുന്നു. കൂടുതല്‍ ചെറുപ്പമായി എന്ന് അവളെ തോന്നിപ്പിക്കാന്‍ വേണ്ടിയാണ് അത് ചെയ്തത്. ദിവസം ചെല്ലുന്തോറും അവള്‍ ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഞാന്‍ അവളെ കളിയാക്കുകയാണെന്നാണ് അവള്‍ കരുതിയത്'' , ചിത്രത്തിനൊപ്പം ബോണി കപൂര്‍ കുറിച്ചു.
ശ്രീദേവിയുടെ ഒരു മനോഹര ചിത്രം പങ്കുവെച്ച് മറ്റൊരു പോസ്റ്റില്‍ ബോണി കപൂര്‍ എഴുതി, '' അതെ ഇന്ന് നിന്റെ 62-ാം പിറന്നാള്‍ അല്ല. നിനക്ക് 26 വയസ്സ്ആണ് ഇപ്പോഴും. ജന്മദിനാശംസകള്‍. നിന്റെ എല്ലാ സന്തോഷകരമായ ജന്മദിനങ്ങളും ഞങ്ങള്‍ ഇപ്പോഴും ആസ്വദിക്കുന്നു'' .
1996 ജൂണിലാണ് ബോണി കപൂര്‍- ശ്രീദേവി വിവാഹം നടക്കുന്നത്. 2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരിക്കുന്നത്. ദുബായില്‍ ഒരു കുടുംബച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവി ഹോട്ടലിലെ ബാത്ത്റൂമില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഇരുവരുടെയും രണ്ട് പെണ്‍മക്കളായ ജാന്‍വിയും ഖുഷിയും ഇപ്പോള്‍ ബോളിവുഡിന്റെ ഭാഗമാണ്. 2018ല്‍ ധടക് എന്ന ചിത്രത്തിലൂടെ ജാന്‍വി അഭിനയരംഗത്തേക്ക് പ്രവേശിച്ചപ്പോള്‍ 2023ല്‍ ദി ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെയാണ് ഖുഷി ബോളിവുഡിലേക്ക് കാലെടുത്തുവെച്ചത്.