Wednesday, March 18, 2026 Last Updated 26 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 05.55 PM

‘പാപ്പന്‍സ് സ്റ്റൈൽ അലേർട്ട്...’; 2 നിറങ്ങൾ സമന്വയിപ്പിച്ച കുർത്തയിലും മുണ്ടിലുമുള്ള സിഗ്നേച്ചര്‍ ലുക്ക് പങ്കിട്ട് ജയസൂര്യ; സരിതയുടെ ഡിസൈന്‍ ഇത്തവണയും മാ​സ്സ് എന്ന് കമന്റുകള്‍

uploads/news/2026/03/830893/Untitled-3.jpg
Shaji Pappan's signature look trending (Image Source: Instagram)

മിഥുൻ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ‘ആട് 3 പാർട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്’ നായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തുന്ന ആട് 3 യിലെ ഷാജി പാപ്പനെയും ഗ്യാങിനെയും ഏറ്റെടുക്കാൻ പ്രേക്ഷകർ തയ്യാറായിക്കഴിഞ്ഞു. പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയുള്ള കഥാസഞ്ചാരവും മൂന്നാം ഭാഗത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തിലെ ആദ്യ ഗാനമായ 'സുൽത്താൻ' ഇതിനോടകം തന്നെ വലിയ തരംഗമായി മാറി. പ്രശസ്ത തെന്നിന്ത്യൻ താരം വേദികയുടെ മനോഹരമായ നൃത്തച്ചുവടുകളുമായി എത്തിയ ഈ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ് ‘ഷാജി പാപ്പന്‍’ എന്ന ഐതിഹാസിക കഥാപാത്രത്തിന് ഔട്ട്ഫിറ്റ് ഡിസൈന്‍ തയ്യാറാക്കി ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ആട് രണ്ടാം ഭാഗത്തിൽ ഷാജി പാപ്പൻ അണിഞ്ഞ ഇരുനിറത്തിലുള്ള മുണ്ട് കേരളക്കരയിലാകെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. കറുപ്പും ചുവപ്പും കലർന്ന ആ മുണ്ട് പാപ്പന്റെ ‘മാസ്’ ഇമേജിനെ അടിപൊളിയാക്കി. ഓരോ തവണയും ഷാജി പാപ്പൻ സ്ക്രീനിൽ എത്തുമ്പോൾ ഒരു ട്രെൻഡ് സെറ്റർ ആയി മാറുന്നത് പതിവാണ്.
ഇപ്പോഴിതാ സിനിമയുടെ റിലീസിനു ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഷാജി പാപ്പന്റെ സിഗ്നേച്ചര്‍ ഔട്ട്ഫിറ്റിനെക്കുറിച്ച് പങ്കിടുകയാണ് ജയസൂര്യ. ആദ്യ സിനിമയിലൂടെ തന്നെ ഷാജി പാപ്പന്റെ ഡ്രെസ്സിങ് സ്റ്റൈൽ എന്നും ശ്രദ്ധിക്കപ്പെട്ടുണ്ട്. സരിത ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റാണ് ഷാജി പാപ്പനെ എന്നും വ്യത്യസ്തനാക്കിയിട്ടുള്ളത്. ‘‘പാപ്പന്‍സ് സ്റ്റൈൽ അലേർട്ട്... ഷാജി പാപ്പന്റെ സിഗ്നേച്ചർ വസ്ത്രത്തിൽ ‘ആട് 3’ കാണാൻ തയ്യാറാകൂ. തീർന്നുപോകുന്നതിനു മുമ്പ് ഈ ലുക്ക് ഒന്ന് കണ്ടു നോക്കൂ... പരിമിതമായ സ്റ്റോക്കുകൾ ലഭ്യമാണ്...’’എന്നാണ് ജയസൂര്യ പങ്കിട്ടിരിക്കുന്നത്. പുത്തൻ ലുക്കിലെ ഷാജി പാപ്പനെയാണ് ജയസൂര്യയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. രണ്ട് നിറങ്ങൾ സമന്വയിപ്പിച്ച പ്രത്യേകതരം കുർത്തയിലും മുണ്ടിലുമാണ് ‘ആട് 3’ യില്‍ ഷാജി പാപ്പന്‍ എത്തുന്നത്. പാപ്പന്റെ തനത് സ്റ്റൈലിനൊപ്പം ഒരു ‘ട്രെൻഡ് സ്റ്റാർ’ ഇമേജ് കൂടി ഇത്തവണ സരിത ജയസൂര്യ നല്‍കുന്നുണ്ട്.
അടിതൊട്ട് മുടി വരെ സ്റ്റൈലിഷാകുന്ന ഷാജി പാപ്പന്റെ ഔട്ട്ഫിറ്റിനെക്കുറിച്ചുള്ള കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്. ‘പാപ്പാൻ ഇപ്രാവശ്യം കപ്പ് കൊണ്ടേ പോകൂ, പൂരം കൊടിയേറി മക്കളെ, ഷാജിയേട്ടാ...കട്ട വെയിറ്റിംഗ്...’ എന്നതടക്കമാണ് കമന്റുകള്‍.

ജയസൂര്യയുടെ കരിയറിലെ മികച്ച പല വേഷങ്ങൾക്കും പിന്നിൽ സരിതയെന്ന ഡിസൈനറിന്റെ ടച്ചുണ്ടായിരുന്നു. ‘പ്രേതം’ സിനിമയിലെ ജോൺ ഡോൺ ബോസ്കോയുടെ മോഡേൺ വസ്ത്രങ്ങളായാലും, ‘ഞാൻ മേരിക്കുട്ടി’യിലെ മേരിക്കുട്ടിയുടെ സാരികളിലും സരിതയുടെ കൈമുദ്ര പതിഞ്ഞതാണ്. മേരിക്കുട്ടിയുടെ വേഷവിധാനം കഥാപാത്രത്തിന് നൽകിയ അന്തസ്സും ലളിതമായ മനോഹാരിതയും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. സരിതയുടെ ഡിസൈനർ സ്റ്റുഡിയോയുടെ പരസ്യത്തിനായി മേരിക്കുട്ടിയുടെ വേഷത്തിൽ ജയസൂര്യ എത്തിയത് അക്കാലത്ത് വലിയ ചർച്ചയായി മാറിയിരുന്നു.
അതേ സമയം ‘ആട് 3’യുടെ ആഗോള റിലീസ് മാര്‍ച്ച്‌ 19ന് ആണെന്നിരിക്കെ ഗംഭീര അഡ്വാൻസ് ബുക്കിങ്ങുമായി ‘ആട്’ മുന്നേറുകയാണ്. കേരളത്തിലും കേരളത്തിന് പുറത്തും അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ വമ്പൻ ഓപ്പണിങ് നേടാനൊരുങ്ങുന്ന ആട് 3 യുടെ പ്രീസെയില്‍സ് ഓരോ മണിക്കൂറിലും കുതിക്കുകയാണ്. ബുക്ക് മൈ ഷോയില്‍ ട്രെൻഡിങ് ആയി നില്‍ക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ കോടികളുടെ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചു കഴിഞ്ഞു.
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. ജയസൂര്യയ്ക്കൊപ്പം വിനായകൻ, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ എല്ലാ കഥാപാത്രങ്ങളും മൂന്നാം ഭാഗത്തിലും വെള്ളിത്തിരയിലെത്തുന്നു. 2026 മാർച്ച്‌ 19ന് ഈദ് റിലീസ് ആയി ചിത്രം ആഗോള തലത്തില്‍ പ്രദർശനത്തിന് എത്തും. മലയാള സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.

Ads by Google
Wednesday 18 Mar 2026 05.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google