Sunday, March 22, 2026 Last Updated 16 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 12 Aug 2025 11.13 AM

വിഭജനഭീതി ദിനാചരണം സംഘര്‍ഷഭീതിയില്‍ ! ഗവര്‍ണറുടെ നിര്‍ദേശത്തില്‍ കരുതലോടെ സര്‍ക്കാര്‍ ; നിരീക്ഷിക്കാന്‍ എസ്എഫ്‌ഐയും ജീവനക്കാരുടെ സംഘടനയും

uploads/news/2025/08/795763/governor-arlekar.jpg

തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തലേന്ന് സര്‍വകലാശാലകളില്‍ 'വിഭജനഭീതിദിനം' ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നിര്‍ദേശത്തെ കരുതലോടെ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍. ദിനാചരണത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ആര്‍.എസ്.എസ്. അജന്‍ഡ നടപ്പാക്കുന്നില്ലെന്നും സംഘപരിവാര്‍ ചിഹ്‌നങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കും.

ഇന്ത്യാ-പാകിസ്താന്‍ വിഭജനത്തിന്റെ ഓര്‍മയ്ക്കായി 14-ന് 'വിഭജനഭീതിദിനം' ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തതിന്റെ ചുവടുപിടിച്ചാണു ഗവര്‍ണറുടെ നീക്കം. ഇന്ത്യാവിഭജനത്തിന്റെ ഭീകരത ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ദിനാചരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2021 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ദിനാചരണം നടത്തുന്നുണ്ട്. കേരളത്തില്‍ ആദ്യമായാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇത്തരമൊരു ദിനാചരണം നടത്താനുള്ള നിര്‍ദേശമുയരുന്നത്.

കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ ഗവര്‍ണര്‍ക്ക് കേന്ദ്രനയത്തിന്റെ ഭാഗമായി താന്‍ ചാന്‍സലറായ സര്‍വകലാശാലകള്‍ക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ അധികാരമുണ്ട്. അതിനാല്‍ പരസ്യമായി എതിര്‍ക്കാന്‍ സംസ്ഥാനസര്‍ക്കാരിനും കഴിയില്ല. എന്നാല്‍, പരിപാടികളില്‍ ആര്‍.എസ്.എസ്. അജന്‍ഡ നടപ്പാകുന്നുണ്ടോയെന്ന് ഇടതനുകൂല സര്‍വകലാശാലാ ജീവനക്കാരുടെ സംഘടനയും എസ്.എഫ്.ഐയും സസൂക്ഷ്മം നിരീക്ഷിക്കും. ഇത് ഭാരതമാതാ ചിത്രവിവാദത്തിനു സമാനമായി സംഘര്‍ഷത്തിനിടയാക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ഓഗസ്റ്റ് 14-ന് വിഭജനഭീതി ദിനാചരണത്തിന്റെ ഭാഗമായി സെമിനാര്‍, നാടകം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കു ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിര്‍ദേശം. ഗവര്‍ണറുടെ നീക്കത്തെ സര്‍ക്കാര്‍ എതിര്‍ക്കണമെന്നതാണു പ്രതിപക്ഷനിലപാട്.

രാജ്യത്തിന്റെ സ്വാതന്ത്യലബ്ധിക്ക് 78 വയസാകുമ്പോള്‍ മറ്റൊരു ദിനാചരണം കൂടി വേണമെന്ന ആശയം സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടര്‍ന്നപ്പോള്‍ അണയ്ക്കാന്‍ ശ്രമിച്ച മഹാത്മാഗാന്ധിയെ ഉള്‍പ്പെടെ അപഹസിച്ചവരാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംഘപരിവാറിന്റെ വിഭജനരാഷ്ട്രീയ അജന്‍ഡയ്ക്ക് അനുസൃതമായുള്ള രാജ്ഭവന്റെ നിലപാട് ഭരണഘടനാവിരുദ്ധമാണ്. വിഭജനഭീതിദിനാചരണത്തിനു വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ സര്‍ക്കുലര്‍ അയച്ചതു പ്രതിഷേധാര്‍ഹമാണ്. അത്തരം അജന്‍ഡ നടപ്പാക്കാനുള്ള വേദിയായി സര്‍വകലാശാലകളെ വിട്ടുകൊടുക്കാനാവില്ല.

സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓര്‍മദിനമാചരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രത്തിന്റെ കൂടി ഫലമാണ് ഇന്ത്യാവിഭജനവും വിഭജനാനന്തരകലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാര്‍ മറന്നുപോവുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Ads by Google
Tuesday 12 Aug 2025 11.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google