Sunday, March 22, 2026 Last Updated 8 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 07 Aug 2025 12.21 PM

മൂന്ന് സ്ത്രീകളുടെ തിരോധാനം ; സ്വത്തിനും പണത്തിനും വേണ്ടി കൊലപ്പെടുത്തിയിരിക്കാമെന്ന് സംശയിച്ച് പോലീസ് ; റോസമ്മയെ ചോദ്യം ചെയ്യും

uploads/news/2025/08/795018/rosamma.jpg

ചേര്‍ത്തല: സെബാസ്റ്റിയനെ സംശയിക്കുന്ന മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ സ്വത്തിനും സ്വര്‍ണ്ണത്തിനും വേണ്ടി സ്ത്രീകളെ കൊലപ്പെടുത്തിയിരിക്കാമെന്ന് സംശയിച്ച് പോലീസ്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ തേടുന്ന പോലീസ് സെബാസ്റ്റിയന്റെ പശ്ചാത്തല ചരിത്രം തെരയുന്നു. സെബാസ്റ്റ്യന്‍ ക്രിമിനല്‍ മനസ്സുള്ളയാളാണെന്നും മുമ്പ് ഒരു സ്വത്ത് തര്‍ക്കകേസില്‍ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ചരിത്രം ഇയാള്‍ക്കുണ്ടെന്നും പോലീസ് കണ്ടെത്തിയിരിക്കുകയാണ്.

സംഭവത്തില്‍ ഭക്ഷണം കഴിച്ച് വീട്ടിലെ മൂന്ന് പേര്‍ അവശനിലയില്‍ ആശുപത്രിയിലായിരുന്നു. ഈ സംഭവത്തില്‍ വീട്ടുകാര്‍ പരാതി നല്‍കാതിരുന്നതിനാല്‍ കേസ് എടുത്തില്ല. സെബാസ്റ്റിയന്റെ ഒരു ബന്ധു ഇക്കാര്യം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുടുംബ ഓഹരി വീതം വെച്ചതുമായി ബന്ധപ്പെട്ട് സെബാസ്റ്റിയന്റെ കുടുംബവും പിതൃസഹോദരന്റെ കുടുംബവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായും വിവരമുണ്ട്. പത്താം ക്ലാസ് വരെ പഠിച്ച സെബാസ്റ്റ്യന്‍ അതിനു ശേഷം സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്തു. പിന്നീട് ടാക്‌സി ഡ്രൈവറായി. അതിനും ശേഷമാണ് റീയല്‍ എസ്‌റ്റേറ്റ് ബിസിനസിലേക്ക് തിരിഞ്ഞത്.

പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ അമ്പതാംവയസ്സിലായിരുന്നു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞശേഷം ഏറ്റുമാനൂരിലെ ഭാര്യവീട്ടിലായിരുന്നു താമസം. ഇടയ്ക്ക് മാത്രം പള്ളിപ്പുറത്തെ വീട്ടിലെത്തും. കഴിഞ്ഞദിവസം സെബാസ്റ്റിയന്റെ സൃഹൃത്ത് ചേര്‍ത്തല ശാസ്താംകവല സ്വദേശി റോസമ്മയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിന്റെ ഷെഡ്ഡിലും പരിശോധന നടത്തിയിരുന്നു. റോസമ്മയെ വിശദമായി ചോദ്യചെയ്യാനുള്ള നീക്കവും നടത്തുന്നുണ്ട്. റോസമ്മയുടെ മൊഴികളില്‍ അസ്വാഭാവികതയുണ്ടെന്നാണു പോലീസിന്റെ വിലയിരുത്തല്‍. ഇവര്‍ നടത്തിയിരുന്ന കോഴിഫാമിനെ ചുറ്റിപ്പറ്റിയും ദുരുഹത. സെബാസ്റ്റിയനുമായും കാണാതായ ഐഷയുമായും ഇവര്‍ക്കുണ്ടായിരുന്ന അടുപ്പമാണു സംശയത്തിനു കാരണം. നഗരസഭ ഏഴാം വാര്‍ഡ് ഉടുമ്പനാട് റോസമ്മ (70) വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കോഴി ഫാം തുടങ്ങിയത്. എന്നാല്‍, ഒരു വര്‍ഷം മാത്രം നടത്തിയ ശേഷം നിര്‍ത്തിയതാണു സംശയത്തിനു കാരണം. ഏറെ പണം മുടക്കി സിമന്റില്‍ അടിത്തറയിട്ട് സൈഡ് മറച്ച് മേല്‍ക്കൂരയും പണിതാണ് മൂന്നു ഷെഡുകള്‍ ഒരുക്കിയിട്ടുള്ളത്. ലൈസന്‍സ് ഇല്ലാത്തതിനാലാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്നാണ് റോസമ്മ പറയുന്നത്.

സെബാസ്റ്റിയന്റെ കൃത്യങ്ങള്‍ കേട്ടപ്പോള്‍ ഉദ്യോഗസ്ഥരുരുടെ മുന്നില്‍ ഞെട്ടലും അമ്പരപ്പുമാണ് റോസമ്മ പ്രകടിപ്പിച്ചത്. താനുമായി സൗഹൃദം ഉണ്ടായിരുന്നുവെങ്കിലും ഇയാള്‍ ഇത്തരക്കാരനായിരുന്നെന്ന് അറിയില്ലായിരുന്നെന്നും വിവാഹാലോചനയുമായി സെബാസ്റ്റിയന്‍ വന്നെങ്കിലും താന്‍ ഒഴിഞ്ഞുമാറിയതായി റോസമ്മ പറഞ്ഞു. സെബാസ്റ്റിയന്‍ സ്ഥലം വില്‍പ്പനയുമായി ബന്ധപെട്ടാണ് തന്നെ സമീപിച്ചത്.

ഇയാള്‍ തന്റെ അനുമതിയില്ലാതെ ഭൂമി കാടുവെട്ടി തെളിച്ചു. വസ്തു വില്‍ക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയാണിതെന്നാണ് പറഞ്ഞത്. ഈ ഘട്ടത്തിലാണ് ഐഷയുമായി അടുപ്പത്തിലായത്. പിന്നീട് ഐഷയെ കാണാതായെങ്കിലും ഇവരുടെ ഫോണില്‍ നിന്ന് പലപ്പോഴും കോള്‍ വന്നിരുന്നതായും റോസമ്മ പറഞ്ഞു. തനിക്ക് ഇതേക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. അന്വേഷണ സംഘം റോസമ്മയില്‍ നിന്ന് വിശദമായി മൊഴിയെടുക്കുമെന്നാണ് സൂചന. സെബാസ്റ്റിയന്റെ വീട്ടുവളപ്പില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയലും രണ്ടു ചെരിപ്പുകളും കണ്ടെത്തിയിരുന്നു.

Ads by Google
Thursday 07 Aug 2025 12.21 PM
YOU MAY BE INTERESTED
Ads by Google
Ads by Google