Sunday, March 22, 2026 Last Updated 7 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 07 Aug 2025 10.10 AM

വംശീയാക്രമണത്തിന് ഇരയായി ആറുവയസ്സുകാരിയും ; അയര്‍ലണ്ടില്‍ ഇന്ത്യാക്കാര്‍ക്ക് നേരെ അതിക്രമം കൂടുന്നു

uploads/news/2025/08/795001/ireland.jpg

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ അതിക്രമം പെരുകുന്നു. ആറു വയസ്സുള്ള ഇന്ത്യാക്കാരിക്ക് നേരെ നടന്നതാണ് ഇതിലെ ഏറ്റവും പുതിയ സംഭവം. ജൂലൈ മൂന്ന് പ്രാവശ്യവും ആഗസ്റ്റില്‍ ഇത് രണ്ടാം തവണയുമാണ് ഇന്ത്യാക്കാര്‍ക്ക് നേരെ അയര്‍ലണ്ടുകാര്‍ അക്രമം അഴിച്ചുവിട്ടത്. വാര്‍ട്ടര്‍ഫോഡില്‍ മലയാളി വംശജയായ ആറു വയസ്സുകാരിക്ക് നേരെ വംശീയാക്രമണം ഉണ്ടായത്. 12, 14 വയസ്സിനിടയില്‍ പ്രായക്കാരായ അഞ്ചു ആണ്‍കുട്ടികള്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇന്ത്യാക്കാര്‍ വൃത്തികെട്ടവരാണെന്നും നിങ്ങള്‍ നിങ്ങളുടെ രാജ്യത്തേക്ക് പോകാനും ആവശ്യപ്പെട്ട് കുട്ടിക്ക് നേരെ അതിക്രമം നടത്തുകയും ചെയ്തു.

ഓഗസ്റ്റ് നാലിന് വൈകിട്ട് നടന്ന സംഭവത്തില്‍ അക്രമികള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഇടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തതായും ആരോപണമുണ്ട്. ആറുവയസ്സുകാരി മറ്റു കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് സമീപത്ത് നിന്നും ഇളയകുട്ടിക്ക് പാല്‍ കൊടുക്കാനായി അകത്തേക്ക് പോയപ്പോഴാണ് അക്രമമുണ്ടായത്. മാതാവ് ഇളയ കുട്ടിക്ക് പാല്‍ കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി വരികയും ചോദിച്ചപ്പോള്‍ കരയുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ കൂട്ടുകാരിയോട് ചോദിച്ചപ്പോഴാണ് ആണ്‍കുട്ടികളില്‍ നിന്ന് നേരിട്ട അധിക്ഷേപത്തെക്കുറിച്ച് പറയുന്നത്.

സൈക്കിളില്‍ എത്തിയ മുതിര്‍ന്ന കുട്ടികള്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇടിക്കുകയാണ് ആദ്യം ചെയ്തതെന്നും തുടര്‍ന്ന് അശ്ലീല വാക്ക് ഉപയോഗിച്ച കുട്ടികള്‍ ഇന്ത്യക്കാര്‍ വൃത്തികെട്ടവരാണെന്ന് പറയുകയും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനും പറഞ്ഞു. കഴുത്തില്‍ ഇടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം മകള്‍ ആകെ തകര്‍ന്നുവെന്നും പുറത്തുപോയി കളിക്കാന്‍ ഇപ്പോള്‍ ഭയമാണെന്നും അമ്മ പറയുന്നു. സ്വന്തം വീട്ടില്‍ പോലും തങ്ങള്‍ സുരക്ഷിതരല്ലെന്നും മാതാവ് അനുപ പറഞ്ഞു. ആ സംഭവത്തിന് ശേഷം ആ കുട്ടികള്‍ വീടിന് സമീപം തന്നെയുണ്ട്. ഏകദേശം പന്ത്രണ്ടും പതിനാലും വയസ് മാത്രമാണ് അവര്‍ക്ക്. താന്‍ അവളുടെ മാതാവാണെന്ന് അവര്‍ക്ക് അറിയാം. തന്നെ നോക്കി അവര്‍ കളിയാക്കി ചിരിക്കുകയാണെന്നും അമ്മ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. കൗണ്‍സിലിംഗ് നല്‍കുകയാണ് വേണ്ടത്. വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ ആവശ്യമാണ്. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്നുള്ള പ്രതീക്ഷയില്ല. ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെ പിടിച്ചു നില്‍ക്കുന്നതെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കുന്നു.

അടുത്തിടെ അയര്‍ലന്റ് പൗരത്വം കിട്ടിയയാളാണ് കുട്ടിയുടെ പിതാവ്. മാതാവ് കോട്ടയം സ്വദേശിനിയാണ്. കോട്ടയത്ത് സ്‌കൂളില്‍ പഠിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നഴ്‌സിംഗ് ബിരുദവും എടുത്തയാളാണ് പെണ്‍കുട്ടിയുടെ മാതാവ്. തങ്ങള്‍ പൗരത്വം മാറ്റിയിട്ടും ഇവിടെ തങ്ങളെ വൃത്തികെട്ടവരായിട്ടാണ് പരിഗണിക്കുന്നതെന്നും ഇവിടെ എന്റെ കുട്ടികള്‍ സുരക്ഷിതരല്ലെന്നും മാതാവ് പറഞ്ഞു. അയര്‍ലന്റിലെ ജോലിക്കാരുടെ കുറവ് നികത്താനായിട്ടാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നും 100 ശതമാനം പ്രൊഫഷണലായി ഇവിടുത്തെ ജനങ്ങളുടെ സംരക്ഷണയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം ഒരു കാര്യം ഒരിക്കലും നടക്കില്ലെന്നും മക്കള്‍ ഇവിടെ സുരക്ഷിതരാണെന്നുമാണ് വിചാരിച്ചിരുന്നത്. എന്നാല്‍ സ്വന്തം വീടിന് മുന്നില്‍ പോലും സുരക്ഷിതമായി കുട്ടികള്‍ക്ക് കളിക്കാനാകാത്ത സ്ഥിതിയാണ് ഉള്ളതെന്നും പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഡബ്‌ളിനിലെ ഒരു ഹോട്ടലിലെ പാചകക്കാരനായ കൊല്‍ക്കത്ത സ്വദേശി ലക്ഷ്മണ്‍ ദാസിന് നേരെ ആക്രമണം നടന്നിരുന്നു. അദ്ദേഹം ജോലിക്ക് പോകുമ്പോള്‍ ഹില്‍ട്ടണ്‍ ഹോട്ടലിന് മുന്നില്‍വെച്ച് മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇയാളെ സെന്റ് വിന്‍സന്റ് യൂണിവേഴ്‌സിറ്റി ആശുപത്രയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇയാളുടെ ഫോണും പണവും ഇലക്ട്രിക് ബൈക്കും മോഷണം പോയി. കഴിഞ്ഞയാഴ്ച അയര്‍ലന്റില്‍ ജൂലൈ 19,24,27 ദിവസങ്ങളില്‍ ഇന്ത്യാക്കാര്‍ക്ക് നേരെ വിവിധ ആക്രമണം ഉണ്ടായി. കഴിഞ്ഞയാഴ്ച ഒരു ക്യാബ് ഡ്രൈവറും ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നു. ഈ ആക്രമണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആരേയും പിടികൂടാന്‍ ഗാര്‍ഡകള്‍ക്ക് കഴിഞ്ഞിട്ടില്ല.

Ads by Google
Thursday 07 Aug 2025 10.10 AM
YOU MAY BE INTERESTED
Ads by Google
Ads by Google