Sunday, March 22, 2026 Last Updated 5 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 06 Aug 2025 11.27 AM

സെബാസ്റ്റ്യന്‍ രണ്ടു വര്‍ഷത്തിനിടെ തന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചത് ഒന്നരക്കോടി രൂപ ; പണം എവിടെ നിന്നും വന്നെന്നോ എങ്ങോട്ട് പോയെന്നോ അറിയില്ല...!

uploads/news/2025/08/794851/sebastian.jpg

ചേര്‍ത്തല: ദുരൂഹസാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യല്‍ തുടരുന്ന സെബാസ്റ്റിയന്‍ രണ്ടു വര്‍ഷത്തിനിടയില്‍ തന്റെ രണ്ട് സഹകരണബാങ്കുകളിലെ രണ്ട് അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ചത് 1.25 കോടിയും 40 ലക്ഷം രൂപയും. ഈ പണത്തിന്റെ ഉറവിടം എന്താണെന്നും എന്തിനുവേണ്ടിയാണ് പിന്‍വലിച്ചത് തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. രണ്ടു സഹകരണ ബാങ്കുകളിലായിട്ടാണ് ഈ തുക കിടന്നിരുന്നത്. വസ്തുവില്‍പ്പന ബ്രോക്കറായ സെബാസ്റ്റിയന്‍ ബിന്ദു പത്മനാഭന്‍, ഐഷ എന്നിവരെ പരിചയപ്പെട്ടത് വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യത്തിലായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

കാണാതായ സ്ത്രീകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ സെബാസ്റ്റിയനില്‍ നിന്നും ഒരു മൊഴിയും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടില്ല. അന്വേഷണത്തെ വഴി തെറ്റിക്കുന്ന മൊഴികളാണ് ഇയാള്‍ നല്‍കുന്നതെന്ന കാരണത്താല്‍ അന്വേഷണ ഉദ്യോഗസ്ഥരും പ്രതിസന്ധിയിലാണ്. ഇതോടെയാണ് ശാസ്ത്രീയവും സാഹചര്യവുമായ തെളിവുകളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. കാണാതായ സ്ത്രീകളില്‍ നിന്നും സെബാസ്റ്റ്യന്‍ എത്ര രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന അന്വേഷണത്തിലാണ് സെബാസ്റ്റിയന്റെ സാമ്പത്തീക ഇടപാടുകള്‍ പരിശോധിക്കുന്നത്.

ഇടപ്പള്ളിയിലുള്ള ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനുമായി പരിചയപ്പെടുന്നത്. ഈ വസ്തു തന്റെ പേരില്‍ വ്യാജ മുക്ത്യാര്‍ തയ്യാറാക്കി 1.3 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയതായി കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ പേരിലുള്ള മറ്റു വസ്തുക്കഹ വിറ്റ വകയിലും സെബാസ്റ്റിയന് പണം ലഭിച്ചിട്ടുണ്ട്. ഐഷയെ കാണാനാകുമ്പോള്‍ സ്വര്‍ണ്ണാഭരണങ്ങളും ഭൂമി വാങ്ങാന്‍ മാറ്റിവെച്ച പണവും കൈവശം ഉണ്ടായിരുന്നതായിട്ടും വിവരമുണ്ട്. തന്റെ കയ്യില്‍ 150 പവന്‍ സ്വര്‍ണ്ണമുണ്ടെന്നാണ് സെബാസ്റ്റിയന്‍ പലരോടും പറഞ്ഞിട്ടുള്ളത്.

ജെയ്‌നമ്മയുടെ തിരോധനവുമായി ബന്ധപ്പെട്ട കേസില്‍ സെബാസ്റ്റിയന്റെ സുഹൃത്തും സ്ഥലക്കച്ചവടക്കാരനുമായ കഞ്ഞിക്കുഴി എസ്എല്‍ പുരം സ്വദേശിയെ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു കരാറുകാരന് 45 ലക്ഷം രുപ നല്‍കിയതായി കണ്ടെത്തുകയും ഈ പണത്തിന്റെ സ്രോതസ് എന്താണെന്ന് അറിയാനുമാണ് ഇയാളെ ചോദ്യം ചെയ്തത്. ഈ പണം നല്‍കിയത് സെബാസ്റ്റിയന്‍ ആണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ചോദ്യം ചെയ്യല്‍.

സ്ഥിരം ബ്രോക്കറിംഗ് ജോലിയുമായി നീങ്ങുന്നതിനാല്‍ സെബാസ്റ്റ്യന്‍ വീട്ടില്‍ വന്നിരുന്നത് ദിവസങ്ങള്‍ കൂടുമ്പോഴാണ്. സ്ഥിരമായി യാത്ര ചെയ്യുകയും ലോഡ്ജുകളില്‍ താമസിക്കുന്നതുമായിരുന്നു സെബാസ്റ്റ്യന്റെ രീതി. ഇയാളുടെ ജോലി പോലെ തന്നെയായിരുന്നു ജീവിതവും. പള്ളിപ്പുറത്ത്് രണ്ടരയേക്കര്‍ ഭൂമി ഉണ്ടായിരുന്നെങ്കിലും അവിടെ കൃഷി ചെയ്തിരുന്നില്ല. വീടും പുരയിടവുമെല്ലാം കാടു കയറിയ നിലയിലാണ്. വീട്ടിലെ കുളങ്ങളില്‍ മാംസം തിന്നുന്ന മീനുകളെ ഇയാള്‍ വളര്‍ത്തിയിരുന്നു എന്നും വിവരമുണ്ട്. ഈ കുളങ്ങളില്‍ പിരാനയും ആഫ്രിക്കന്‍ മുഷിയുമെല്ലാം ഉണ്ടായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ ഇയാള്‍ അമ്മാവന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നതെന്നും വിവരമുണ്ട്.

Ads by Google
Wednesday 06 Aug 2025 11.27 AM
YOU MAY BE INTERESTED
Ads by Google
Ads by Google