തിരുവനന്തപുരം : അടൂര്‍ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനിടയില്‍ പുഷ്പാവതി തടസ്സപ്പെടുത്തിയത് ശരിയല്ലെന്നും അത് ലോകം മാനിക്കുന്ന സിനിമാക്കാരനോട് കാട്ടിയ മര്യാദകേടാണെന്നും സിനിമാനിര്‍മ്മാതാവും സംവിധായകനും പാട്ടെഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. മാധ്യമങ്ങളാണ് വിഷയം വഷളാക്കിയതെന്നും ദളിതരെയും സ്ത്രീകളെയും അടൂര്‍ഗോപാലകൃഷ്ണന്‍ അപമാനിച്ചിട്ടില്ലെന്നും പറഞ്ഞു.
അടൂര്‍ സിനിമാ കോണ്‍ക്‌ളേവില്‍ നടത്തിയ വിവാദപ്രസംഗത്തെ ന്യായീകരിച്ച ശ്രീകുമാരന്‍തമ്പി പുഷ്പാവതിയെ വിമര്‍ശിക്കുകയും ചെയ്തു. അടൂര്‍ഗോപാലകൃഷ്ണന്‍ ദാദാഫാല്‍ക്കേ പുരസ്‌ക്കാരം നേടിയയാളാണെന്നു ലോകംമാനിക്കുന്ന സിനിമാക്കാരനാണെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയില്‍ കയറി തടസ്സപ്പെടുത്തിയത് ആരായാലും ശരിയായില്ലെന്നും പറഞ്ഞു. പ്രസംഗം തടസ്സപ്പെടുത്തിയത് മര്യാദകേടും അറിവില്ലായ്മയുമാണ്. പ്രസംഗം കഴിഞ്ഞിട്ട് എനിക്ക് എതിര്‍പ്പുണ്ടെന്ന് പറയുന്നത് ന്യായമാണ്. അടൂര്‍ പ്രസംഗിക്കുന്നതിനിടയില്‍ ഇടയ്ക്ക്കയറി പറയുന്നത് ആളാകാന്‍ വേണ്ടിയാണ്. പുഷ്പവതി ആരാണെന്ന് തനിക്ക് ഇപ്പോഴും അറിയില്ല. സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന സിനിമകളില്‍ പരിശീലനം നല്‍കണമെന്ന് പറഞ്ഞത് ശരിയാണെന്നും പറഞ്ഞത ന്യായമാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ ആണെന്ന് കരുതി അവര്‍ക്ക് സംഗീത പാരമ്പര്യം ഉണ്ടാകണമെന്നില്ല. താന്‍ ഇപ്പോഴും പുഷ്പവതിയെ അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു. ചാലയില്‍ തൊഴിലാളികള്‍ സെക്‌സ് സീനുകള്‍ക്ക് വേണ്ടി തീയേറ്ററില്‍ തിക്കിത്തിരക്കി വന്നു എന്ന് പറഞ്ഞത് ശരിയായ പ്രസ്താവനയാണെന്നും പറഞ്ഞു. ഹേമകമ്മറ്റി റിപ്പോര്‍ട്ട് കൊണ്ട് സിനിമയ്ക്ക് ഒരു ഗുണവും ഉണ്ടായില്ല. നേരത്തേ ആരോപണം നടത്തിയവര്‍ തന്നെ ആരോപണങ്ങള്‍ പിന്‍വലിച്ചു. ഭയം കൊണ്ടാണ് അവര്‍ പിന്‍വലിച്ചത്. ഇതുകൊണ്ടൊന്നും സിനിമാ വ്യവസായത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. കോടികള്‍ മുടക്കുന്ന വ്യവസായത്തില്‍ ഒരു നിയന്ത്രണങ്ങള്‍ക്കും സാധിക്കില്ല. പടം ഉണ്ടാക്കുന്നതും കാണുന്നതും ജനങ്ങളാണ് അതില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും പറഞ്ഞു.
സര്‍ക്കാര്‍ ഫണ്ട് നല്‍കി എടുത്ത ആ സിനിമകള്‍ കണ്ടാല്‍ ഒന്നരക്കോടി മുടക്കിയതാണെന്ന് തോന്നില്ലെന്നും പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍നിന്നു സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണ്,സ്ത്രീകളായതുകൊണ്ടുമാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കോണ്‍ക്‌ളേവില്‍ പറഞ്ഞിരുന്നു. അടൂരിന്റ പ്രസംഗത്തിനിടെ വേദിയില്‍നിന്നും പുഷ്പാവതി കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനിടെ അടൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തി.