തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ' ദി കേരള സ്റ്റോറി' സിനിമയ്ക്ക് അംഗീകാരം ലഭിച്ചത് അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കേരള സ്റ്റോറിയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നതാണെന്നും സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനുളള ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മലയാളത്തില്‍ നിന്നും ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായ ഉര്‍വശി, വിജയരാഘവന്‍, സംവിധായകന്‍ ക്രിസ്റ്റോ ടോമി എന്നിവരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തില്‍ നിന്നുള്ള പ്രതിഭകള്‍ക്ക് ലഭിച്ച അംഗീകാരത്തില്‍ അതിയായ സന്തോഷമുണ്ട്.
മികച്ച മലയാള സിനിമക്കുള്ള അവാര്‍ഡ് നേടിയ 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമിയെയും, മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ ഉര്‍വശിയേയും, മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ വിജയരാഘവനെയും ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ പ്രതിഭയും കഠിനാധ്വാനവും മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുന്നു.
എന്നാല്‍, ഈ നേട്ടങ്ങളുടെ തിളക്കം കെടുത്തുന്ന ഒരു കാര്യമുണ്ട്. 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്ന ഒന്നാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകള്‍ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേര്‍ന്നതല്ല.