Thursday, March 19, 2026 Last Updated 50 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Friday 01 Aug 2025 12.06 PM

' ഏപ്രില്‍, മേയ് മാസങ്ങളില്‍ തന്നെ സ്‌കൂള്‍ അവധിക്കാലം തുടരണം, പിന്നീടുളള മൂന്നു മാസം ഓണ്‍ലൈന്‍ ക്ലാസ്' ; അഭിപ്രായം പങ്കുവെച്ച് ഒമര്‍ ലുലു

omar lulu

സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം മാറ്റുന്നത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി തുടക്കമിട്ട ചര്‍ച്ചയില്‍ പങ്കാളിയായി സംവിധായകന്‍ ഒമര്‍ ലുലു. കടുത്ത ചൂടുളള ഏപ്രില്‍, മേയ് മാസങ്ങളില്‍ തന്നെ സ്‌കൂള്‍ അവധിക്കാലം തുടരണമെന്നാണ് ഒമര്‍ ലുലുവിന്റെ അഭിപ്രായം. കാലവര്‍ഷ കെടുതികള്‍ അനുഭവിക്കുന്ന ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഓണ്‍ലൈനായി ക്ലാസ് നടത്തണമെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു. ഓണ്‍ലൈന്‍ ക്ലാസിനു ശേഷം സ്‌കൂള്‍ തുറക്കുന്നത് അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുളള സൗഹദൃം പുതുക്കുന്നതിനും സ്‌കൂള്‍ തുറക്കുന്ന സമയത്തെ മടി മാറ്റുമെന്നും ഒമര്‍ ലുലു അഭിപ്രായപ്പെട്ടു.

'' ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്, എന്റെ അഭിപ്രായത്തില്‍ ചൂട് അതിന്റെ ഏറ്റവും ഉച്ചസ്ഥായില്‍ നില്‍ക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ തന്നെ സ്‌കൂള്‍ അവധിക്കാലം തുടരണം.കാലവര്‍ഷ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ജൂണ്‍,ജൂലൈ,ആഗസ്റ്റ് മാസങ്ങളില്‍ (ചിങ്ങം-1 വരെ എങ്കിലും) വീട്ടിലിരുന്ന് പഠിക്കുന്ന കോവിഡ് കാലത്ത് നമ്മള്‍ ശീലിച്ച ഓണ്‍ലൈന്‍ പഠനരീതിയാണ് കുട്ടികള്‍ക്ക് ഏറ്റവും നല്ലത്.സ്‌കൂള്‍ തുറന്ന് ആദ്യ 2-3 മാസങ്ങളിലെ ഓണ്‍ലൈന്‍ പഠനം,അത് കഴിഞ്ഞ് റെഗുലര്‍ ക്ള്ളാസ് തുടങ്ങി ഉടന്‍ തന്നെ ഓണ പരീക്ഷ വരുന്നത് കൊണ്ട് കുട്ടികളുടെ മാര്‍ക്ക് നോക്കി നമ്മുക്ക് ഓണ്‍ലൈന്‍ പഠനത്തിലെ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കാനും പറ്റും.അദ്ധ്യാപകരും കുട്ടികളും ഓണ്‍ലൈനില്‍ 2-3 മാസം പരസ്പരം കണ്ട് സൗഹൃദം പുതുക്കി വീണ്ടും റെഗുലര്‍ ക്ള്ളാസ് തുടങ്ങുമ്പോള്‍ സ്‌കൂള്‍ തുറക്കുന്ന സമയത്തെ ഒരു ഫ്രഷ്‌നെസ്സ് കിട്ടുകയും സ്‌കൂള്‍ തുറക്കുന്ന സമയത്തെ മടിയും ഉണ്ടാവില്ല'' - ഒമര്‍ ലുലുവിന്റെ വാക്കുകള്‍.

ഏപ്രില്‍, മേയ് മാസങ്ങളിലെ അവധി കനത്ത മഴയുളള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചുളള അഭിപ്രായങ്ങളാണ് മന്ത്രി വി. ശിവന്‍കുട്ടി തേടിയത്.

''കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് - ജൂണ്‍ എന്ന ആശയവും ഉയര്‍ന്നുവരുന്നുണ്ട്. ഈ വിഷയത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു.ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം?നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.സ്നേഹത്തോടെ വി ശിവന്‍കുട്ടി'' മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Ads by Google
Friday 01 Aug 2025 12.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google