Thursday, March 19, 2026 Last Updated 54 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 01 Aug 2025 08.59 AM

സംഗീതത്തിന്റെ രണ്ട് ഇതിഹാസങ്ങള്‍ ഒരു ഫ്രെയിമില്‍; ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസും സംഗീതമാന്ത്രികന്‍ എ.ആര്‍ റഹ്മാനും; കുട്ടിക്കാലത്തെ ഫേവറൈറ്റിനെ കണ്ടെന്ന് എആര്‍ആര്‍

ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ മാന്ത്രികനായ എ.ആര്‍. റഹ്‌മാന്‍ തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കിടാറുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസിനെ കണ്ട സന്തോഷം പങ്കിടുകയാണ് എ ആര്‍ റഹ്മാന്‍.
A.R. Rahman, K J Yesudas
A R Rahman meets K J Yesudas (Image Source: Instagram)

റോജ എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി മാറിയ എ ആര്‍ റഹ്മാന്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ സംഗീത മാന്ത്രികനാണ്. ഓസ്കാർ ജേതാവും ഇന്ത്യയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളുമായ റഹ്മാന്‍ തന്റെ സംഗീതയാത്രയെക്കുറിച്ച് പല തവണ മനസ്സ് തുറന്നിട്ടുണ്ട്. ആ യാത്രയില്‍ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരുപാട് പേരു​ണ്ടെന്നും താരം പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസ്.
ഇപ്പോഴിതാ തന്റെ കുട്ടിക്കാലം മുതലുള്ള ഫേവറൈറ്റ് യേശുദാസിനെ നേരിട്ട് കണ്ട സന്തോഷം പങ്കിടുകയാണ് എ ആര്‍ റഹ്മാന്‍. ഇതിഹാസ ഗായകൻ കെ ജെ യേശുദാസിനെ ഡാളസിലെ വീട്ടിൽ ചെന്നാണ് എ ആര്‍ റഹ്മാന്‍ സന്ദർശിച്ചത്. യേശുദാസിന്റെ ഗവേഷണ പ്രവർത്തനങ്ങളും കർണാടക സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് പോസ്റ്റില്‍ എ ആര്‍ റഹ്മാന്‍ കുറിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ യേശുദാസിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട്, ‘‘എന്റെ കുട്ടിക്കാലത്തെ ഫേവറൈറ്റ് യേശുദാസിനെ കണ്ടുമുട്ടി... അദ്ദേഹത്തിന്റെ ഗവേഷണ പ്രവർത്തനങ്ങളും ഇന്ത്യൻ ക്ലാസിക്കൽ (കർണാടക) സംഗീതത്തോടുള്ള സ്നേഹവും കണ്ട് അത്ഭുതപ്പെട്ടു...’’ എന്ന് മദ്രാസിന്റെ മൊസാർട്ട് എആര്‍ആര്‍ കുറിച്ചു. ഒപ്പം ഡല്ലാസ് എന്നും ടാഗ് ചെയ്തിട്ടുണ്ട് താരം.
താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേര്‍ ആശംസകളും സന്തോഷവും കമന്റുകളിലൂടെ കുറിച്ചിട്ടുണ്ട്. അമല പോള്‍, സയനോര ഫിലിപ്പ്, വിനയ് ഫോര്‍ട്ട് എന്നിവരടക്കം പലരും ഹാര്‍ട്ട് ഇമോജിയാണ് കമന്റില്‍ നല്‍കിയിരിക്കുന്നത്.

സന്ദർശന സമയത്ത് എ ആർ റഹ്മാനൊപ്പം നിരവധി ഗായകരും ഉണ്ടായിരുന്നു. എ ആർ റഹ്മാൻ നിലവിൽ ദി വണ്ടർമെന്റ് ടൂറിനായി വടക്കേ അമേരിക്കയിലാണ്. റഹ്‌മാന്റെ എക്കാലത്തെയും വലിയ വടക്കേ അമേരിക്കൻ പര്യടനമാണ് വണ്ടർമെന്റ് ടൂർ. അമേരിക്കയിലുടനീളമുള്ള 15 ലധികം നഗരങ്ങളിൽ എആര്‍ആര്‍ പരിപാടി അവതരിപ്പിക്കും. ആദ്യ കച്ചേരി ജൂലൈ 18 ന് വാൻകൂവറിൽ നടന്നു, ടൂറിന്റെ ഭാഗമായുള്ള അവസാന കച്ചേരി ഓഗസ്റ്റ് 18 ന് ബോസ്റ്റണിൽ നടക്കും.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒഡിയ, ബംഗാളി, തുളു എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലായി 50,000-ത്തിലധികം ഗാനങ്ങൾ പ്രശസ്ത ഗായകൻ കെ ജെ യേശുദാസ് ആലപിച്ചിട്ടുണ്ട്. എട്ട് തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാർഡ് നേടിയിട്ടുള്ള ഗാനഗന്ധർവൻ, ഒരു ദിവസം നാല് വ്യത്യസ്ത ഭാഷകളിലായി 16 പുതിയ ഗാനങ്ങൾ പാടി റെക്കോർഡ് ചെയ്തതിന്റെ ലോക റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്.

Ads by Google
Friday 01 Aug 2025 08.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google