സംവിധായകന്‍ പ്രേംകുമാറിനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ഇര്‍ഷാദ് അലി. 96, മെയ്യഴകന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് പ്രേംകുമാര്‍.
ഇര്‍ഷാദിന്റെ കുറിപ്പ്:
ശൈലനാണ് പറഞ്ഞത്, 'ആ സിനിമ നിര്‍ബന്ധമായും കാണണേ, നിങ്ങള്‍ക്ക് ഇഷ്ടപ്പെടും' .അന്നത് പറയുമ്പോള്‍ ശൈലന്‍ പോലും കരുതിക്കാണില്ല,അതിത്രത്തോളമെന്റെ ഹൃദയം തൊടുമെന്ന്!
സ്‌നേഹം ഉടല്‍രൂപം പ്രാപിച്ചതുപോലൊരു മനുഷ്യന്‍,അയാളുടെ സ്‌നേഹത്താല്‍ ജ്ഞാനസ്‌നാനപ്പെട്ട അരുള്‍മൊഴി!ഒരാള്‍ ഉപേക്ഷിച്ചു കളഞ്ഞതിനെ മറ്റൊരാള്‍ എത്ര ഭംഗിയായാണ് ചേര്‍ത്തുപിടിച്ചത്, ഓര്‍മകള്‍ ആണെങ്കിലും ആ പഴഞ്ചന്‍ സൈക്കിള്‍ ആണെങ്കിലും!എന്തൊരു കാഴ്ചയായിരുന്നു അത്!
സിനിമ തീര്‍ന്നിട്ടും തിയേറ്ററില്‍ നിന്ന് എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ കൂട്ടുകാര്‍ ചോദിച്ചു?'അല്ല, പോകണ്ടേ? ഏതു ലോകത്താണ്?' 'സിനിമ ഒന്നുകൂടി ഇടാന്‍ പറയാമോ? എനിക്കൊരിക്കല്‍ കൂടി കാണണം.'വേറെ ഏത് സിനിമയാണ് എന്നെകൊണ്ട് മുന്‍പിങ്ങനെ തോന്നിപ്പിച്ചത്? ഓര്‍മയില്ല...
ആ നിമിഷം മനസ്സിലോര്‍ത്തതാണ് എന്നെങ്കിലും ഈ മനുഷ്യനെ കാണുമ്പോള്‍ ഒന്ന് കെട്ടിപിടിക്കണമെന്ന്......ഹൃദയം തൊട്ടതിന്, മനസ്സു നിറച്ചതിന്,നന്ദി പറയണമെന്ന്....അങ്ങനെയൊന്നു സാധ്യമാവുമെന്ന് വിദൂരസ്വപ്നങ്ങളില്‍ പോലും കരുതിയതല്ല.
ഒടുവില്‍, ഇന്നലെ ഞാനെന്റെ 'മെയ്യഴകനെ' നേരില്‍ കണ്ടു...മിണ്ടി... സ്‌നേഹം അറിയിച്ചു...കാത്തുവച്ച ആലിംഗനം കൈമാറി...മണിക്കൂറുകളോളം മിണ്ടിയും പറഞ്ഞുമിരുന്നു....
കഥയിലേക്ക് വന്ന വഴികള്‍...കുടിയിറക്കപ്പെട്ട തന്റെ ബാല്യത്തിന്റെ ഓര്‍മകളില്‍ നിന്നും മെയ്യഴകന്റെ കഥാതന്തു കണ്ടെത്തിയത്....സിനിമയാക്കാനായി ഒരിക്കല്‍ ആ കഥയുമായി ചെന്നപ്പോള്‍ നിരസിക്കപ്പെട്ടത്...'ഈ കഥയില്‍ ഒരു ഗംഭീര സിനിമയുണ്ടെന്നും അതാ പ്രൊഡ്യൂസര്‍മാര്‍ക്ക് മനസ്സിലാകാത്തതാണെന്നും ഇത് നിങ്ങള്‍ തീര്‍ച്ചയായും സിനിമയാക്കണമെന്നും' പറഞ്ഞു പ്രോത്സാഹിപ്പിച്ച 'നമ്മുടെ മഹേഷ് നാരായണനെ' കുറിച്ച്....96ന്റെ രണ്ടാം ഭാഗമടക്കം വരാനിരിക്കുന്ന പുതിയ സിനിമകളെ കുറിച്ച്...അങ്ങനെയങ്ങനെ.....
സമയം കടന്നു പോവുന്നതിനെ കുറിച്ച് ആശങ്കകളില്ലാതെ അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു....സിനിമയില്‍ 'മെയ്യഴകന്‍' സംസാരിക്കുന്നതു പോലെ,
ഓര്‍മകളെ ഒരു പൊട്ടും പൊടിയും വിട്ടുപോവാതെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച്....'അത്താ' എന്നു വിളിച്ച് അരുള്‍മൊഴിയ്ക്ക് മുന്നില്‍ വാതില്‍ തുറക്കുന്ന മെയ്യഴകന്‍- ആ ക്ലൈമാക്‌സിന്റെ അത്ര തന്നെ മനോഹാരിതയുണ്ടായിരുന്നു എന്റെ ഈ കൂടിക്കാഴ്ചയ്ക്കും.
പ്രേം കുമാറിനെ തന്നെ കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തത് തിരക്കഥയ്ക്ക് അപ്പുറത്തേക്കുള്ള ജീവിതത്തിന്റെ ട്വിസ്റ്റുകളെ കുറിച്ചാണ്.ഈ കൂടിക്കാഴ്ച ഒരുക്കി തന്ന സുജിത് ഉണ്ണിയെ ഒന്നു ചേര്‍ത്തു പിടിക്കാതെ എങ്ങനെയാണ് ഈ കുറിപ്പ് അവസാനിപ്പിക്കുക!