ലോകേഷ് കനകരാജിന്റെ വരാനിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായ കൂലി. ചിത്രത്തിലെ ' മോണിക്ക' എന്ന ഗാനത്തിലെ സൗബിന്‍ ഷാഹിറിന്റെ ഡാന്‍സ് വലിയ ശ്രദ്ധ നേടി. ഇപ്പോഴിതാ മമ്മൂട്ടി നായകനായ ' ഭീഷ്മപര്‍വ'ത്തിലെ സൗബിന്‍ ഷാഹിറിന്റെ ഡാന്‍സ് കണ്ടാണ് ' മോണിക്ക' ഗാനത്തിനു ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് പറയുകയാണ് ലോകേഷ് കനകരാജ്. ' ഗലാട്ട തമിഴി' ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗബിനാണ് 'മോണിക്ക' ഗാനത്തിന്റെ ഭംഗി കൂട്ടിയത്. നായകനും നായികയും ഡാന്‍സ് ചെയ്യുന്നത് പുതിയ കാര്യമല്ല. പക്ഷേ വില്ലന്‍ ഡാന്‍സ് കളിക്കുക എന്നത് പുതിയ കാര്യമായിരുന്നു. 'ഭീഷ്മപര്‍വം' സിനിമ കാണുന്ന സമയത്ത് തോന്നിയതാണ്. ഇത്ര നന്നായി ഡാന്‍സ് ചെയ്യുന്നുണ്ടല്ലോ എന്തുകൊണ്ട് സൗബിനോട് ഡാന്‍സ് കളിക്കുമോ എന്ന് ചോദിച്ചുകൂടാ എന്ന്', ലോകേഷ് കനകരാജ് പറഞ്ഞു.
രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലിയിലെ ' മോണിക്ക' ഗാനം റിലീസ് ആയതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പൂജ ഹെഗ്‌ഡെയും സൗബിന്‍ ഷാഹിറുമാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സൗബിന്റെ ഡാന്‍സാണ് പാട്ടിന്റെ ഏറ്റവും വലിയ ആകര്‍ഷണം.