ഫഹദ് ഫാസില്‍, വടിവേലു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാരീസന്‍. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെ പറ്റി എഴുത്തുകാരനും തിരക്കഥാകൃത്തുമായ അനന്തപത്മനാഭന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
''പറച്ചിലിലെ അടുക്കാണ് ഏത് തരം കഥ പറച്ചിലിനെയും രസകരമാക്കുന്നത്. 'മാരീസന്‍' പിടിച്ചിരുത്തുന്നത് ഈ structural brilliance കൊണ്ടാണ്. ജയില്‍മോചിതനായ ഒരു മോഷ്ടാവ് വീണ്ടും ഒരു പാതിരാ ഭവനഭേദനത്തിന് ഒരുങ്ങവെ, തീര്‍ത്തും മാന്യനും നിര്‍മ്മമനും ശാന്തനുമായ അറുപതുകാരനെ ഒരു മുറിയില്‍ ചങ്ങലയ്ക്കിട്ട നിലയില്‍ കാണുന്നു. 'വരു കുമാര്‍, ഈ ചങ്ങല ഒന്ന് അഴിച്ചു തരൂ' എന്നയാള്‍ അപേക്ഷിക്കുന്നു.
സമനില തെറ്റിയ ഈ മനുഷ്യന്‍ ഒരു ലക്ഷാധിപതി ആണെന്നും തന്നെ അയാള്‍ മറ്റൊരാളായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത് എന്നും വന്ന കള്ളന്‍ ( ദയാല്‍) തിരിച്ചറിയുന്നതോടെ, അവര്‍ ഒരുമിച്ചൊരു യാത്ര തുടങ്ങുകയായി. കട്ടെടുത്ത ഒരു ബൈക്കില്‍. (ഒരു എം.എല്‍. എ യുടെ പ്രൈവറ്റ് സ്റ്റാഫിന്റെ വാഹനം എന്നറിയുന്നില്ല). 'തൊണ്ടിമുതലിലെ' കള്ളക്കുറുമ്പും, ' ഇന്ത്യന്‍ പ്രണയ കഥ'യിലെ ഊര്‍ജ്ജപ്രസരവും വീണ്ടും വിജയകരമായി ഫഹദ് ഫാസില്‍ സാക്ഷാത്കരിക്കുന്നു.
വടിവേലുവിന്റെ അഭിനയ ജീവിതത്തിലെ ഗ്രാഫ് പീക്ക് ആവും ' മാരീസന്‍'. ഇടയ്ക്ക് അയാള്‍ ' ഫോറസ്റ്റ് ഗംപി'ലെ ടോം ഹാങ്ക്‌സിനെ ഓര്‍മ്മിപ്പിച്ചു, ഇടയ്ക്ക് 'ബ്യൂട്ടിഫിള്‍ മൈന്‍ഡി' ലെ റസ്സല്‍ ക്രോവിനെ, പിന്നെ ചിലപ്പോ 'സൈലന്‍സ് ഒഫ് ലാമ്പ്‌സി 'ലെ ഹോപ്കിന്‍സിന്റെ പ്രവചനാതീതമായ പരിണാമങ്ങളെ. തമിഴകഗ്രാമങ്ങളുടെ ചാരുത, ഒരു സിംഫണി പോലെ മുറുകിയുയരുന്ന കഥയുടെ ആരോഹണം.. ശിവജിയുടെ ക്യാമറയും യുവന്‍ ശങ്കര്‍ രാജയുടെ ആത്മാവറിഞ്ഞ സംഗീതവും. മലയാളികളായ സംവിധായകന്‍ സുധീഷ് ശങ്കര്‍, സഹനിര്‍മ്മാതാക്കള്‍ e4എന്റര്‍ടെയ്ന്‍മെന്റ്, ചിത്രത്തിന്റെ രചയിതാവും ക്രിയേറ്റിവ് ഡയരക്ടറുമായ വി.ക്യഷ്ണമൂര്‍ത്തി- ഫാറ്റ്‌സ് ഓഫ് ! 'മാരീസന്‍' ഒരു ഉദ്വേഗയാത്രയാണ്. ഒരു പേശാമടന്ത കഥയുടെ അടരുകളിലൂടെയുള്ള, ദുരൂഹസുന്ദരയാത്ര''.