Thursday, March 19, 2026 Last Updated 10 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Jul 2025 01.22 PM

‘‘വി എസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ആരുണ്ട്? എന്തിന് ഒരു അര വി എസ്സിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ നിങ്ങള്‍ക്ക് പറ്റുമോ ?’’ മറുപടി പോസ്റ്റുമായി ജോയ്മാത്യൂ

uploads/news/2025/07/792755/Untitled-2.jpg
Joy Mathew about VS Achuthanandan (Image Source: Facebook)

അഭിനയം കൊണ്ടും സംവിധാന മികവു കൊണ്ടും മാത്രമല്ല നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ പറയുന്നതിലും മുന്‍പന്തിയിലാണ് അഭിനേതാവായ ജോയ് മാത്യൂ. ചിലപ്പോഴൊക്കെ തന്റെ നിലപാടുകള്‍ മുഖപുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നതു വഴി വലിയ സൈബര്‍ ആക്രമണങ്ങള്‍ വരെ താരം നേരിട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും വകവയ്ക്കാതെ വളരെ സജീവമായി തന്നെ തന്റെ നിലപാടുകള്‍ തുറന്നടിക്കാറുണ്ട്.
ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് ജോയ് മാത്യൂ പങ്കിട്ട പോസ്റ്റിനെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം. താന്‍ പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാല്‍ മുന്‍പത്തെ പോസ്റ്റ് ഫ്രീയായി പിന്‍വലിക്കാമെന്നാണ് താരം കുറിച്ചത്.
‘‘അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതിൽ മനം നൊന്തും അമർഷിച്ചും വെകിളിച്ചും നിലവിളിക്കുന്ന ഒരുപാട് പേരെക്കണ്ടു .
എന്നാൽ വി എസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ല... പ്രിയ വായനക്കാരാ നിങ്ങളുടെ മനസ്സിൽ വരുന്ന നേതാക്കളുടെ മുഖങ്ങളിൽ നിന്നും ‘ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരൻ’ എന്ന് പറയാവുന്ന ഒരാളെയെങ്കിലും - എന്തിനു ഒരു അര വി എസ്സിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കാവുമോ? അങ്ങിനെയെങ്കിൽ ഞാൻ എന്റെ മുൻ പോസ്റ്റ് ഫ്രീയായി പിൻവലിക്കുന്നതാണ്...’’ എന്നാണ് ജോയ് മാത്യൂ കുറിച്ചത്. ഇതിനു താഴെയും നെഗറ്റീവ് കമന്റുകളും പിന്തുണയും പലരും കുറിക്കുന്നുണ്ട്.

ഈ പോസ്റ്റും വൈറലായതോടെ പലരും യൂട്യൂബ് ചാനലുകളിലടക്കം ജോയ് മാത്യൂവിനെ നെഗറ്റീവ് കമന്റുകള്‍ ​കൊണ്ട് മൂടുന്നുണ്ട്. എന്നാലതിനും ഉരുളയ്ക്ക് ഉപ്പേരി പോലെ ജോയ് മാത്യൂ മറുപടി പോസ്റ്റുകള്‍ നല്‍കുന്നുണ്ട്. ‘‘എന്നോട് ക്ഷമിക്കണം...എനിക്ക് തെറ്റുപറ്റി. വി എസ് നു ശേഷമുള്ള ഒരേയൊരു കമ്മ്യൂണിസ്റ്റ് കാരനെ ഞാൻ കണ്ടു. (ഞാനേ കണ്ടുള്ളൂ) അയാളുടെ പേരാണ് സഖാവ്.റെജി ലൂക്കോസ്.
എല്ലിൻ കഷണം മോഹിച്ച് വാലാട്ടുകയും കുരക്കുകയും കടിക്കുകയും ചെയ്യുന്നവർക്ക് ഒരു ധാരണയുണ്ട്. മറ്റുള്ള എല്ലാവരും തന്നെപ്പോലെയാണെന്ന്. അങ്ങനെയുള്ളവർ ഒന്ന് ശ്രദ്ധിക്കണം; അത്തരത്തിൽ കിട്ടുന്നത് തൊണ്ടയിൽ കുടുങ്ങി ജീവൻ പോകാൻ ഇടയുണ്ട്. (നായ്ക്കളെ അപമാനിക്കാൻ പറഞ്ഞതല്ല.)...’’ എന്നാണ് അല്‍പ്പസമയത്തിനു മുമ്പ് ജോയ് മാത്യൂ സ്ക്രീന്‍ഷോട്ട് സഹിതം നല്‍കിയ മറുപടി.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ജനകീയനും വിപ്ലവസൂര്യനുമായിരുന്ന വി.എസ്. അച്യൂതാനന്ദന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് കഴിഞ്ഞ ദിവസം ജോയ് മാത്യൂ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ആ പോസ്റ്റില്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി.എസ്സിനെ വിശേഷിപ്പിച്ചതില്‍ പലരും നെഗറ്റീവ് കമന്റുകള്‍ കുറിച്ചിരുന്നു. ‘‘കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചു . പോരാട്ടങ്ങളുടെ -ചെറുത്ത് നില്പുകളുടെ -നീതിബോധത്തിന്റെ - ജനകീയതയുടെ ആൾരൂപം...അതായിരുന്നു വി എസ് ...ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത്
ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നു ...ജനനേതാവേ വിട...’’ എന്നാണ് വി.എസ് അച്യൂതാനന്ദനൊപ്പം വേദി പങ്കിടുന്ന ചിത്രം പങ്കിട്ട് ജോയ് മാത്യൂ കുറിച്ചത്.

Ads by Google
Thursday 24 Jul 2025 01.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google