Thursday, March 19, 2026 Last Updated 9 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Jul 2025 09.22 AM

അയാള്‍ അവസാനത്തെ കമ്യൂണിസ്റ്റല്ല, നമ്മള്‍ പഠിക്കേണ്ട ആദ്യ കമ്മ്യൂണിസ്റ്റ് പാഠപുസ്തകമാണ്; വിഎസിനെ അനുസ്മരിച്ച് ഹരീഷ് പേരടി

hareesh-peradi

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് നടൻ ഹരീഷ് പേരടി. അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റല്ലെന്നും നമ്മള്‍ പഠിക്കേണ്ട ആദ്യ കമ്യൂണിസ്റ്റ് പാഠപുസ്തകമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എങ്ങനെയാണ് സ്വയം നവീകരിക്കപ്പെടേണ്ടത് എന്ന് നമ്മളെ എപ്പോഴും ഓർമ്മപ്പെടുത്തുന്ന ഒരു സമയഗോപുരമാണ് വി എസ് എന്നും അങ്ങനെയാണയാൾ പാവപ്പെട്ട മനുഷ്യരുടെ കണ്ണായതെന്നും ഹരീഷ് പേരടി പറഞ്ഞു.

അതെ, അയാൾ ഒന്നിൻ്റെയും അവസാനത്തെ കണ്ണിയല്ല. മറിച്ച് തുടർന്നുകൊണ്ടിരിക്കുന്ന എല്ലാ ശീലങ്ങളെയും തച്ച് തകർത്ത് പുതിയതിനെ പ്രതിഷ്ഠിക്കാൻ എപ്പോഴും മുന്നിൽ നിൽക്കുന്ന തുടക്കത്തിൻ്റെ നേതാവായിരുന്നു. അതുകൊണ്ട് അയാൾ അവസാനത്തെ കമ്മ്യൂണിസ്റ്റല്ല …മറിച്ച് വർത്തമാനകാലത്തെ ജനകീയ സമരങ്ങളെ ഫാസിസ്റ്റ് മൂരാച്ചി മനോഭാവത്തോടെ തള്ളികളയാൻ തുടങ്ങുമ്പോൾ നമ്മൾ പഠിക്കേണ്ട ആദ്യ കമ്മ്യൂണിസ്റ്റ് പാഠപുസ്തകമാണ്. അയാൾ അവസാനത്തെ മനുഷ്യനല്ല..മറിച്ച് മനുഷ്യത്വം വിളമ്പാൻ ഇറങ്ങുന്നതിനുമുമ്പ് നമ്മുടെ കൈയ്യിലെ രക്തകറയുടെ മാലിന്യം കഴുകി കഴുകി കളയേണ്ട ശുദ്ധജലമാണ്. എങ്ങിനെയാണ് സ്വയം നവീകരിക്കപ്പെടേണ്ടത് എന്ന് നമ്മളെ എപ്പോഴും ഓർമ്മപ്പെടുത്തുന്ന ഒരു സമയ ഗോപുരമാണ്…അങ്ങനെയാണയാൾ പാവപ്പെട്ട മനുഷ്യരുടെ കണ്ണായത്…അവരുടെ കാഴ്ചപ്പാടുകളുടെ അകകാമ്പായ കരളായത്…ലാൽസലാം സഖാവേ', ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Ads by Google
Wednesday 23 Jul 2025 09.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google