ബോളിവുഡ് താരദമ്പതിമാരായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കും കിയാര അദ്വാനിക്കും കഴിഞ്ഞ ദിവസമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ആദ്യ കണ്‍മണിയെ വരവേറ്റ സന്തോഷം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.
ഇപ്പോള്‍ സിദ്ധാര്‍ത്ഥിന്റെ ഒരു പഴയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. അതില്‍ തന്റെ അമ്മ തങ്ങളുടെ കുടുംബത്തില്‍ ഒരു പെണ്‍കുട്ടിയെ ആഗ്രഹിച്ചിരുന്നതായി സിദ്ധാര്‍ത്ഥ് മല്‍ഹോത്ര വെളിപ്പെടുത്തി.
മിഷന്‍ മജ്‌നു എന്ന സിനിമയുടെ പ്രെമോഷനിടെ സാക്കിര്‍ ഖാനുമായി നടത്തിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഇക്കാര്യം പറയുന്നത്. അഭിമുഖത്തിനിടെ ഒരു പെണ്‍കുഞ്ഞിനെ വേണമെന്നാണ് തന്റെ അമ്മയുടെ വലിയ ആഗ്രഹമെന്ന് സക്കീര്‍ പറയുന്നുണ്ട്. തുടര്‍ന്നാണ് തന്റെ അമ്മയ്ക്കും പെണ്‍കുഞ്ഞിനെ വേണമെന്ന് തെന്നയാണ് ആഗ്രഹമെന്ന് നടന്‍ വെളിപ്പെടുത്തുന്നത്.
''എന്റെ അമ്മയ്ക്കും ഇതേ പരാതിയുണ്ട്. ഞങ്ങള്‍ രണ്ട് സഹോദരന്മാരും എന്റെ അച്ഛനുമാണ്, അമ്മ പറയുമായിരുന്നു, 'നിങ്ങളില്‍ ഒരാളെങ്കിലും വിവാഹം കഴിച്ച് മക്കളെ നേടൂ.' എന്റെ ജ്യേഷ്ഠന് ഒരു മകനുണ്ട്, അതിനാല്‍ ഞങ്ങളില്‍ ഒരാള്‍ക്കെങ്കിലും ഒരു മകളെ ലഭിക്കണമെന്ന് അമ്മയ്ക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു'' , സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ജിവിതത്തിലെ ഏറ്റവും വലിയ ' നിധി' യെ കാത്തിരിക്കുന്നുവെന്നറിയിച്ച് ആദ്യത്തെ കണ്‍മണി വരുന്നതിന്റെ സന്തോഷം താരദമ്പതിമാര്‍ പങ്കുെവച്ചത്.
2023 ഫെബ്രുവരി 7ന് ആയിരുന്നു സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കിയാരയുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത അവരുടെ വിവാഹം സോഷ്യല്‍മീഡിയയും ആരാധകരും ആഘോഷമാക്കിയിരുന്നു.