സിനിമ പ്രമോഷനുകള്‍ക്കും തിയറ്ററിലെ മറ്റു പൊതു ചടങ്ങുകള്‍ക്കും എത്തുന്ന താരങ്ങളെ വിടാതെ പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയ പേജുകളില്‍ മോശം ക്യാപ്ഷനോടെ പോസ്റ്റ് ചെയ്യുന്ന യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് നടന്‍ സാബു മോന്‍. തന്റെ വീഡിയോ പകര്‍ത്താനെത്തിയ ആളുകളുടെ ദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചാണ് സാബുമോന്‍ ഇവര്‍ക്ക് പണി കൊടുത്തത്. സാബുമോന്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിതോടെ ചിലര്‍ മുഖം പൊത്തി മാറുന്നതും ഓടി ഒളിക്കുന്നതും വീഡിയോയില്‍ കാണാം.
‘ഞങ്ങൾ സെലിബ്രിറ്റികൾ അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങളുടെ വീഡിയോ എടുക്കുന്നത്’ എന്നായിരുന്നു യൂട്യൂബർ സംഘത്തിലെ ഒരു സ്ത്രീ സാബുമോന്റെ വീഡിയോയ്ക്ക് മുഖം കൊടുക്കാതെ ചോദിച്ചത്. ‘നിങ്ങൾ പാപ്പരാസികൾ അല്ലേ, അപ്പോൾ നിങ്ങളുടെയും ദൃശ്യങ്ങൾ പകർത്താം’ എന്നായിരുന്നു സാബുമോന്റെ പ്രതികരണം. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ എന്നാണ് സാബുമോൻ വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കൈയ്യിലുള ഫോണുമായി എവിടെയും കേറും എന്തും ചോദിക്കും പറഞ്ഞതും പറയാത്തതും എല്ലാം ചേർത്ത് കൊടുക്കും.. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കും, അത് ഞങ്ങളുടെ സ്വാതന്ത്യം ആണെന്ന് പറയുന്ന പാരലൽ വേൾഡിലെ മാധ്യമ സിങ്കങ്ങൾ , ഫോൺ ഒരെണ്ണം അവരുടെ നേർക്ക് തിരിഞ്ഞപ്പോൾ മുഖം പൊത്തിയും മറച്ചും മുഖം മൂടിയണിഞ്ഞും ഇരുട്ട് വാക്കിലേക്ക് ഓടി തള്ളുന്നു . ( ഇത് കാരണം എനിക്ക് വരാൻ പോകുന്ന ആക്രമണങ്ങൾക്ക് പുല്ല് വില കൊടുത്ത് ഞാൻ പോസ്റ്റ് ചെയ്യുക ആണ് ) copyleft material, Anyone can use. സാബു കുറിച്ചു.
നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പിന്നാലെ സാബുമോനെ പിന്തുണച്ച് കമന്റുമായി എത്തിയത്. പലപ്പോഴും ഇത്തരം ഓൺലൈൻ കാമറ ടീം അതിരുവിടാറുണ്ടെന്നും ഇവർക്കൊരു പണി ആവശ്യമാണെന്നുമാണ് കമന്റുകൾ. 'ഇനി മുതൽ സാബുമോനെ ഷൂട്ട് ചെയ്യാൻ ഒരു പാപ്പരാസിയും വരില്ല', എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.