Thursday, March 19, 2026 Last Updated 13 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Jul 2025 01.51 PM

‘‘ഇടവേളയെടുത്തത് സിനിമ സംവിധാനം ചെയ്യാനായിരുന്നു; സുരേഷ്ഗോപിയെ വച്ചായിരുന്നു അത്; അതുപക്ഷേ വര്‍ക്കൗട്ടായില്ല...’’ ശങ്കര്‍

ഒരു കാലത്ത് മലയാള സിനിമയില്‍ തരംഗമായിരുന്ന അഭിനേതാവാണ് ശങ്കര്‍. ഇപ്പോഴിതാ താന്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തതിനെക്കുറിച്ച് പറയുകയാണ് ശങ്കര്‍.
Shankar
Shankar (Image Source: YouTube)

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് ശങ്കര്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ വില്ലനായപ്പോള്‍ പ്രേക്ഷകമനസ്സ് കീഴടക്കിയ നായകനായിരുന്നത് ശങ്കറാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച താരമായിരുന്നു ശങ്കര്‍. തുടരെത്തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് 200ലധികം ചിത്രങ്ങളിലഭിനയിച്ച ശങ്കറിന് പക്ഷേ ഇടയ്ക്കെവിടെയോ ചുവടു പിഴച്ചു.
സിനിമകള്‍ കുറഞ്ഞു, വിളികള്‍ കുറഞ്ഞു. പതിയെ വെള്ളിത്തിരയില്‍ നിന്ന് താരം അപ്രത്യക്ഷനായി എന്നു തന്നെ പറയാം. സിനിമാ ലോകത്ത് ഇപ്പോള്‍ സജീവമല്ലെങ്കില്‍ കൂടി ശങ്കറിനെ പക്ഷേ പ്രേക്ഷകര്‍ മറന്നിട്ടില്ല. ലൈംലൈറ്റില്‍ നിറഞ്ഞു നിന്നപ്പോഴും ശങ്കറിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ അധികമാർക്കും അറിയില്ല. ഭാര്യക്കൊപ്പം വിദേശത്താണ് താരമിപ്പോള്‍.
ഇപ്പോഴിതാ തന്റെ കരിയറില്‍ കാലിടറിയതിനെക്കുറിച്ചും വിദേശത്ത് സ്ഥിരതാമസമാക്കിയതിനെക്കുറിച്ചും മടങ്ങിവരവിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ശങ്കര്‍. തന്നെയാരും ഒതുക്കിയത​ല്ലെന്നും തുടരെ സിനിമകള്‍ ചെയ്തതാണ് കരിയറിനെ ബാധിച്ചതെന്നുമാണ് ശങ്കർ പറയുന്നത്.
‘‘ജേർണി ഇങ്ങനെയായിരിക്കുെമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ഭാര്യ ലണ്ടനിലാണ്. അവള്‍ക്ക് ഇങ്ങോട്ട് വരാൻ പറ്റില്ല. ഡാൻസ് സ്കൂള്‍ നടത്തുകയാണ് അവിടെ. 20-25 സ്കൂളുകള്‍ ഉണ്ട്. ഒരുപാട് സ്റ്റുഡന്റ്സ് ഉണ്ട്. അവള്‍ക്ക് പെട്ടെന്ന് വരാനാകില്ല. അങ്ങനെ ഞാൻ ഷിഫ്റ്റ് ചെയ്യുകയായിരുന്നു. സിനിമകള്‍ വന്നാല്‍ എനിക്ക് യാത്ര ചെയ്യാം. മലയാളത്തില്‍ കേരളോത്സവം 2009 എന്ന സിനിമ സംവിധാനം ചെയ്തു.
ആ സമയത്ത് നാട്ടില്‍ വന്ന് പോയിക്കൊണ്ടിരുന്നു. ഇടയ്ക്ക് അഭിനയിക്കും. ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. എന്റേത് ലൗ മാര്യേജ് ആണ്. പക്ഷെ പിന്നീട് അറേഞ്ച് മാര്യേജായി. ഇദ്ദേഹത്തിന് എങ്ങനെ റൊമാന്റിക് ഹീറോ എന്ന പേര് വന്നു, ലെെഫില്‍ റൊമാന്റിക്കേ അല്ലല്ലോയെന്ന് എന്റെ ഭാര്യ എപ്പോഴും പറയും....’’ ശങ്കര്‍ പറയുന്നു.
എന്നെ ഒതുക്കിയതാണെന്ന വാദവും സിനിമാ ലോകത്ത് വന്നിരുന്നു. തുടരെ സിനിമകള്‍ ചെയ്ത് പ്രേക്ഷകർക്ക് കണ്ട് മടുപ്പായി. ഒന്നിന് പിറകെ ഒന്നായി ഞാൻ സിനിമകള്‍ ചെയ്യുകയായിരുന്നു. എന്നെ ആരും ഒതുക്കിയതല്ല. 15 വര്‍ഷം കൊണ്ട് 200 സിനിമകള്‍ ചെയ്തു. പക്ഷേ അങ്ങനെ ചെയ്യരുത്. പ്രേക്ഷകര്‍ക്ക് മടുക്കുമല്ലോ ഒരേ ക്യാരക്ടര്‍ ഒരേ റൊമാന്‍സ് തന്നെ ചെയ്തു ചെയ്ത് എനിക്കും മടുത്തു തുടങ്ങി. അങ്ങനെ ഞാന്‍ ചിന്തിച്ചാണ് ഒരു ബ്രേക്ക് എടുത്തത്. മൂന്നാലു വര്‍ഷം ബ്രേക്ക് എടുത്ത് പിന്നെ വന്ന് രണ്ട് മൂന്നു സിനിമകള്‍ ചെയ്തു. പക്ഷേ അതൊന്നും അത്ര കണ്ട് വിജയിച്ചില്ല. ആ ഗ്യാപ്പിട്ടത് തെറ്റായിപ്പോയോ എന്ന് തോന്നിയിരുന്നു. പക്ഷേ അതാണ് സമയം. ജീവിതമെന്നൊന്ന് ഉണ്ടല്ലോ. എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കുന്നു, ഷൂട്ടിന് പോകുന്നു, തിരിച്ചെത്തുന്നു. രാത്രി കഴിഞ്ഞ് രാവിലെ എഴുന്നേറ്റ് വീണ്ടും ഷൂട്ടിന് പോകുന്നു. പടങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു. ശരിക്കു​മതൊരു മടുപ്പായിരുന്നു.
സത്യത്തില്‍ ഞാനന്ന് ബ്രേക്ക് എടുത്തത് ഒരു സിനിമ സംവിധാനം ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. അന്ന് സൂപ്പര്‍സ്റ്റാറായിരുന്ന സുരേഷ്ഗോപിയെ (ഇന്നും സൂപ്പര്‍സ്റ്റാര്‍ തന്നെ) വച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തു. ഊട്ടിയില്‍ വച്ചാണ് ഷൂട്ട് പ്ലാന്‍ ചെയ്തത്. പക്ഷേ ഷൂട്ടിന് ഒരാഴ്ച മുമ്പ് ദിവസം മുമ്പ് സിനിമയുടെ കഥ ഒന്നു കൂടി റിവൈസ് ചെയ്ത​പ്പോള്‍ ഒരുപാട് സീനുകള്‍ ഉണ്ടായിരുന്നു. അതങ്ങോട്ട് വര്‍ക്കൗട്ടായില്ല. പിന്നെ അടുത്ത ഒരു കഥ ആലോചിച്ചു. അതും പക്ഷേ അത്രകണ്ട് വര്‍ക്കൗട്ടായില്ല. അങ്ങനെയത് ഡ്രോപ്പ് ചെയ്തു. പിന്നെ വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ വന്നു. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നു. നിര്‍മ്മാണവും ഒക്കെയായി ഉണ്ടായിരുന്നു.
ഞാനെടുത്ത തീരുമാനം തെറ്റായിരുന്നു എന്നൊന്നും തോന്നുന്നില്ല. എനിക്കതില്‍ ഫീലിംഗ്സില്ല. അതിന് എന്റേതായ ഒരു കാരണവുമുണ്ട്. കാരണം തമിഴിലും മലയാളത്തിലും എന്റെ തുടക്കം സൂപ്പര്‍ഹിറ്റായി മാറിയ സിനിമകളിലൂടെയാണ്. ഒരു തലൈ രാഗവും മഞ്ഞില്‍ വിരിഞ്ഞ പൂക്കളും. രണ്ടും സെന്‍സേഷനല്‍ ഹിറ്റ്, റെക്കോര്‍ഡ് ബ്രേക്കിംഗ് ഹിറ്റ്, പാട്ടുകളും തരംഗം...അങ്ങനെയൊരു ഭാഗ്യം വന്നില്ലേ. ചില സംവിധായകരുടെ അടുത്ത് പോയെന്നല്ലാതെ ഒരുപാട് കഷ്ടപ്പാടുകളില്ലാതെ എനിക്കിത് രണ്ടും കിട്ടി. അതാണ് പറഞ്ഞത് ഭാഗ്യം എന്ന് ഒന്നുണ്ട്. ചില സമയങ്ങള്‍ നമുക്ക് ഫേവറബിള്‍ അല്ലായിരിക്കും. ഭാഗ്യത്തില്‍ ഒരുപാട് വിശ്വസിക്കുന്ന ആളാണ് ഞാന്‍...’’ ശങ്കര്‍ പറയുന്നു.
തന്റെ വീഴ്ചയ്ക്ക് കാരണമായി ശങ്കർ ആരെയും ഇതുവരെ കുറ്റപ്പെടുത്തിട്ടില്ല. ആ സമയത്തെ തന്റെ മാനേജറാണ് അവസരങ്ങള്‍ ഇല്ലാതാക്കിയതെന്ന വാദവും ശങ്കർ അംഗീകരിക്കുന്നില്ല. അഭിനയ രംഗത്ത് ശങ്കർ ഇപ്പോള്‍ സജീവമല്ലെങ്കിലും പ്രിയ താരത്തിന്റെ തിരിച്ചുവരവിന് പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്.

ഒരു കാലത്ത് മലയാളത്തിന്റെ ഹിറ്റ് ജോഡിയായിരുന്നു ശങ്കറും മേനകയും. റിയല്‍ ലൈഫിലും ഇവര്‍ പെയറാണോ എന്നു പോലും അന്നത്തെക്കാലത്ത് പ്രേക്ഷകര്‍ ചിന്തിച്ചിരുന്നു. അതിനെക്കുറിച്ചും ശങ്കര്‍ പറയുന്നുണ്ട്. ‘‘മേനകയ്ക്കൊപ്പം 30 സിനിമകള്‍ ചെയ്തിട്ടുണ്ട്. മേനക എന്റെ സുഹൃത്താണ്. സുരേഷ് കുമാറിനെയാണ് വിവാഹം ചെയ്തത്. ശങ്കർ മേനകയെയാണ് വിവാഹം ചെയ്യുകയെന്ന് അക്കാലത്ത് എല്ലാവരും സംസാരിച്ചിരുന്നു. പക്ഷെ അങ്ങനെയല്ലായിരുന്നു. എന്റെ ക്ലോസ് ഫ്രണ്ടായ സുരേഷ് കുമാർ സെറ്റില്‍ വരും. അവർക്കിടയില്‍ ഒരു അണ്ടർസ്റ്റാൻഡിംഗ് വന്നു. അവരുടെ കല്യാണം നടന്നു.
ഒരു തലെെ രാഗം എന്ന സിനിമയില്‍ രൂപ എന്റെ നായികയായി അഭിനയിച്ചു. ഏതോ പത്രത്തിന് വേണ്ടി ഫോട്ടോ എടുത്തു. കാതില്‍ എന്തോ പറയുന്നത് പോലെ ഫോട്ടോ വേണമെന്ന് പറഞ്ഞു. അടുത്ത ദിവസം ഞങ്ങള്‍ തമ്മില്‍ ബന്ധമെന്ന് ഗോസിപ്പ് വന്നു...’’ ശങ്കര്‍ പറയുന്നു.

ഒരിക്കല്‍ ഇതേക്കുറിച്ച്‌ പ്രൊഡക്ഷൻ മാനേജർ മണക്കാട് രമേശ് സംസാരിച്ചിരുന്നു. ‘‘ഇത്ര പാവത്താനാകാൻ പാടില്ല. അക്കാലത്ത് ഓരോരുത്തർക്കും ഓരോ ഗ്രൂപ്പായി. ഓരോരുത്തർക്കും ഓരോ കണ്‍ട്രോളറാണ്. ശങ്കർ ഒന്നിലും കൂടാതെ പോയി. അവസാനം ശങ്കർ കുറച്ച്‌ ഡൗണ്‍ ആയി. നടന് ചീത്ത സ്വഭാവങ്ങളൊന്നുമില്ല. എന്തുകൊണ്ടാണ് വീഴ്ച വന്നതെന്ന് ആർക്കും അറിയില്ല...’’അന്ന് മണക്കാട് രമേശ് പറഞ്ഞു.

Ads by Google
Saturday 05 Jul 2025 01.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google