ന്യൂഡല്‍ഹി: ശശിതരൂരിന്റെ തുടര്‍ച്ചയായുള്ള മോദി സ്തുതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് അമര്‍ഷം. എഐസിസി വര്‍ക്കിംഗ് കമ്മറ്റിയംഗമായ ശശിതരൂരിനോട് വിശദീകരണം തേടിയേക്കുമെന്ന് സൂചന. എന്‍ഡിഎ സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തരൂര്‍ നിരന്തരമുള്ള പുകഴ്ത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തില്‍ അനേകം ദേശീയനേതാക്കള്‍ ഹൈക്കമാന്റിനെ അമര്‍ഷം അറിയിച്ചിതായിട്ടാണ് വിവരം. ശശിതരൂരിനെ ഇങ്ങിനെ കയറൂരി വിടുന്നത് ശരിയല്ലെന്ന തരത്തിലുള്ള ചര്‍ച്ചകളും പാര്‍ട്ടിയിലുണ്ട്.
വരാനിരിക്കുന്ന ചില നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തിലൂം പ്രധാനമന്ത്രിയേയും എന്‍ഡിഎ സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന രീതിയിലായിരുന്നു തരൂരിന്റെ പ്രതികരണം. എന്നിട്ടും ശശി തരൂരിന്റെ പല അഭിപ്രായങ്ങളും അദ്ദേഹത്തിന്റെ വ്യക്തിപരമാണെന്ന് കണക്കാക്കി അവഗണിക്കാനായിരുന്നു എഐസിസി നേതൃത്വത്തിന്റെ ആദ്യ തീരുമാനം. എന്നാല്‍ പാര്‍ലമെന്റിന്റെ സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും എതിരേ പ്രതിപക്ഷം ഒട്ടേറെ വിഷയങ്ങള്‍ കൊണ്ടുവരാനിരിക്കെ തരൂരിന്റെ അഭിപ്രായങ്ങള്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
ബീഹാര്‍ തെരഞ്ഞെടുപ്പും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും ഉടന്‍ ആരംഭിക്കാനിരിക്കെ ശശിതരൂര്‍ നരേന്ദ്രമോദിയെ സ്തുതിച്ച് ലേഖനം വരെ എഴുതിയിരിക്കുകയാണ്. പാര്‍ട്ടിയിലെ പല നേതാക്കളും ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. പാര്‍ട്ടിക്കുളളില്‍ നിന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി പാര്‍ട്ടിവിട്ട നേതാക്കളുടെ ലൈനിലാണ് ശശി തരൂര്‍ നീങ്ങുന്നതെന്നും അതുകൊണ്ടു തന്നെ ഇത്തരം നീക്കങ്ങള്‍ മുളയിലേ നുള്ളണം എന്ന രീതിയില്‍ അഭിപ്രായമുള്ളവരും ഏറെയാണ്. നിലവില്‍ റഷ്യയിലേക്ക് പോയിരിക്കുന്ന തരൂര്‍ തിരിച്ചുവരുമ്പോള്‍ വിശദീകരണം തേടാനാണ് ഉദ്ദേശം. 27 ന് പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയോഗവും നടക്കുന്നുണ്ട്. ഇതില്‍ തരൂര്‍ മെമ്പറാണ്.
തരൂരിന്റെ മോദിസ്തുതി പാര്‍ട്ടിയുടെ അന്തസ്സിന് ചേര്‍ന്നതല്ലെന്ന നിലപാട് കേരളത്തിലെ നേതാക്കള്‍ക്കുമുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിനെതിരേ ഹൈക്കമാന്റ് നടപടിയെടുക്കട്ടെ എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. മോദിയെ സ്തുതിക്കുന്ന നിലപാട് സ്വീകരിക്കുന്ന തരൂരിനെ എങ്ങിനെ നിലമ്പൂര്‍ പ്രചരണത്തില്‍ കൊണ്ടുവരാനാകുമെന്ന് കെ. മുരളീധരന്‍ പരസ്യമായി ചോദിച്ചിരുന്നു. നേരത്തേ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പ്രചരണത്തിനായി കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളെയും ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ ആരും ഒരു മിസ്ഡ്‌കോള്‍ നല്‍കി പോലും ക്ഷണിച്ചില്ലെന്ന് ശശി തരൂര്‍ നേരത്തേ ആരോപിച്ചിരുന്നു.