Monday, March 23, 2026 Last Updated 2 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Jun 2025 02.02 PM

സിപിഎമ്മിലേക്ക് മാറിയവര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് ചുവപ്പടിക്കാന്‍ നോക്കി ; പാലക്കാട്ടെ കോട്ടായിയില്‍ സംഘര്‍ഷം

uploads/news/2025/06/786420/congrass.jpg

പാലക്കാട്: പാര്‍ട്ടി മാറിയ മുന്‍ കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി ഓഫീസ് ചുവപ്പ് നിറം അടിക്കാനൊരുങ്ങിയതിനെ തുടര്‍ന്ന് പാലക്കാട് കോട്ടായിയില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. കോണ്‍ഗ്രസില്‍ നിന്നും ഒരു വിഭാഗം മുന്‍ മണ്ഡലം പ്രസിഡന്റ് കെ. മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാലക്കാട് ജില്ലാഓഫീസില്‍ എത്തി സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ മുമ്പ് കോണ്‍ഗ്രസ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ചുവപ്പ് പെയ്ന്റ് അടിക്കാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

തുടര്‍ന്ന് പാര്‍ട്ടിവിട്ടവരും കോണ്‍ഗ്രസുകാരും തമ്മില്‍ ചേരിതിരിഞ്ഞ് പ്രതിഷേധിക്കുകയും കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. പോലീസ് ഓഫീസ് പൂട്ടിയിടാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ്. 70 വര്‍ഷമായി കോണ്‍ഗ്രസ് ഓഫീസായി പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് മുന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തി ചുവപ്പടിക്കാന്‍ നോക്കിയത്. അതേസമയം മൂന്ന് ദിവസം മുമ്പ് തന്റെ പേരില്‍ വാടക എഗ്രിമെന്റ് എഴുതിയ കെട്ടിടത്തിലാണ് തങ്ങള്‍ പ്രവേശിക്കാന്‍ എത്തിയതെന്നാണ് മോഹന്‍കുമാര്‍ അവകാശപ്പെടുന്നത്. തന്റെ പേരില്‍ വ്യക്തിപരമായി എഴുതിയ ഓഫീസില്‍ പ്രവേശിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അത് കോണ്‍ഗ്രസിന്റെ കെട്ടിടം അല്ലെന്നുമാണ് മോഹന്‍കുമാര്‍ പറഞ്ഞത്.

ഓഫീസ് പോലീസ് താഴിട്ടു പൂട്ടി. എന്നാല്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിയാനാകില്ലെന്നും പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പറയുന്നു. ഇന്ന് മോഹന്‍കുമാറും ചില പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാലക്കാട് സിപിഎം ഓഫീസില്‍ എത്തി സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. പാലക്കാട് ഡിസിസി വര്‍ഗ്ഗീയ കക്ഷികള്‍ക്കൊപ്പം ചേര്‍ന്നെന്നും ഗ്രൂപ്പിസം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും ആരോപിച്ചാണ് മോഹന്‍കുമാറും കൂട്ടരും സിപിഐഎമ്മിലേക്ക് ചേര്‍ന്നത്. കെട്ടിടവുമാി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം തീരുമാനം എടുക്കാനാണ് പോലീസ് നീക്കം. കെട്ടിടത്തിന്റെ ഒറിജിനല്‍ രേഖകള്‍ കൊണ്ടുവരാന്‍ ഒരു മണിക്കൂര്‍ സമയം പോലീസ് നല്‍കിയിരിക്കുകയാണ്.

അതേസമയം കെട്ടിടം 50 രൂപ മുതല്‍ വാടക കൊടുത്തുകൊണ്ടിരിക്കുകയാണെന്നും 50 വര്‍ഷത്തിന് മുകളിലായി തങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടമാണെന്നും കോണ്‍ഗ്രസ് പറയുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന രീതിയിലാണ് മോഹന്‍കുമാറിന് കെട്ടിടത്തിന്റെ കരാര്‍ നല്‍കിയതെന്നും അത് സിപിഎം പാര്‍ട്ടി ഓഫീസിനല്ലെന്നും കോണ്‍ഗ്രസ് പറയുന്നു. ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന കെട്ടിടം ഉടമയെ തെറ്റിദ്ധരിപ്പിച്ചാണ് മോഹന്‍കുമാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് കരാര്‍ ഉണ്ടാക്കിയതെന്നും ഉടമ തങ്ങളോട് പറഞ്ഞതായിട്ടാണ് കോണ്‍ഗ്രസ് പറയുന്നത്.

Ads by Google
Monday 16 Jun 2025 02.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google