കമൽ ഹാസന്റെയും മോഹൻലാലിന്റേയും അഭിനയത്തെ പുകഴ്ത്തി ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ ചന്ദ്രൻ. ഒരു നല്ല അഭിനേതാവ് കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ തങ്ങളുടെ പണി എളുപ്പമാകുമെന്നും കമൽ ഹാസന്റെയും മോഹൻലാലിന്റേയും കാര്യത്തിൽ അതാണ് സംഭവിക്കുന്നതെന്നും രവി കെ ചന്ദ്രൻ പറഞ്ഞു. ഇരുവരും കാമറയ്ക്ക് മുന്നിൽ നിൽക്കുന്ന സമയത്ത് ഗിമ്മിക്‌സിന്റെ ആവശ്യമില്ലെന്നും കണ്ണുകൾ കൊണ്ടാണ് അവർ അഭിനയിക്കുന്നതെന്നും ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ രവി കെ ചന്ദ്രൻ പറഞ്ഞു.
'നല്ലൊരു അഭിനേതാവ് കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ നമ്മുടെ പണി എളുപ്പമാകും. തഗ് ലൈഫിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. കമൽ സാർ കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ നമുക്ക് ഗിമ്മിക്സ് ഒന്ന് കാണിക്കേണ്ട ആവശ്യമില്ല. കണ്ണുകൾ കൊണ്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. മോഹൻലാലും അങ്ങനെ തന്നെയാണ്. ദൃശ്യത്തിൽ കാമറ അമിതമായി മൂവ് ചെയ്യുന്നത് നമുക്ക് കാണാനാകില്ല. അതിന്റെ ആവശ്യവുമില്ല അവിടെ. കാരണം മോഹൻലാലിന്റെ മുന്നിലേക്ക് കാമറ വെച്ച് കൊടുത്താൽ മതി, അദ്ദേഹം പെർഫോം ചെയ്തോളും', രവി കെ ചന്ദ്രൻ പറഞ്ഞു.
മണിരത്‌നം - കമൽ ഹാസൻ ചിത്രമായ തഗ് ലൈഫിലാണ് ഏറ്റവും ഒടുവിലായി രവി കെ ചന്ദ്രൻ വർക്ക് ചെയ്തത്. ഏഴാം അറിവ്, അഗ്നീപഥ്, ഗജിനി, മൈ നെയിം ഈസ് ഖാൻ തുടങ്ങി നിരവധി തമിഴ്, ഹിന്ദി, മലയാളം സിനിമകളിൽ പ്രവർത്തിച്ച ആളാണ് രവി കെ ചന്ദ്രൻ. യാൻ, ഭ്രമം തുടങ്ങി രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.