Tuesday, March 24, 2026 Last Updated 49 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 May 2025 01.24 PM

പ്ലാസ്റ്റിക് ഷീറ്റ് പറന്നുപോകാതിരിക്കാന്‍ വച്ചിരുന്ന ഇഷ്ടിക കാറ്റില്‍ തലയില്‍വീണ് പരുക്കേറ്റ യുവതി മരിച്ചു ; ശക്തമായ മഴയില്‍ 9 മരണം

uploads/news/2025/05/783972/death.jpg

പറവൂര്‍: ബസ് കാത്തുനില്‍ക്കുന്നതിനിടെ ശക്തമായ കാറ്റില്‍ കെട്ടിടത്തിനുമുകളില്‍നിന്ന് ഇഷ്ടിക തലയില്‍ വീണ് പരുക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കൊട്ടുവള്ളിക്കാട് സത്താര്‍ ഐലന്റ് കൈതത്തറ ശ്യാംമോന്റ ഭാര്യ ആര്യ(34) യാണു മരിച്ചത്. കഴിഞ്ഞ ദിവസം മുനമ്പം മാണി ബസാറില്‍ മകള്‍ക്കൊപ്പം വീട്ടിലേക്കു പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. സമീപകെട്ടിടത്തിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് പറന്നുപോകാതിരിക്കാന്‍ വച്ചിരുന്ന ഇഷ്ടികയാണ് ആര്യയുടെ തലയിലേക്കു പതിച്ചത്. മകള്‍ ശിവാത്മിക (6)യ്ക്ക് പരുക്കേറ്റിരുന്നു.

സ്വകാര്യസ്ഥാപനത്തിലായിരുന്നു ആര്യയ്ക്കു ജോലി. സ്‌കൂള്‍ അവധിയായതിനാല്‍ മകളെയും കൂടെ കൂട്ടിയായിരുന്നു ആര്യ പതിവായി ജോലിക്ക് പോയിരുന്നത്. ഇവിടെനിന്നു വീട്ടിലേക്കു പോകാന്‍ ബസ് കാത്തു നില്‍ക്കുമ്പോഴായിരുന്നു അപകടം. ഭര്‍ത്താവ് ശ്യാംമോന്‍ മത്സ്യ സംസ്‌കരണസ്ഥാപനത്തില്‍ ഡ്രൈവറാണ്. ആര്യയുടെ സംസ്‌കാരം നടത്തി.

കാല്‍വഴുതി തോട്ടില്‍വീണ് കാസര്‍ഗോഡ് കോട്ടിക്കുളം കരിപ്പൊടിയിലെ ഫാല്‍ക്കണ്‍ അസീസിന്റെയും അസ്മയുടെയും മകന്‍ സാദിഖ് (39) മരിച്ചു. ആലപ്പുഴ പുന്നപ്രയില്‍ പാടത്തു വലയിടാന്‍പോയ പുന്നപ്ര വടക്ക് എട്ടാം വാര്‍ഡ് കളത്തൂര്‍ വീട്ടില്‍ കെ.ജെ. ജയിംസി (67)നെ മരിച്ചനിലയില്‍ കണ്ടെത്തി. വിഴിഞ്ഞത്തിനു സമീപം കടലില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയായ പുല്ലുവിള പഴയതുറ പുരയിടത്തില്‍ ആന്റണി തദ്ദേവൂസ് (52) മരിച്ചു.

കണ്ണൂര്‍ പാനൂരിനു സമീപം പാട്യത്ത് മുതിയങ്ങ സ്വദേശി നളിനിയെ കഴിഞ്ഞ 29 മുതല്‍ കാണാതായി. ഒഴുക്കില്‍പ്പെട്ടതാണെന്നു സംശയിക്കുന്നു.
ഇന്നലെ മഴയ്ക്കു നേരിയ കുറവുണ്ടായെങ്കിലും ദുരിതത്തിനു ശമനമില്ല. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ രണ്ടായിരത്തില്‍ അധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറി. വെള്ളക്കെട്ടിനെത്തുടര്‍ന്ന് കണ്ണൂര്‍ പുഴാതി, താവക്കര എന്നിവിടങ്ങളില്‍നിന്നു ഡിങ്കി ബോട്ടില്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

കാറ്റിലും മഴയിലും വിവിധ ജില്ലകളിലായി 200-ല്‍ ഏറെ വീടുകള്‍ തകര്‍ന്നു. കണ്ണൂര്‍ രാമന്തളി പാലക്കോട് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. സുലൈമാന്‍, ഇബ്രാഹിം എന്നിവരുടെ വീടിനുമുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഒരു വീടിന്റെ അടുക്കളഭാഗം മണ്ണു മൂടിയ നിലയിലാണ്.
കാസര്‍ഗോഡ് ജില്ലയില്‍ ശക്തമായ മഴയില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി. മൂളിയാറില്‍ 18 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൊഗ്രാല്‍, തേജ്വസിനി, ഉപ്പള എന്നീ നദിയുടെ തീരങ്ങളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കി. മഞ്ചേശ്വരം താലൂക്കിലും വെള്ളക്കെട്ട് രൂക്ഷമാണ്.

വിഴിഞ്ഞത്തുനിന്നു മത്സ്യബന്ധനത്തിനു കടലില്‍ പോയ ഏഴു ബോട്ടുകള്‍ മടങ്ങിയെത്താന്‍ വൈകിയത് ആശങ്കയ്ക്കിടയാക്കി. പെരുമഴയില്‍ റോഡ്, റെയില്‍ ഗതാഗതം താറുമാറായി. വെള്ളക്കെട്ടിനെത്തുടര്‍ന്ന് തിരുവല്ല- അമ്പലപ്പുഴ സംസ്ഥാനപാതയില്‍ വന്‍ ഗതാഗതക്കുരുക്കിനു വഴിവച്ചു. നെടുമ്പ്രം അന്തിച്ചന്ത മുതല്‍ ആശുപത്രപ്പപടി വരെയുള്ള ഒരു കിലോമീറ്ററില്‍ രൂപപ്പെട്ട വെള്ളക്കെട്ടാണ് ഗതാഗത തടസത്തിന് ഇടയാക്കിയത്.

സംസ്ഥാനവ്യാപകമായി ട്രെയിനുകള്‍ പലതും വൈകിയോടുകയാണ്. മഞ്ചേശ്വരത്ത് ട്രാക്കില്‍ വെള്ളം കയറി മലബാറിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. ദേശീയപാതയില്‍ പലയിടത്തും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമുണ്ടായത് ദുരിതം ഇരട്ടിയാക്കി.

Ads by Google
Saturday 31 May 2025 01.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google