Tuesday, March 24, 2026 Last Updated 47 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 07.37 PM

കലിതുള്ളി കാലവർഷം ; സംസ്ഥാനത്ത് പരക്കെ നാശനഷ്‌ടം , ഇതുവരെ 27 മരണം; കെഎസ്ഇബിക്ക് 121 കോടി നഷ്ടം

uploads/news/2025/05/783872/kerala-weather--alert.gif
photo - facebook

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഏഴ് മരണം കൂടി. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയിൽ ഒരാഴ്‌ചക്കിടെ ആകെ മരണം 27 ആയി. ഇന്ന് മാത്രം മൂന്നുപേരെ കാണാതായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീഎട്ടു ജില്ലകളിൽ റെഡ് അലേർട്ടാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ 2000ലേറെ പേർ ക്യാമ്പുകളിലേക്ക് മാറി. 200ലേറെ വീടുകൾ തകർന്നു. റോഡ്, റെയിൽ ഗതാഗതം അലങ്കോലമായി. നിരവധി ട്രെയിനുകൾ വൈകിയോടുകയാണ്. ദേശീയപാതയിൽ പലയിടത്തും മണ്ണിടിച്ചിലും മഴവെള്ള പാച്ചിലുമുണ്ടായി.

പ്രളയ സാധ്യത മുന്നറിയിപ്പ്

പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചന്‍കോവില്‍ നദി, പമ്പ നദി; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കോട്ടയം ജില്ലയിലെ മീനച്ചില്‍ നദി, വയനാട് ജില്ലയിലെ കബനി നദി. കാസര്‍കോഡ് ജില്ലയിലെ മൊഗ്രാല്‍ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കാലവര്‍ഷക്കെടുതി വിവിധ ജില്ലകളില്‍

കോട്ടയം ജില്ലയില്‍ കൊല്ലാടിനു സമീപം മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി , പോളച്ചിറയിൽ അരുൺ സാം എന്നിവരാണ് മരിച്ചത്. കനത്ത വെള്ളക്കെട്ടിനെ തുടർന്ന് തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയിൽ വൻ ഗതാഗത കുരുക്ക്. നെടുമ്പ്രം അന്തി ചന്ത മുതൽ ആശുപത്രി പടി വരെയുള്ള ഒരു കിലോമീറ്റർ ദൂരത്ത് രൂപപ്പെട്ട വെള്ളക്കെട്ടാണ് ഗതാഗത തടസ്സത്തിന് ഇടയാക്കിയിരിക്കുന്നത്. ആലപ്പുഴ പുന്നപ്രയിൽ വെള്ളക്കെട്ടിൽ വീണ് കെ.കെ.ജെയിംസ് (52) മരിച്ചു.

പത്തനംതിട്ടയിലെ മഴക്കെടുതിയിൽ 197 വീടുകള്‍ ഭാഗികമായി തകര്‍ന്നു. രണ്ട് വീടുകൾ പൂർണ്ണമായി തകർന്നു. കോഴഞ്ചേരി അടൂർ താലൂക്കുകൾ ആണ് രണ്ടു വീടുകൾ പൂർണമായി തകർന്നത്. തിരുവല്ല 53, റാന്നി 37, അടൂര്‍ 32, കോഴഞ്ചേരി 31, കോന്നി 22, മല്ലപ്പള്ളി 22 എന്നിവിടങ്ങളിലാണ് ഭാഗികമായി വീടുകൾ തകർന്നത്. 2.52 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടര്‍ സ്ഥലത്ത് വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. 1676 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്.

തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞത്ത് ശക്തമായ തിരമാലയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കനത്ത മഴയിൽ നനയാതിരിക്കാൻ മുനമ്പത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം നിന്ന യുവതിയുടെ തലയിൽ കാറ്റിനെ തുടർന്ന് ഇഷ്ടിക വീണു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ യുവതി മരിച്ചു.

കാസർഗോഡ് ജില്ലയിൽ ശക്തമായ മഴയിൽ നിരവധിയിടങ്ങളിൽ വെള്ളം കയറി. മൂളിയാറിൽ 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൊഗ്രാൽ പുഴ, തേജ്വസിനി പുഴ, ഉപ്പള പുഴ തീരങ്ങളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി. മഞ്ചേശ്വരം താലൂക്കിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. കോട്ടിക്കുളം സ്വദേശി സാദിഖ് മഴയെ തുടർന്ന് നിറഞ്ഞ തോട്ടിൽ വീണ് മരിച്ചു. തോടിൻ്റെ കരയിലൂടെ നടക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.

കണ്ണൂർ രാമന്തളി പാലക്കോട് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. പാലക്കോട് സ്വദേശി സുലൈമാൻ, ഇബ്രാഹിം എന്നിവരുടെ വീടിനുമുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഒരു വീടിൻറെ അടുക്കള ഭാഗം മുഴുവനായും മണ്ണുമൂടി. താവക്കരയിൽ വെള്ളപ്പൊക്കഭീഷണി നേരിടുന്ന വീടുകളിൽ നിന്ന് ആളുകളെ അഗ്നിരക്ഷാസേന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Ads by Google
Friday 30 May 2025 07.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google