Tuesday, March 24, 2026 Last Updated 47 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 02.30 PM

വഴിയാധാരം ആയിട്ടില്ല അതിന്റെ തെളിവാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്ന് കെ. മുരളീധരന്‍

uploads/news/2025/05/783830/k-muraleedharan-close.gif

പാലക്കാട്: താന്‍ വഴിയാധാരം ആയിട്ടില്ലാത്തതിന്റെ തെളിവാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്നും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമൊക്കെയുള്ളപ്പോള്‍ എന്തിനാണ് പാവം ഡോക്ടര്‍മാരെ വലിച്ചിഴക്കുന്നത് എന്നാണ് ഉദ്ദേശിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഡോ. ജോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയായിട്ടായിരുന്നു മുരളീധരന്റെ പ്രതികരണം. ഒരു പാവം ഡോക്ടറുടെ വിലാപകാവ്യമായിട്ടേ താന്‍ പോസ്റ്റിനെ കാണുന്നുള്ളെന്നും പറഞ്ഞു.

ഞാന്‍ വഴിയാധാരം ആയിട്ടില്ലെന്നതിന്റെ തെളിവല്ലേ നിങ്ങളുടെ മുന്നില്‍നില്‍ക്കുന്നത്. വഴിയാധാരം ആയൊരാളുടെ അടുത്തേക്ക് നിങ്ങള്‍ പോകില്ലല്ലോ എന്നും പറഞ്ഞു. ഞാന്‍ ജയിച്ചിട്ടും തോറ്റിട്ടും ഉണ്ട്. ഡോക്ടര്‍മാരെ കരുക്കളാക്കരുത് എന്ന് മാത്രമെ പറഞ്ഞിട്ടുള്ളൂ. പറഞ്ഞത് പിന്‍വലിക്കില്ലെന്നും അതില്‍ തന്നെ താന്‍ ഉറച്ചു നില്‍ക്കുന്നതായും പറഞ്ഞു. അതൊരു പാവമാണെന്നും രംഗത്തുണ്ടെന്ന് കാണിക്കാന്‍ വേണ്ടി പറഞ്ഞതായിരിക്കുമെന്നും ജോ ജോസഫിന്റെ പ്രതികരണത്തെ പരിഹസിച്ചു.

പി വി അന്‍വറുമായി ബന്ധപ്പെട്ട വിവാദത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. ആരെയും ചെറുതാക്കി കാണരുത്. ഇന്ന് കാലത്ത് പോസിറ്റീവായ സിഗ്‌നലാണ് അന്‍വറില്‍ നിന്നും കിട്ടിയത്. പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ ഭിന്നിച്ചുനിന്നിട്ട് കാര്യമില്ലെന്നും അന്‍വര്‍ മുന്നണിക്കൊപ്പം വേണമെന്ന് ആഗ്രഹിക്കുന്നത് അതുകൊണ്ടാണെന്നും പറഞ്ഞു. അദ്ദേഹം പറ്റിയ ഒന്നു രണ്ട് തെറ്റുകള്‍ തിരുത്തി. സ്വതന്ത്രനായി നിന്നതുകൊണ്ട് കാര്യമില്ല. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കൂട്ടുമെന്ന് മുരളീധരന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം പൊതു സ്വതന്ത്രനായി ഡോ. ഷിനാസ് ബാബുവിനെ മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെ മുരളീധരന്‍ നടത്തിയ പരാമര്‍ശമായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'സിപിഐഎം അവസാനം ഒരു ഡോക്ടറില്‍ ചെന്നെത്തിയിട്ടുണ്ട്. തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കി. ഞങ്ങളുടെ ഡോക്ടര്‍മാരെ വഴിയാധാരമാക്കരുതെന്ന് മുഖ്യമന്ത്രിയോടും സിപിഐഎമ്മിനോടും അഭ്യര്‍ത്ഥിക്കാന്‍ ഐഎംഎ തയ്യാറാകണം' എന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം.

ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് തോല്‍വിയിലൂടെ കെ മുരളീധരന്‍ വഴിയാധാരമായത് ഏഴ് തവണയാണെന്നും രാഷ്ട്രീയമായോ സാമ്പത്തികമായോ പ്രൊഫഷണലിയോ താന്‍ വഴിയാധാരമായിട്ടില്ലെന്നുമായിരുന്നു ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്.

Ads by Google
Friday 30 May 2025 02.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google