Thursday, March 19, 2026 Last Updated 11 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 May 2025 03.59 PM

' അവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു, അത് ഉണ്ണിയുടെ കയ്യില്‍ നിന്ന് തന്നെ കിട്ടിയതില്‍ സന്തോഷം' ; ഉണ്ണിമുകുന്ദന്റെ മാനേജര്‍ക്കെതിരെ സംവിധായകന്‍

director, makes

ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ജയന്‍ വന്നേരി. ‘ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു.. അത് ഉണ്ണിയുടെ കയ്യില്‍ നിന്ന് തന്നെ കിട്ടിയതില്‍ സന്തോഷം’ എന്ന വാക്കുകളോടെ പങ്കുവച്ച സംവിധായകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാവുകയാണ്. നാല് വര്‍ഷം മുമ്പ് ഉണ്ണി മുകുന്ദന്‍ നായകനും രശ്മിക മന്ദാന നായികയുമായി തന്റെ തിരക്കഥയില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിന് പദ്ധതിയിട്ടിരുന്നു. അത് നടക്കാതെ പോയതിന് കാരണം വിപിന്‍ ആണ്. വിപിന്‍ ആ സിനിമയെ കുറിച്ച് ഉണ്ണിയോട് പറഞ്ഞതു പോലുമില്ല. ഉണ്ണിയോട് കഥ പറയാന്‍ വിപിന്റെ പുറകെ നടന്ന പലരും ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് ഉണ്ണി മുകുന്ദന്‍ ചെയ്തത്. സത്യമെന്തെന്ന് അറിയണമെങ്കില്‍ ഉണ്ണിയുടെ ഭാഗം കൂടി കേള്‍ക്കണം എന്നാണ് ജയന്‍ വന്നേരി പറയുന്നത്.

ജയന്‍ വന്നേരിയുടെ കുറിപ്പ്:

ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു.. അത് ഉണ്ണിയുടെ കയ്യില്‍ നിന്ന് തന്നെ കിട്ടിയതില്‍ സന്തോഷം. 2021ല്‍ എന്റെ സ്‌ക്രിപ്റ്റില്‍ ഉണ്ണിയെ നായകാനാക്കി ഒരു ബിഗ് ബഡ്ജറ്റ് പടം ചെയ്യാന്‍ ഒരു സംവിധായകന്‍ വന്നു. പ്രൊഡ്യൂസര്‍ കന്നഡ സിനിമകളൊക്കെ ചെയ്ത ഒരാളായിരുന്നു.. അവര്‍ക്ക് ഒറ്റ കണ്ടീഷന്‍ ഉള്ളത് heroine രസ്മിക മന്ദാന ആയിരിക്കണം. (അന്ന് പുഷ്പ 1 റിലീസ് ചെയ്തിട്ടില്ല). സൗത്തിലെ 4 ഭാഷയിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് പ്ലാന്‍.

പരിപാടി കുറച്ചു വലുതായത് കൊണ്ട് പ്രോജക്റ്റ് ബാദുഷയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. ഗോകുലം പാര്‍ക്കില്‍ പോയി ബാദുഷയോട് കഥ പറഞ്ഞു. കഥ പുള്ളിക്ക് ഇഷ്ടപ്പെട്ടു.. അദ്ദേഹം തിരക്കിലായത് കൊണ്ട് കൂടുതല്‍ ഒന്നും പറയാതെ പിരിഞ്ഞു. എന്നാല്‍ അന്ന് രാത്രി പുള്ളിടെ ഒരു friend, റിയാസ് വിളിച്ചു ബാദ്ക്ക കൂടെ ഉണ്ടെന്ന് പറഞ്ഞു പുള്ളിക്ക് ഫോണ്‍ കൊടുത്തു. എന്റെ കഥ ഗംഭീരമാണെന്നും ഉണ്ണിക്ക് പെര്‍ഫോം ചെയ്യാന്‍ ഒത്തിരി സാധ്യതകള്‍ ഉണ്ടെന്നും കൊമേഷ്യലി വലിയ വിജയമാകാന്‍ ചാന്‍സ് ഉണ്ടെന്നും പറഞ്ഞു.

ഉണ്ണി ദുബായില്‍ ആയിരുന്നത് കൊണ്ട് ബാദുഷ പറഞ്ഞത് പ്രകാരം ഉണ്ണീടെ മാനേജര്‍ വിപിനോട് കഥ പറഞ്ഞു.. കഥ കേട്ട് കൊള്ളാമെന്നു പറഞ്ഞ വിപിന്‍ ഇതിന് എത്ര ബഡ്ജറ്റ് ആകുമെന്ന് ചോദിച്ചു.. 12 cr ആണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു.. എന്തോ അത് അത്ര convincing ആകാത്ത പോലെ ശരി ഞാന്‍ ഉണ്ണിയോട് പറയാമെന്നു പറഞ്ഞു കൈ തന്ന് പിരിഞ്ഞു. പിന്നീട് ഒരു രണ്ടു മാസം ഒരു അപ്‌ഡേറ്റിന് വേണ്ടി വിപിന്റെയും ബാദുഷയുടേയും നമ്പറില്‍ പല തവണ വിളിച്ചു.. ആദ്യമൊക്കെ ഓരോ ഒഴിവ് കഴിവ് പറഞ്ഞ അവര്‍ പിന്നീട് കാള്‍ എടുക്കാതെയും മെസേജിന് റിപ്ലൈ ചെയ്യാതെയും ആയി.

ഒടുവില്‍ പ്രൊഡ്യൂസര്‍ കൈവിട്ട് പോകുമെന്ന അവസ്ഥയില്‍ മലയാളത്തിലെ മറ്റൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെ പ്രൊജക്റ്റ് ഏല്‍പ്പിച്ചു.. 24ന് ഞാന്‍ വിളിച്ചു അദ്ദേഹത്തോട് ആവശ്യം പറഞ്ഞു.. 26ന് വൈകുന്നേരം 6 മണിക്ക് ഞങ്ങള്‍ മാരിയറ്റ് ഹോട്ടലില്‍ ഉണ്ണിയെ മീറ്റ് ചെയ്തു. ഉണ്ണിയുടെ കൂടെ വിപിനും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അയാളുടെ മുഖം മാറി. ഞങ്ങളാണ് കഥ പറയാന്‍ വരുന്നതെന്ന് അവന് അറിയില്ലായിരുന്നു. ഡീറ്റൈല്‍ ആയി കഥ കേള്‍ക്കാന്‍ സമയമില്ലാത്തത് കൊണ്ട് ഉണ്ണി സിനൊപ്‌സിസ് കേട്ടു.. ഞാന്‍ പിച്ച് ഡെക്ക് കാണിച്ചു. അതില്‍ ഒരു സീനില്‍ വരുന്ന ഒരു ഗസ്റ്റ് റോളിന് ദുല്‍ഖര്‍ സല്‍മാനെ ആയിരുന്നു മനസ്സില്‍ കണ്ടത്. അത് കണ്ടപ്പോള്‍ ഉണ്ണി ചോദിച്ചു. ഒരു സീനൊക്കെ ദുല്‍ഖര്‍ ചെയ്യുമോ..? ഉടനെ അടുത്തിരുന്ന വിപിന്‍ അറിയാതെ പറഞ്ഞു.. ‘അത് ഞാനും ഇവരോട് ചോദിച്ചതാണ്’, എന്ന്. അപ്പോള്‍ ഉണ്ണി വിപിനോട് ചോദിച്ചു നീ ഈ കഥ മുന്‍പ് കേട്ടിരുന്നോ..? വിപിന്‍ എന്തൊക്കെയോ പറഞ്ഞു ഉരുണ്ടു കളിച്ചു. അപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലായത് കഴിഞ്ഞ രണ്ട് മാസമായി ഉണ്ണി ഈ പ്രോജെക്ടിനെ കുറിച് അറിഞ്ഞിട്ട് പോലുമില്ല എന്ന്.

ഉണ്ണിക്ക് പ്രോജെക്ടില്‍ താല്പര്യം തോന്നി. ഒരാഴ്ച കഴിഞ്ഞു ഡീറ്റൈല്‍ ആയി സ്‌ക്രിപ്റ്റ് വായിച്ചു കേള്‍ക്കാമെന്ന് പറഞ്ഞു പിരിഞ്ഞു.. അപ്പോള്‍ സംവിധായകന്റെ ഫോണില്‍ ബാദുഷയുടെ ഒരു മെസേജ് വന്നു കിടപ്പുണ്ടായിരുന്നു. Please call me back എന്ന്. ഇനി തിരിച്ചു വിളിക്കേണ്ട കാര്യമില്ല എന്നും പറഞ്ഞു ഡയറക്ടര്‍ ആ മെസേജ് അവോയ്ഡ് ചെയ്തു. അടുത്ത ദിവസം രാവിലെയും ബാദുഷ ഡയറക്ടറെ വിളിച്ചു. ഡയറക്ടര്‍ call എടുത്തില്ല. ഞങ്ങള്‍ ഉണ്ണിയോട് സംസാരിക്കുന്ന നേരം വിപിന്‍ ആര്‍ക്കോ കാര്യമായി msg type ചെയ്ത് അയക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ ബാദുഷക്ക് ആയിരുന്നിരിക്കാം. 3 ഡേയ്സ് കഴിഞ്ഞപ്പോള്‍ പ്രൊഡ്യുസര്‍ക്ക് കൊച്ചിയില്‍ നിന്ന് ഒരു call, ഏതോ ഒരു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍. ഉണ്ണിയെ വച്ചു ചെയ്യുന്ന പ്രോജക്റ്റ് റിസ്‌ക് ആണെന്നും ഷൂട്ട് പോലും കംപ്ലീറ്റ് ആകില്ലെന്നും. ആയാല്‍ തന്നെ റിലീസ് ആകുമെന്ന് ഉറപ്പില്ലെന്നുമൊക്കെ പറഞ്ഞു പ്രൊഡ്യുസറെ നന്നായി പേടിപ്പിച്ചു. സംവിധായകനെ വിളിച്ച് ഞാന്‍ ഒന്ന് ഫാമിലിയുമായി ഡിസ്‌കസ് ചെയ്തിട്ട് ബാക്കി കാര്യങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞ പ്രൊഡ്യൂസര്‍ 2 ദിവസത്തിന് ശേഷം വിളിച്ചു റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു ആ പ്രോജെക്ടില്‍ നിന്ന് പിന്മാറി.

അങ്ങനെ വലിയൊരു പ്രോജക്റ്റ്, ഒത്തിരി പേരുടെ പ്രയത്‌നം.. പ്രതീക്ഷ, സ്വപ്നങ്ങള്‍ എല്ലാം അതോടെ ഇല്ലാതായി. അതിന് ഒരു കാരണം ഇന്ന് ഉണ്ണി ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്ത വിപിന്‍ തന്നെ ആയിരുന്നു.. സത്യത്തില്‍ ഉണ്ണിയോട് കഥ പറയാന്‍ വിപിന്റെ പുറകെ നടന്ന പലരും ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് ഉണ്ണി ചെയ്തത്. പിന്നെ ഇപ്പൊ അടിച്ചു വിടുന്ന head line ‘നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി തല്ലി’ അത് വിപിന്റെ PR ബുദ്ധി മാത്രമാണ്. അവനറിയാം ഒരു വാര്‍ത്തയെ എങ്ങനെ highlite ചെയ്യണമെന്ന്. അതാണല്ലോ അവന്റെ പണി. സത്യമെന്തെന്ന് അറിയണമെങ്കില്‍ ഉണ്ണിയുടെ ഭാഗം കൂടി കേള്‍ക്കണം.

Ads by Google
Tuesday 27 May 2025 03.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google