കൊച്ചി : സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി നടൻ അജു വർഗീസ്. ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണെന്നും ലഹരി വ്യാപകമാകുന്നതിൽ ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവരാണെന്നും അജു വർഗീസ് അഭിപ്രായപ്പെട്ടു. കഞ്ചാവ് കേസിൽ ഉൾപ്പെട്ട സംവിധായകരായ ഖാലിദ് റഹ്മാനും അഷറഫ് ഹംസയ്ക്കും സിനിമാ താരങ്ങൾ പിന്തുണ അറിയിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും അജു കൂട്ടിച്ചേർത്തു.
ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ച കേസിൽ സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു ഇവരിൽ നിന്നും പിടിച്ചെടുത്തത്. മറ്റൊരു സംഭവത്തിൽ ഫ്‌ളാറ്റിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് റാപ്പർ വേടനും ഒപ്പമുണ്ടായിരുന്ന 9 പേരും അറസ്റ്റിലായിരുന്നു. ആറ് ഗ്രാം കഞ്ചാവായിരുന്നു ഇവരിൽ നിന്നും കണ്ടെത്തിയത്. ഈ കേസുകളിൽ ഇവർക്ക് സ്‌റ്റേഷൻ ജാമ്യം ലഭിച്ചിട്ടുണ്ട്. അതേസമയം, ഖാലിദ് റഹ്മാനെ പിന്തുണച്ചുകൊണ്ട് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും ഇതിന് പിന്തുണയുമായി വിവിധ സിനിമാതാരങ്ങള്‍ രംഗത്തുവന്നതും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.