മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം തുടരും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. മോഹന്‍ലാലിനെയും ശോഭനയെയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചു കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും സിനിമാ പ്രേക്ഷകര്‍ക്കുണ്ട്. മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ചിത്രത്തിലെ പാട്ടുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്
ഇപ്പോഴിതാ തുടരും സിനിമയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് സംവിധായകനായ ആര്‍എസ് വിമല്‍. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു അദ്ദേഹം ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്.
അഭിനയം ലഹരിയാക്കിയ മോഹന്‍ലാല്‍ എന്ന നടന്റെ മറ്റൊരു അത്ഭുതം 'തുടരും'. എന്തൊരു ചന്തമാണ് ലാലേട്ടാ, നിങ്ങളെ ഇങ്ങനെ സ്‌ക്രീനില്‍ കണ്ടിരിക്കാന്‍. ഒരിക്കല്‍ ഞാന്‍ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞതാണ്, ഞാനുള്‍പ്പടെയുള്ള പലരുടെയും മാനസഗുരുവാണ് അങ്ങെന്ന്. ദീര്‍ഘകാലം ഇത് തുടരട്ടെ. നിര്‍മാതാവ് പ്രിയപ്പെട്ട രഞ്ജിത്തിനും, തരുണ്‍ മൂര്‍ത്തിക്കും ആശംസകള്‍ എന്നായിരുന്നു കുറിപ്പ്. ആദ്യ സിനിമയില്‍ തന്നെ കൊടൂര വില്ലനായി ഞെട്ടിച്ച പ്രകാശ് വര്‍മ്മയെ കൂടി മെന്‍ഷന്‍ ചെയ്യണേ. മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്തൂടേ, ഈ പറഞ്ഞത് കൃത്യമായ അഭിപ്രായം തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് താഴെ.
കെആര്‍ സുനില്‍ ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മോഹന്‍ലാലിനും ശോഭനയ്ക്കുമൊപ്പം തോമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.