Friday, March 20, 2026 Last Updated 56 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Apr 2025 10.46 AM

'ലാലേട്ട ഇനിയും ഒരുപാട് ശില്പങ്ങള്‍ ആവാനുള്ള കളിമണ്ണാണ് നിങ്ങള്‍'; തുടരും കണ്ടതിനു ശേഷം കുറിപ്പുമായി കിഷോര്‍ സത്യ

post, about

കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന്‍ കിഷോര്‍ സത്യ. ഇപ്പോള്‍ തുടരും എന്ന സിനിമ കണ്ടതിനുശേഷം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

കിഷോര്‍ സത്യയുടെ വാക്കുകള്‍:

ഞാന്‍ ആദ്യമായാണ് ഒരു മലയാള സിനിമ അതിന്റെ ആദ്യപ്രദര്‍ശനം കാണുന്നത്.താങ്ക്യൂ തരുണ്‍ മൂര്‍ത്തി. കുറച്ചു വര്‍ഷങ്ങളായി നമ്മുടെ ലാലേട്ടനെ ഇതുപോലെ കാണാന്‍ കൊതിയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. ഇടയ്ക്ക് ഒരിളം തെന്നല്‍ പോലെ കടന്നുപോയ ജിത്തു ജോസഫിന്റെ നേര് മാത്രമായിരുന്നു ഒരാശ്വാസം. പഴയത്... പുതിയത്....വിന്റേജ് തുടങ്ങിയ ആലങ്കാരിക പദങ്ങളുടെ ഒന്നും ആവശ്യമില്ല. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും അദ്ദേഹം നമ്മളെ ആ മാന്ത്രിക കാലത്തിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. നവമാധ്യമ ലോകത്തെ താരയുദ്ധങ്ങളില്‍ ഇത്രയധികം പരിഹസിക്കപ്പെട്ട ഒരു നടന്‍ മറ്റെങ്ങും ഉണ്ടാവില്ല. മോഹന്‍ലാല്‍ എന്ന താരത്തെ ഉപയോഗിച്ച സിനിമകളില്‍ മിക്കതിലും മോഹന്‍ലാല്‍ എന്ന നടനെ അവര്‍ മറന്നു പോയിരുന്നു. എന്നാല്‍ മീശ പിരിക്കാതെ, സ്ലോമോഷനില്‍ നടക്കാതെ, പ്രച്ഛന്ന വേഷത്തിന്റെ വിരസതയില്ലാതെ പഞ്ച് വര്‍ത്തമാനം പറയാതെ ഒരു സാധാരണക്കാരന്‍ ഡ്രൈവര്‍ ഷണ്മുഖമായി മോഹന്‍ലാല്‍ എന്ന നടനും താരവും ഒരേപോലെ തിമിര്‍ത്താടുന്നു തുടരും എന്ന സിനിമയില്‍. തീമഴ പെയ്യുന്ന മരുഭൂമിയില്‍ വീശി അടിക്കുന്ന മണല്‍ക്കാറ്റില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് മുന്നോട്ടു പോയവന് മുമ്പില്‍ മരൂപച്ച കിട്ടിയത് പോലെ! സിനിമയുടെ കഥയുടെ ഒരു സൂചന പോലും ഞാന്‍ നല്‍കുന്നില്ല. ഈ ചിത്രം മുന്‍വിധികളില്ലാതെ നിങ്ങള്‍ പോയി കണ്ടു തന്നെ ആസ്വദിക്കണം സുനിലിന്റെ കഥയില്‍ തിരനാടകം ഒരുക്കാന്‍ തരുണ്‍മൂര്‍ത്തിയും കൂടെ കൂടി. ഷാജിയുടെ ക്യാമറ, ജയിക് ബിജോയ് യുടെ സംഗീതം. ലാലേട്ടനൊപ്പം കട്ടക്ക് പ്രകാശ് വര്‍മ്മ. കൂടെ നമ്മുടെ പ്രിയപ്പെട്ട ശോഭന മാം ബിനു പപ്പു, മണിയന്‍പിള്ള രാജു ചേട്ടന്‍ അങ്ങനെ പോകുന്നു...ഒറ്റയ്ക്ക് പോകണ്ട ഭാര്യയും മക്കളും കുടുംബവുമായി തന്നെ ഈ സിനിമ കാണാന്‍ പൊക്കോളൂ. നിങ്ങള്‍ നിരാശരാവില്ല. ലാലേട്ടന്റെ കൂടെ നിങ്ങള്‍ ചിരിക്കും സന്തോഷിക്കും, നെഞ്ചുവിങ്ങും കണ്ണുനീര്‍ പൊഴിക്കും, ആര്‍ത്തുവിളിക്കും....പ്രിയപ്പെട്ട ലാലേട്ടാ... ഇനിയും ഒരുപാട് ശില്പങ്ങള്‍ ആവാനുള്ള കളിമണ്ണാണ് നിങ്ങള്‍...പക്ഷേ ശില്‍പ്പികളുടെ തെരഞ്ഞെടുപ്പില്‍ ഇനി മുതലെങ്കിലും ഒരല്പം കൂടെ ശ്രദ്ധ പതിപ്പിക്കണം എന്ന് മാത്രം......

Ads by Google
Monday 28 Apr 2025 10.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google