Friday, March 20, 2026 Last Updated 56 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Apr 2025 01.24 PM

‘‘ഒരു വൈറല്‍ ഫീവർ വന്ന് വൈറല്‍ ആയ നടനാണ് ഞാൻ ;അതെനിക്ക് നല്ലതാണ് തന്നത്,എതിരാളികള്‍ പോലും സുഖവിവരം തിരക്കി...’’ വിശാല്‍

മധ ഗജ രാജയു​ടെ ലോഞ്ചിനെത്തിയ വിശാലിന്റെ വീഡിയോ കുറച്ചു നാള്‍ മുമ്പ് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
Vishal, Madha Gaja Raja launch function
Vishal breaks silence on his viral video (Image Source: Youtube)

കോളിവുഡിന് ഏറെ പ്രിയപ്പെട്ട താരമാണ് വിശാല്‍. ആക്ഷന്‍ റോളുകളിലൂടെ തന്റെ അഭിനയമികവ് കാഴ്ച വയ്ക്കാറുള്ള വിശാലിന് വലിയൊരു ആരാധക നിര തന്നെയുണ്ട്. തമിഴ് സിനിമ രംഗത്തെ പ്രമുഖ താരമാണ് വിശാല്‍ ഒരു തെലുങ്ക് ചിത്രത്തിൽ ബാലതാരമായിട്ടാണ് തന്റെ കരിയര്‍ ആരംഭിച്ചത്. ചെല്ലമേ എന്ന ചിത്രത്തിലൂടെയാണ് വിശാല്‍ നായകനായത്. പിന്നീട് സണ്ഡക്കോഴി, തിമിര്, ശിലപ്പതികാരം, താമിരഭരണി, മലൈക്കോട്ടൈ, സത്യം തുടങ്ങിയ തുടര്‍ച്ചയായ ചിത്രങ്ങളിലെ വിജയങ്ങളിലൂടെ വിശാല്‍ തമിഴിലെ സൂപ്പര്‍ താരമായി.
വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന വിശാല്‍ തമിഴ് നടികര്‍ സംഘത്തിന്റെ പ്രസിഡന്‍റായും നിര്‍മ്മാതാക്കളുടെ സംഘടന നേതാവായും ഒക്കെ പ്രവര്‍ത്തിച്ചിരുന്നു. സംവിധായകൻ ബാല സംവിധാനം ചെയ്ത അവൻ ഇവൻ എന്ന ചിത്രത്തിലെ അഭിനയം അഭിനേതാവ് എന്ന നിലയിലും വിശാലിന് ഏറെ പ്രശംസ നേടിക്കൊടുത്തു.
കരിയര്‍ വിശാല്‍ തിളങ്ങി നില്‍ക്കുന്നതിനിടെ 12 വര്‍ഷത്തോളം ​പെട്ടിയിലിരുന്ന വിശാലിന്റെ മദഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങുകള്‍ക്കിടയിലുള്ള ഒരു വീഡിയോ ആശങ്ക പടര്‍ത്തുന്നതായി മാറി. ചടങ്ങില്‍ കടുത്ത പനിയെ തുടർന്ന് വേദിയിലെത്തിയ വിശാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. ശരീരം മെലിഞ്ഞ്, പ്രസംഗിക്കുന്നതിനിടയില്‍ പലയാവർത്തി നാക്ക് കുഴയുകയും മൈക്ക് പിടിക്കുമ്പോള്‍ കൈകള്‍ വിറയ്ക്കുകയും ചെയ്യുന്ന വിശാലിന്റെ അവസ്ഥയെ വളരെ സങ്കടത്തോടെയാണ് ആരാധകർ കണ്ടത്.
ഇപ്പോഴിതാ ആ വീഡിയോ തനിക്ക് നല്ലത് മാത്രമാണ് ഉണ്ടാക്കിയതെന്നും ഒരു പനി വന്നപ്പോള്‍ ആരൊക്കെയാണ് നമ്മളെ ശരിക്കും സ്നേഹിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചെന്നും പറയുകയാണ് വിശാല്‍. ഒരു വൈറല്‍ ഫീവർ കാരണം താൻ വൈറല്‍ ആയെന്നും ഇനി ഉള്ള പരിപാടികള്‍ വിറച്ചാണ് തുടങ്ങാൻ പോകുന്നതെന്നും എന്നാല്‍ മാത്രമേ വൈറല്‍ ആകുകയുള്ളുവെന്നും വിശാല്‍ തമാശയായി പറഞ്ഞു.
‘‘ഒരു വൈറല്‍ ഫീവർ കാരണം വൈറല്‍ ആയ നടനാണ് ഞാൻ. ആ വീഡിയോ കാരണം എനിക്ക് നല്ലത് മാത്രമാണ് ഉണ്ടായത്. എന്റെ എതിരാളികള്‍ പോലും എനിക്ക് സുഖമാണോ എന്ന് അന്വേഷിച്ചു. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചാല്‍ അതിന് ഉത്തരം ലഭിക്കുന്നത് കുറേ കഴിഞ്ഞാവും പക്ഷെ ഈ വീഡിയോയിലൂടെ ആരൊക്കെയാണ് നമ്മളെ സ്നേഹിക്കുന്നതെന്ന് മനസിലായി.
12 വർഷം കഴിഞ്ഞു വരുന്ന ഒരു സിനിമയാണ്. ആ സമയത്താണ് എനിക്ക് പനി വന്നത്. കടുത്ത പനി ആയിരുന്നു, വിറയ്ക്കുണ്ടായിരുന്നു. ഡോക്ടർ പോകാൻ പാടില്ലെന്നാണ് പറഞ്ഞത്. പക്ഷെ സുന്ദർ സാറിന്റെ മുഖമാണ് മുന്നില്‍ തെളിഞ്ഞത്. ഒരു മണിക്കൂർ അല്ലേ പിരിപാടി, പോയി വരാം എന്ന് പറഞ്ഞാണ് ഇറങ്ങിയത്. പക്ഷെ വൈറലായി. ഇനി എല്ലാ പരിപാടിയും വിറച്ചാണ് തുടരാൻ പോകുന്നത് കാരണം എന്നാല്‍ അല്ലേ വൈറല്‍ ആകുകയുള്ളൂ...’’ വിശാല്‍ പറഞ്ഞു.

12 കൊല്ലത്തോളം പെട്ടിയിലായിരുന്ന വിശാലിന്റെ ചിത്രം മധ ഗജ രാജ ഈ പൊങ്കലിനാണ് റിലീസായത്. ഈ ചിത്രത്തിന്റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ടാണ് സിനിമ ലോകം ഞെട്ടിയത്. തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍ കാണപ്പെട്ടത് കൈകള്‍ അടക്കം വിറയ്ക്കുന്നുണ്ടായിരുന്നു. വിറച്ച് വിറച്ച് നിന്ന വിശാലിനെ സുരക്ഷിതമായി കസേരയിൽ ഇരുത്തിയത് നടൻ കൂടിയായ ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ വിജയ് ആന്റണിയാണ്.
അതോടെ വിശാലിന് കടുത്ത എന്തോ അസുഖം ബാധിച്ചു എന്ന തരത്തില്‍ വ്യാപകമായി വാര്‍ത്തകള്‍ വന്നിരുന്നു. അവന്‍ ഇവന്‍ ചിത്രത്തിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണിന് നടത്തിയ ചില ചികിത്സകള്‍ ഇപ്പോള്‍ വലിയ ആരോഗ്യ പ്രശ്നമായി വിശാലിനെ അലട്ടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിശാലിന് കാഴ്ചയില്‍ അടക്കം പ്രശ്നമുണ്ടെന്നുമാണ് വാര്‍ത്തകള്‍ വന്നത്.

Ads by Google
Saturday 26 Apr 2025 01.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google