Tuesday, March 24, 2026 Last Updated 26 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Apr 2025 10.17 AM

വഖഫ് നിയമഭേദഗതി : ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും ; പ്രതിരോധിക്കാന്‍ ബിജെപി സര്‍ക്കാരുകള്‍

uploads/news/2025/04/776175/supreme-court-of-india.gif

ന്യൂഡല്‍ഹി: ലോക്‌സഭയിലും രാജ്യസഭയിലും പാസ്സാക്കപ്പെട്ട വഖഫ് നിയമഭേദഗതികളെ എതിര്‍ക്കുന്ന ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് 2 മണിക്ക് ഇതിനെതിരായ വെല്ലുവിളികള്‍ കേള്‍ക്കും. ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങള്‍ നിയമത്തെ പ്രതിരോധിക്കാന്‍ പങ്കുചേരുന്നുണ്ട്.

ലോക്‌സഭയിലും രാജ്യസഭയിലും നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഈ മാസം ആദ്യം വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. നിയമനിര്‍മ്മാണത്തിന്റെ പരിധിയില്‍ അതിക്രമിച്ചു കടക്കില്ലെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇത് ഏകപക്ഷീയവും മുസ്ലീങ്ങള്‍ക്കെതിരായ വിവേചനപരവുമാണെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഭേദഗതി ചെയ്ത നിയമം സമത്വത്തിനുള്ള അവകാശവും മതപരമായ ആചാരങ്ങള്‍ പിന്തുടരാനുള്ള അവകാശവും ഉള്‍പ്പെടെ നിരവധി മൗലികാവകാശങ്ങളെ ചവിട്ടിമെതിക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. നിയമത്തെ വെല്ലുവിളിച്ച് രംഗത്ത് വന്നിരിക്കുന്നവരില്‍ പ്രധാനികള്‍ കോണ്‍ഗ്രസാണ്. ജനതാദള്‍ യുണൈറ്റഡ്, ആം ആദ്മി പാര്‍ട്ടി, ഡിഎംകെ, സിപിഐ എന്നീ സംഘടനകളുടെ നേതാക്കളും, മത സംഘടനകളും, ജാമിയത്ത് ഉലമ ഹിന്ദ്, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് തുടങ്ങിയ എന്‍ജിഒകളും ഉള്‍പ്പെടുന്നു.

വഖഫുകള്‍ക്ക് നല്‍കുന്ന സംരക്ഷണം ഇല്ലാതാക്കുന്നതാണ് നിയമമെന്നാണ് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി പറഞ്ഞത്. നിയമം വഖഫ് സ്വത്തുക്കള്‍ക്ക് നല്‍കുന്ന സംരക്ഷണം കുറയ്ക്കുകയും മറ്റ് മതവിഭാഗങ്ങള്‍ക്ക് അത് നിലനിര്‍ത്തുകയും ചെയ്യുന്നത് വിവേചനപരമാണെന്നും പറഞ്ഞു. വഖഫ് ബോര്‍ഡുകളില്‍ മുസ്ലീങ്ങളല്ലാത്ത അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണെന്നും മതപരമായ സ്വത്ത് ഭരണത്തിന്റെ ഉദ്ദേശ്യവുമായി അതിന് യുക്തിസഹമായ ബന്ധമില്ലെന്നും ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുള്ള ഖാന്‍ തന്റെ ഹര്‍ജിയില്‍ വാദിച്ചു.

നിയമത്തെ പിന്തുണയ്ക്കുന്ന ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, അസം, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍ക്കാരുകള്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ മതത്തെയല്ല ബില്ല് ലക്ഷ്യം വെയ്ക്കുന്നതെന്നും അതിന്റെ സ്വത്തിനോടും നടത്തിപ്പിനോടും ബന്ധപ്പെട്ടതാണ് എന്നാണ് സര്‍ക്കാര്‍ നിലപാട്.

വഖഫ് സ്വത്തുക്കളുടെ നടത്തിപ്പില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും അവയില്‍ നിന്നുള്ള വരുമാനം ദരിദ്രരായ മുസ്ലീങ്ങള്‍ക്കോ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ സഹായകമാകുന്നില്ലെന്നും ഭേദഗതി ചെയ്ത നിയമം അത് പരിഹരിക്കുമെന്നും പറയുന്നു.

കൂടാതെ, വലിയൊരു വിഭാഗം ആളുകളുമായി കൂടിയാലോചിച്ച ശേഷമാണ് ബില്‍ തയ്യാറാക്കിയതെന്നും മുസ്ലീങ്ങളല്ലാത്ത ന്യൂനപക്ഷങ്ങളുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ബില്‍ പാസാക്കിയതെന്നും അംഗങ്ങള്‍ നിര്‍ദ്ദേശിച്ച നിരവധി ഭേദഗതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ബംഗാളില്‍ പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് നയിച്ചതിനാല്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ ഭവനരഹിതരാകുകയും ചെയ്തു. നിയമം തന്റെ സര്‍ക്കാര്‍ നടപ്പിലാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

Ads by Google
Wednesday 16 Apr 2025 10.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google