തെരഞ്ഞെടുപ്പിൽ ചില നേതാക്കൾ തന്നെ ചതിച്ച് തോൽപ്പിച്ചെന്ന് മുൻമന്ത്രി പി കെ ജയലക്ഷ്മി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മാനന്തവാടിയിൽ തനിക്കെതിരെ ചതിയുണ്ടായെന്നും ഈ ചതി തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ലെന്നും പി കെ ജയലക്ഷ്മി പറയുന്നു. തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പരിശ്രമിച്ചു. അവര്‍ കെട്ട് കണക്കിന് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി.
വാഹന പ്രചരണം നടത്താതെ നേതാക്കൾ കിടന്നുറങ്ങി. പി കെ ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് ഒരു നേതാക്കൾ വീടുകയറി പറഞ്ഞുവെന്നും ആ ചതി ഇനി ആവർത്തിക്കരുതെന്ന് പി കെ ജയലക്ഷ്മി പറഞ്ഞു. വെള്ളമുണ്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി കെ ജയലക്ഷ്മിയുടെ വിമർശനം.
ഗ്രൂപ്പ് പോരും കാലുവാരലും വയനാട് കോൺഗ്രസിനുള്ളില്‍ പരസ്യമായി തുറന്നുപറയുകയാണ് പി കെ ജയലക്ഷ്മി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്നെ ചതിച്ചത് സ്വന്തം പാർട്ടിയിലെ നേതാക്കള്‍ തന്നെയാണെന്നാണ് ജയലക്ഷ്മി പറയുന്നത്. മാനന്തവാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തനിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഗൂഢാലോചന നടന്നതായും അവർ ആരോപിക്കുന്നു.