Tuesday, March 24, 2026 Last Updated 24 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 15 Apr 2025 01.02 PM

നാളെയുടെ വികസനം ഇന്ന് നടപ്പിലാക്കുന്നു; കിഫ്ബി പദ്ധതി പൂര്‍ത്തിയാക്കല്‍ മിന്നല്‍ വേഗത്തില്‍: പി പ്രസാദ്

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത തരത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം മുന്നേറിയത് കിഫ്ബിയിലൂടെയായിരുന്നു എന്നത് വിസ്മരിക്കാൻ കഴിയില്ലെന്നും മന്ത്രി പ്രസാദ്
kiifb

നാളെയുടെ വികസനം ഇന്ന് തന്നെ നടപ്പിലാക്കാൻ കഴിയുന്നു എന്നത് കിഫ്ബിയുടെ പ്രത്യേകത. സാധാരണഗതിയില്‍ അനേകവർഷങ്ങൾ കൊണ്ട് നടപ്പിലാകുന്ന വികസന പ്രവര്‍ത്തനങ്ങൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ നടപ്പിലാക്കാൻ കഴിയുന്നു എന്നതാണ് കിഫ്ബിയുടെ ഏറ്റവും വലിയ നേട്ടമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. നീണ്ട വര്‍ഷങ്ങളെടുത്ത് നടപ്പിലാക്കേണ്ട പദ്ധതികൾ കേരളത്തിൽ ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് പ്രാവർത്തികമാകുമ്പോൾ അത് അംഗീകരിച്ചു കൊടുക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ- ആരോഗ്യ മേഖലകളടക്കം നിരവധി വകുപ്പുകളിൽ കിഫ്ബി നൽകിയ സാമ്പത്തിക സഹായത്തിന്റെ അടിസ്ഥാനത്തിൽ വികസനത്തിന്റെ പ്രവര്‍ത്തനങ്ങൾ തീർക്കാനായി എന്നത് ചെറിയ കാര്യമല്ല എന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത തരത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം മുന്നേറിയത് കിഫ്ബിയിലൂടെയായിരുന്നു എന്നത് വിസ്മരിക്കാൻ കഴിയില്ലെന്നും മന്ത്രി പ്രസാദ് പറഞ്ഞു.

കഴിഞ്ഞ എട്ടു വർഷങ്ങൾ കൊണ്ട് കോടികളുടെ പദ്ധതികൾ കിഫ്ബിയിലൂടെ നടപ്പിലാക്കാൻ സാധിച്ചു. കേരളം ഇന്ന് കാണുന്ന വന്‍ പദ്ധതികൾ, ഹൈവേ പ്രോജക്ടുകൾ, സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ സർക്കാർ ആശുപത്രികൾ എന്നിവ ആധുനിക സൗകര്യങ്ങളുള്ള വന്‍ കെട്ടിടങ്ങളോട് കൂടി തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നുണ്ടെങ്കിൽ അതെല്ലാം കിഫ്ബി നേട്ടമാണെന്നും പി പ്രസാദ് വ്യക്തമാക്കി. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകൾ ശോച്യാവസ്ഥയുടെ കേന്ദ്രങ്ങളായിരുന്നുവെങ്കിൽ ഇന്ന് മികവാർന്ന സ്മാർട്ട് ക്ലാസ് മുറികൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം ഉണ്ടായത് കിഫ്ബിയുടെ പദ്ധതിയിലൂടെയാണ് എന്നത് എങ്ങനെയാണ് വിസ്മരിക്കാൻ കഴിയുക എന്നും മന്ത്രി ചോദിച്ചു.


kiifb

കടൽ പ്രക്ഷുബ്ദമാകുമ്പോൾ കര അങ്ങേയറ്റം ദുരന്തത്തിലേക്ക് പോകുന്നത് ഒറ്റമശ്ശേരിയിലെ പതിവു കാഴ്ചയായിരുന്നു. ഇത് ഒരുപാട് പേരുടെ ജീവിതത്തെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ഒറ്റമശ്ശേരിയിൽ കടൽ ഭിത്തി ഇല്ലാത്തതിന്റെ പേരിൽ കടലൊന്ന് കലി തുള്ളിയാൽ തീരം അങ്ങേയറ്റത്തെ പ്രതിസന്ധിയിലേക്കു നീങ്ങുന്നു എന്നതിന് പരിഹാരമുണ്ടാകേണ്ടത് അനിവാര്യമായ കാര്യമായിരുന്നു. കിഫ്ബിയിലൂടെ മാത്രമേ അത്തരമൊരു വലിയ പദ്ധതി നടപ്പിലാക്കാൻ കഴിയുകയുള്ളൂ എന്ന യാഥാർത്ഥ്യത്തിൽ നിന്ന് അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നുവെന്നും പി പ്രസാദ് പറഞ്ഞു.

29 കോടി രൂപയാണ് ഇതിനായി കിഫ്ബി വഴി മുതൽ മുടക്കിയത്. ടെട്രാപോഡുകൾ നിരത്തി ആധുനിക രീതിയിലാണ് ഇവിടുത്തെ കടൽഭിത്തി നിർമ്മാണം. ഈ പദ്ധതി പൂർത്തിയാകുന്നതോട് കൂടി കടൽ കലി തുള്ളിയാലും ഒറ്റമശ്ശേരിയിലെ ജനങ്ങൾക്ക് ഭയമില്ലാതെ ഉറങ്ങാം.

kiifb

പ്രതിസന്ധികൾ നേരിട്ടിരുന്ന മറ്റൊന്നായിരുന്നു ചേർത്തല താലൂക്ക് ആശുപത്രി. ആതുര ശുശ്രൂഷ രംഗത്തെ ഒരു വെല്ലുവിളിയായിരുന്നു ഇവിടുത്തെ സൗകര്യക്കുറവുകൾ. കിഫ്ബിയിലൂടെ അവിടേക്ക് പദ്ധതികൾ ഒഴുകിയെത്തിയതോടെയാണ് ഈ പ്രശ്നത്തിനും പരിഹാരമായത്.
kiifb

കിഫ്ബിയുടെ സഹായത്തോടെ ഇവിടെ ആറു നിലകളുള്ള കെട്ടിടത്തിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. 70 കോടി രൂപയാണ് കിഫ്ബി ഇതിനായി നീക്കി വച്ചിരിക്കുന്നത്. ഈ കെട്ടിടം യാഥാർത്ഥ്യമാകുകയും ആധുനിക സൗകര്യങ്ങൾ അവിടെയെത്തുകയും ചെയ്യുന്നതോടെ ചേർത്തലയിലെ സാധാരണ ആളുകളുടെ ആരോഗ്യ കാര്യത്തില്‍ ഒരു ഉറപ്പ് ലഭിക്കുകയാണ്.
kiifb

ചേർത്തലയിലെ പല പാലങ്ങളും കാലപ്പഴക്കത്താൽ ബലക്കുറവുകൊണ്ട് അപകട ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ പാലങ്ങളെല്ലാം പുനർനിർമ്മിക്കുക എന്നത് ദുഷ്ക്കരമായിരുന്നു. ഇത് എളുപ്പമായിത്തീർന്നത് കിഫ്ബിയുടെ ഇടപെടലോടു കൂടിയാണ്. നെടുമ്പ്രക്കാട് വിളക്കുമരം പാലം ഇതിന് ഉദാഹരണമാണ്. 21 കോടി രൂപ മുടക്കിയാണ് ഈ പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ചേർത്തല അരൂർ മണ്ഡലത്തിലെ ആളുകളുടെ ദീർഘ കാലത്തെ ആഗ്രഹമാണ് നിറവേറുന്നത്.
kiifb

സെൻറ് മേരീസ് പാലവും ഇരുമ്പ് പാലവുമെല്ലാം ഈ പട്ടികയിലുള്ളതാണ്. വിദ്യാഭ്യാസ മേഖലയിലെ വികസനങ്ങളിലും കിഫ്ബിയുടെ പങ്ക് വിലമതിക്കാനാകാത്തതാണ്. ചേർത്തല ഗവ.ഗേൾസ് ഹൈസ്ക്കൂൾ, ശ്രീനാരായണഗുരു മെമ്മോറിയൽ ബോയ്സ് ഹൈസ്ക്കൂൾ, ചേർത്തല സൗത്ത് ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ, ചാരമംഗലം ജി വി എച്ച്എസ്എസ്, എന്നിവിടങ്ങൾ ആധുനിക സൗകര്യങ്ങളോട് കൂടിയ വലിയ കെട്ടിടങ്ങളായി മാറിയതിൽ കിഫ്ബിയുടെ സാമ്പത്തിക സഹായം വലുതാണ്. ചേർത്തലയുടെ വിദ്യാഭ്യാസ മേഖലയുടെ മുഖഛായ തന്നെ മാറ്റുവാൻ കിഫ്ബിക്കായി. കിഫ്ബി എന്നത് ജനപ്രതിനിധികളുടെ നേട്ടമല്ല, ജനങ്ങളുടെ നേട്ടമാണെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
kiifb

Ads by Google
സ്വന്തം ലേഖകന്‍
Tuesday 15 Apr 2025 01.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google