Friday, March 20, 2026 Last Updated 27 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Apr 2025 01.09 PM

'സിനിമയ്ക്ക് ഒരു മാജിക്ക് ഉണ്ട്, ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കപ്പുറം അത് മനുഷ്യരെ ചേര്‍ത്ത് വയ്ക്കുന്നു' ; തായ്‌പേയില്‍ '2018' ന്റെ പ്രദര്‍ശനം

post, movie
photo-www.facebook.com/ActorTovinoThomas

ടൊവിനോ നായകനായി 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 2018. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ 2018ല്‍ നടന്ന പ്രളയത്തെ അടിസ്ഥാനമാക്കിയുളളതായിരുന്നു. ഇപ്പോഴിതാ തായ്വാനിലെ തായ്പേയില്‍ 2018 ന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ് നടത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. തായ്‌പേയ് ഫിലിം ഹൗസില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. സ്‌ക്രീനിങ്ങിന്റെ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചിരിക്കുന്ന തുക മുഴുവനായും മ്യാന്മാര്‍ ഭൂകമ്പ ബാധിതരുടെ പുനരധിവാസപ്രവര്‍ത്തനങ്ങളിലേയ്ക്ക് സംഭാവനയായി നല്‍കുമെന്ന് ടൊവിനോ അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയാണ് ടൊവിനോ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയ്ക്ക് ഒരു മാജിക്കുണ്ടെന്നും, ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കും, മനുഷ്യ നിര്‍മിതമായ മതിലുകള്‍ക്കുമപ്പുറം മനുഷ്യരെ തമ്മില്‍ ചേര്‍ത്ത് വയ്ക്കാന്‍ ആ മായജാലത്തിനു കഴിയുമെന്നും, നമ്മള്‍ നല്ലൊരു ഉദ്ദേശ്യത്തോടെ ചെയ്യുന്നതെന്തും ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ നന്മകളില്‍ നിന്ന് നന്മകളിലേയ്ക്ക് സഞ്ചരിക്കുമെന്നുമൊക്കെയുള്ള വിശ്വാസം കൂടുകയാണെന്നും ടൊവിനോ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തായ്വാനിലെ തായ്‌പേയില്‍ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. പോയ വര്‍ഷം നിങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ARM, ഇവിടെ നടക്കുന്ന ഗോള്‍ഡന്‍ ഹോഴ്‌സ് ഫിലിം ഫെസ്റ്റിവലില്‍ ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെയെത്തിയിരിക്കുന്നത്. അതോടൊപ്പം ഒരുപാട് അഭിമാനവും സന്തോഷവും കൗതുകവുമുള്ള മറ്റൊരു ചടങ്ങ് കൂടി ഇന്നിവിടെ നടന്നു.

ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഞാന്‍ ഇവിടെ വരുന്നുണ്ടെന്നറിഞ്ഞ്, ജിയൂദി പെര്‍സെവേറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തായ്വാന്‍ എന്ന സ്ഥാപനം 2018 എന്ന സിനിമയുടെ ഒരു സ്‌ക്രീനിംഗും തുടര്‍ന്ന് ഒരു ഓപ്പണ്‍ ഫോറവും ഇന്ന് ഇവിടെ തായ് പേയ് ഫിലിം ഹൗസില്‍ സംഘടിപ്പിക്കുകയുണ്ടായി. നിറഞ്ഞ സദസ്സിനോടൊപ്പമിരുന്ന് 2018 വീണ്ടും കാണാനും സ്‌ക്രീനിംഗിന് ശേഷം പ്രേക്ഷകരോട് സംസാരിക്കാനും സാധിച്ചു. ഈ സ്‌ക്രീനിംഗിന്റെ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചിരിക്കുന്ന തുക മുഴുവനായും മ്യാന്മാര്‍ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവര്‍ത്തനങ്ങളിലേയ്ക്ക് സംഭാവനയായി നല്‍കാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.

നമ്മുടെ കേരളത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം നാളുകള്‍ക്കപ്പുറം, ആക്‌സമികമായ ദുരന്തം നേരിടുന്ന മറ്റൊരു നാടിനെ തിരിച്ച് പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ചെറിയ ഭാഗമാകുന്നു എന്നതും, അതിന് ഞാനൊരു കാരണമായി മാറുന്നു എന്നതുമാണ് ഈ ദിവസത്തിന്റെ വലിയ സന്തോഷവും അഭിമാനവും.

സിനിമയ്ക്ക് ഒരു മാജിക്കുണ്ടെന്നും, ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കും, മനുഷ്യനിര്‍മിതമായ മതിലുകള്‍ക്കുമപ്പുറം മനുഷ്യരെ തമ്മില്‍ ചേര്‍ത്ത് വയ്ക്കാന്‍ ആ മായജാലത്തിനു കഴിയുമെന്നും, നമ്മള്‍ നല്ലൊരു ഉദ്ദേശ്യത്തോടെ ചെയ്യുന്നതെന്തും ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ നന്മകളില്‍ നിന്ന് നന്മകളിലേയ്ക്ക് സഞ്ചരിക്കുമെന്നുമൊക്കെയുള്ള വിശ്വാസം കൂടുകയാണ്. ഒരു വേര്‍തിരിവുമില്ലാതെ മനുഷ്യന്‍ മനുഷ്യനെ ചേര്‍ത്ത് പിടിക്കുന്ന നന്മകളുടെ പുതിയ വര്‍ഷം നേര്‍ന്ന് കൊണ്ട്, എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

Ads by Google
Tuesday 15 Apr 2025 01.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google