Tuesday, March 24, 2026 Last Updated 21 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Apr 2025 09.09 AM

അനധികൃതസ്വത്ത് കേസില്‍ സി.ബി.ഐ. അന്വേഷണം ; അപ്പീല്‍ നല്‍കാന്‍ ഏബ്രഹാം, രാജി വേണ്ടെന്നു മുഖ്യമന്ത്രി

uploads/news/2025/04/775967/abraham.jpg

തിരുവനന്തപുരം: അനധികൃതസ്വത്ത് കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി കെ.എം. ഏബ്രഹാം. സി.ബി.ഐ. കേസെടുത്താല്‍ മുന്‍കൂര്‍ജാമ്യത്തിനു സാധ്യത കുറവാണെന്നു മനസിലാക്കിയാണ് അപ്പീല്‍ നീക്കം. ഹൈക്കോടതിയുടെ രൂക്ഷപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഔദ്യോഗികപദവികള്‍ രാജിവയ്ക്കാനുള്ള എബ്രഹാമിന്റെ സന്നദ്ധത മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി.

ഏബ്രഹാമിനെ തനിക്ക് പൂര്‍ണവിശ്വാസമാണെന്ന സന്ദേശം മുഖ്യമന്ത്രി നല്‍കിയതായാണു സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമാണ് കെ.എം. ഏബ്രഹാം. ഏബ്രഹാമിന്റെ സ്വത്തുസമ്പാദനത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് 2018-ല്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹരജിയിലാണു ഹൈക്കോടതി ഉത്തരവ്. തുടരന്വേഷണാവശ്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ 2017-ലെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയുമായ കെ.എം. ഏബ്രഹാമിനെതിരായ അഴിമതി ആരോപണക്കേസില്‍ വിജിലന്‍സിനെതിരേ ഗുരുതരപരാമര്‍ശവുമായി ഹൈക്കോടതി. അനധികൃതസ്വത്ത് കേസില്‍ ഏബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചെന്നു കോടതി നിരീക്ഷിച്ചു. ഏബ്രഹാമിനെതിരേ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. വിജിലന്‍സ് അന്വേഷണത്തില്‍ സംശയങ്ങളുണ്ടെന്നും ഏബ്രഹാം വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിനു പ്രഥമദൃഷ്ട്യാതെളിവുണ്ടെന്നും കോടതി പറഞ്ഞു. സത്യസന്ധമായ അന്വേഷണത്തിനു സി.ബി.ഐ. അനിവാര്യമാണ്. വിജിലന്‍സിനെ നിയന്ത്രിക്കുന്ന, മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഏബ്രഹാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഏബ്രഹാം വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സി.ബി.ഐ. കൊച്ചി യൂണിറ്റാകും അന്വേഷണം നടത്തുക. പരാതി, പരാതിക്കാരന്റെ മൊഴി, വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്, മറ്റ് സുപ്രധാനരേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി.ബി.ഐ. കൊച്ചി യൂണിറ്റ് സൂപ്രണ്ടിനു ജസ്റ്റിസ് കെ. ബാബു നിര്‍ദേശം നല്‍കി. വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയതിനാല്‍ മറ്റൊരു പ്രാഥമികാന്വേഷണത്തിന്റെ ആവശ്യമില്ല. ഏബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലന്‍സ് അന്വേഷണമെന്നു സംശയിക്കാം. അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖയും എത്രയും വേഗം സി.ബി.ഐക്കു വിജിലന്‍സ് കൈമാറണമെന്നു കോടതി ഉത്തരവിട്ടു.

ഔദ്യോഗികപദവി ദുരുപയോഗിച്ച് ഏബ്രഹാം കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നാണു പരാതി. 2015-ല്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കേ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നും പരാതിയുണ്ട്. ശമ്പളത്തേക്കാള്‍ കൂടിയതുക എല്ലാമാസവും വായ്പയടയ്ക്കുന്നത് എങ്ങനെയെന്നു വരുമാനരേഖകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ ഏബ്രഹാമിനു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി.

കൊല്ലം കടപ്പാക്കടയിലുള്ള, എട്ടുകോടി രൂപ വിലവരുന്ന മൂന്നുനില വാണിജ്യസമുച്ചയം സഹോദരന്റെ പേരിലായതിനാലാണ് സ്വത്തുവിവരത്തില്‍ ഉള്‍പ്പെടുത്താത്തതെന്നു വിജിലന്‍സിന് ഏബ്രഹാം മൊഴി നല്‍കിയിരുന്നു. എന്നാല്‍, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഏബ്രഹാമിന്റെ പേരിലാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊല്ലം കോര്‍പറേഷനില്‍നിന്നു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.

Ads by Google
Tuesday 15 Apr 2025 09.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google