Friday, March 20, 2026 Last Updated 33 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 10.34 AM

' ആരുണ്ടാക്കിയാലും ശരി, എമ്പുരാന്‍ വിവാദത്തോട് പുച്ഛം മാത്രം' ; വിജയരാഘവന്‍

react, movies

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തോട് പ്രതികരിച്ച് നടന്‍ വിജയരാഘവന്‍. വിവാദങ്ങള്‍ ആര് ഉണ്ടാക്കിയാലും പുച്ഛം മാത്രമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. പ്രൊപ്പഗാണ്ട ഒരിക്കലും ആളുകള്‍ അംഗീകരിക്കില്ല. അത് ഫീല്‍ ചെയ്യുന്നത് കൊണ്ടാണ് സിനിമകള്‍ക്ക് എതിര് ഉണ്ടാകുന്നത്. താനിത് എമ്പുരാനെ കുറിച്ചല്ല പറഞ്ഞതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

'എമ്പുരാനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ വളരെ പുച്ഛത്തോടെയാണ് ഞാന്‍ കാണുന്നത്, തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നത്. അത് ആരുണ്ടാക്കിയാലും ശരി. നിരവധി അഭ്യൂഹങ്ങളും വേര്‍ഷനുമൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ട്. അതൊക്കെ ആളുകള്‍ക്ക് എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ച് പറയാം. പക്ഷപാതപരമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും അവതരിപ്പിക്കാനും എളുപ്പമാണ്.

എന്നിരുന്നാലും വിവാദത്തിനപ്പുറം, ആത്യന്തികമായി പ്രേക്ഷകന് അല്ലെങ്കില്‍ മനുഷ്യന് എന്തെങ്കിലും ഗുണം വേണ്ടേ. മോഹന്‍ലാല്‍, രജനികാന്ത് എന്നൊക്കെ പറയുന്നത് ഒരു സ്റ്റാര്‍ഡം ആണ്. അതിനെ വില്‍ക്കണമെങ്കില്‍ അതിന്റേതായ കുറേ സംഭവങ്ങള്‍ കൂടി വേണം. ഉദാഹരണത്തിന്, മോഹന്‍ലാലിന്റെ അച്ഛനായി വഴിയേ പോകുന്ന ഒരാളെ വച്ചുകഴിഞ്ഞാല്‍, അത് അച്ഛനാണെന്ന് ആരും വിശ്വസിക്കില്ല. രജനികാന്തിന്റെ കാര്യത്തിലും അങ്ങനെയാണ്.

അതുപോലെയുള്ള ഒരാള്‍ രജനികാന്തിന്റെ അച്ഛനായി വന്നാലേ ആളുകള്‍ വിശ്വസിക്കൂ. അവര്‍ അങ്ങനെയൊരു പ്രൊഡക്ട് ആയിത്തീരുകയാണ്. എനിക്ക് അത്തരമൊരു ഇമേജ് ഉണ്ടാകരുത് എന്നാണ് ആഗ്രഹം. പ്രൊപ്പഗാണ്ട ഒരിക്കലും ആളുകള്‍ അംഗീകരിക്കില്ല. പ്രൊപ്പഗാണ്ട സിനിമകളില്‍ അനുഭവപ്പെടുന്നതു കൊണ്ടാണ് അതിനെതിരെ ആളുകള്‍ സംസാരിക്കുന്നത്, അത് എന്തിനേപ്പറ്റിയാണെങ്കിലും. പ്രൊപ്പഗാണ്ട ഒരിക്കലും കലയ്ക്ക് പറ്റുന്ന ഒന്നായി എനിക്ക് തോന്നുന്നില്ല.

നമ്മള്‍ അറിയാതെ അത് ജനങ്ങളിലേക്കെത്തിക്കണം, അവരത് അറിയരുത്. പ്രശസ്തരായ പ്രാസംഗികര്‍ പ്രസംഗിക്കുമ്പോള്‍ അവര്‍ ഒരിക്കലും ഇസങ്ങളേക്കുറിച്ച് സംസാരിക്കാറില്ല. എന്നാല്‍ അറിയാതെ അതിലുണ്ടാവുകയും ചെയ്യും. അത് തന്നെയാണ് സിനിമയിലും നാടകത്തിലും വേണ്ടത്. കുഞ്ചന്‍ നമ്പ്യാര്‍ എന്തായിരുന്നു, ആ കാലത്ത് രാജാവിനെ വരെ വിമര്‍ശിച്ചിരുന്നു, വിമര്‍ശനം ആണെന്ന് തോന്നുകയില്ല'. - വിജയരാഘവന്‍ പറഞ്ഞു.

എമ്പുരാന്‍ ഒരു പ്രൊപ്പഗാണ്ട സിനിമയാണോ എന്ന ചോദ്യത്തോടും വിജയരാഘവന്‍ പ്രതികരിച്ചു. 'അത് എനിക്ക് അറിയില്ല, എംപുരാന്‍ ഞാന്‍ കണ്ടില്ല. ആളുകള്‍ പറയുന്നത് കേള്‍ക്കുന്നത് അല്ലാതെ, അത് എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ ആ സിനിമയെക്കുറിച്ച് അല്ല പറയുന്നത്. ഏതൊരു കാര്യമാണോ ഒരു പ്രൊപ്പഗാണ്ട ആയി നമ്മളുപയോഗിക്കുന്നത്, അത് പ്രൊപ്പഗാണ്ട ആണെന്ന് തോന്നിയാല്‍ നമ്മള്‍ വിചാരിക്കുന്ന ആ സംഭവത്തിലേക്ക് അത് എത്തില്ല.

അത് അവര്‍ പറയുന്നതായി അല്ലേ തോന്നുകയുള്ളൂ. ഒരു പ്രത്യേക വിഭാഗം, ആ വിഭാഗത്തിന് വേണ്ടി പറയുന്നു എന്നല്ലേ തോന്നുകയുള്ളൂ. അതിലൂടെ നമ്മളില്‍ എന്തെങ്കിലും മാറ്റം വരുമോ? അത് കണ്ടാല്‍ ആര്‍ക്കെങ്കിലും മാറ്റം വരുമോ? ഇല്ല. അതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനേ പറ്റുകയുള്ളൂ, നന്മയുണ്ടാക്കാന്‍ പറ്റില്ല'.- വിജയരാഘവന്‍ പറഞ്ഞു.

Ads by Google
Monday 07 Apr 2025 10.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google