കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ പി.പി. ദിവ്യയ്ക്ക് എതിരേ ആത്മഹത്യാ പ്രേരാണകുറ്റം ചുമത്തി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുക. കുറ്റപത്രത്തില്‍ പി.പി. ദിവ്യയെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുള്ളത. 400 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ 82 സാക്ഷികളെയും ചേര്‍ത്തിട്ടുണ്ട്.
യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ പ്രസംഗമാണ് എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. ആത്മഹത്യാ കുറിപ്പോ മറ്റ് കാര്യങ്ങളോ കണ്ടെത്താനായില്ല. നവീന്‍ബാബുവിനെ അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രണം നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ദിവ്യ കരുതിക്കൂട്ടി യാത്രയയപ്പ് സമ്മേളനത്തിന് എത്തിയെന്നാണ് കണ്ടെത്തല്‍.
ക്ഷണം പോലുമില്ലാതിരുന്നിട്ടും യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ പോയത് നവീന്‍കുമാറിനെ അപമാനിക്കാന്‍ വേണ്ടി മാത്രമായിരുന്നെന്നാണ് കണ്ടെത്തല്‍. വീഡിയോ ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലിനെയും പി.പി. ദിവ്യ ഏര്‍പ്പാടാക്കി. ഇതിന് പുറമേ സ്വന്തം ഫോണില്‍ നിന്നും ദിവ്യ പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജി ജി.എച്ച്.യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണര്‍ പി.നിധിന്‍രാജ്, അസി.കമ്മിഷണര്‍ ടി.കെ.രത്‌നകുമാര്‍, ടൗണ്‍ സിഐ ശ്രീജിത് കൊടേരി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം സമര്‍പ്പിക്കുക.
2024 ഒക്ടോബര്‍ 15ന് ആണ് നവീനെ പള്ളിക്കുന്നിലെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തേ നവീന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ സുപ്രംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അന്വേഷണസംഘം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് സമര്‍പ്പിച്ചിരുന്ന കേസ് ഡയറി തിരികെ കിട്ടിയതോടെയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. നവീന്‍ബാബുവിനെ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന് പിന്നാലെ നടത്തിയ യാത്രയയപ്പ് യോഗമായിരുന്നു വിവാദത്തിന് കാരണമായി മാറിയത്. ഈ യോഗത്തില്‍ പിപി ദിവ്യ ക്ഷണിക്കാതെ എത്തുകയായിരുന്നു.