Friday, March 20, 2026 Last Updated 11 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Friday 21 Mar 2025 11.35 AM

ബാര്‍ബര്‍ ബാലന്റെ മകള്‍; ആദ്യ സിനിമ റിലീസ് ചെയ്തിട്ട് 18 വര്‍ഷം; ഓര്‍മകളിലൂടെ രേവതി

revathy-sivakumar
photo-www.instagram.com/revathy.sivakumar/

മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ഈറനണിയിപ്പിക്കുകയും വീണ്ടും ചിരിപ്പിക്കുകയും ചെയ്ത ചിത്രമാണ് കഥ പറയുമ്പോള്‍. ശ്രീനിവാസനും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അസാധാരണമായൊരു സൗഹൃദകഥയാണ് പറഞ്ഞത്. മേലുകാവിലെ ബാര്‍ബര്‍ ബാലനും മലയാള സിനിമയിലെ സൂപ്പര്‍ താരം അശോക്‌രാജും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പിന്നീട് തമിഴിലും ഹിന്ദിയിലുമെല്ലാം റീമേക്ക് ചെയ്യപ്പെട്ടു.

ഇന്നും കഥപറയുമ്പോള്‍ കണ്ട് തീര്‍ക്കുമ്പോഴേക്കും നമ്മുടെ കണ്ണൊന്ന് നിറയും. മമ്മൂട്ടിയും ശ്രീനിവാസനും തങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ട് ബാലനേയും അശോക്‌രാജനേയും മനോഹരമാക്കിയപ്പോള്‍ കൂടെ അഭിനയിച്ചവരെല്ലാം കയ്യടി നേടുകയും ചെയ്തു. ബാലന്റെ ഭാര്യയായി അഭിനയിച്ചത് മീനയായിരുന്നു. ബാലന്റെ മക്കളായി എത്തിയ ബാലതാരങ്ങളും കയ്യടി നേടി. അക്കൂട്ടത്തില്‍ ഒരാളാണ് രേവതി ശിവകുമാര്‍.

ബാലന്റെ രണ്ടാമത്തെ മകള്‍ സീനയായിട്ടാണ് രേവതി അഭിനയിച്ചത്. രേവതിയുടെ ആദ്യ സിനിമയായാണ് കഥ പറയുമ്പോള്‍. പിന്നീട് നിരവധി സിനിമകളില്‍ രേവതി അഭിനയിച്ചു. മോഹന്‍ലാല്‍ അടക്കമുള്ള വലിയ താരങ്ങള്‍ക്കൊപ്പവും രേവതി അഭിനയിച്ചു. ഇപ്പോഴിതാ കഥ പറയുമ്പോള്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് രേവതി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രേവതി പഴയ ഓര്‍മ്മകളിലേക്ക് സഞ്ചിരിക്കുന്നത്.

കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന്റേയും അന്ന് തന്റെ കവര്‍ ഫോട്ടോ സഹിതം മാസികയില്‍ അഭിമുഖം അച്ചടിച്ചു വന്നതിന്റേയും ഓര്‍മ്മകള്‍ രേവതി പങ്കുവെക്കുന്നുണ്ട്. രേവതിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വീണ്ടും ജീവിക്കാന്‍ യോഗ്യമായിരിക്കും. ഇത് അത്തരത്തില്‍ ഒന്നാണ്. 2007- എന്റെ ആദ്യ സിനിമയായ കഥ പറയുമ്പോള്‍ റിലീസ് ചെയ്ത വര്‍ഷം. വെറുമൊരു കഥയായിരുന്നില്ല ആ സിനിമ. ആളുകളുടെ ഹൃദയത്തില്‍ ഇടം കണ്ടെത്തിയ അനുഭൂതിയായിരുന്നു. പിന്നെയാണ് 2008 വരുന്നത്. ആ ചിത്രത്തിന്റെ റീമേക്കായ കുസേലനില്‍ രജനീകാന്ത് അഭിനയിച്ചു. അങ്ങനെയത് കൂടുതല്‍ സ്‌പെഷ്യല്‍ ആയി. ഇതിനെല്ലാം ഇടയില്‍ അതുല്യമായൊരു കാര്യമുണ്ടായി. ചിത്രഭൂമി മാസികയില്‍ അഞ്ച് പേജുള്ള ആര്‍ട്ടിക്കിളില്‍ ഞാന്‍ വന്നു. അതും കവര്‍ ഫോട്ടോയോടെ.

അന്നത് അവിശ്വസനീയമായിരുന്നു. ഇന്ന് 2025 ല്‍ അതെല്ലാം കൂടുതല്‍ സ്‌പെഷ്യല്‍ ആണ്. എന്റെ അച്ഛന്‍ ഈ മാസിക ഇത്രയും വര്‍ഷം കാത്തുസൂക്ഷിച്ച് വെക്കുകയും ഇന്നലെ എനിക്ക് അയച്ചു തരികയും ചെയ്തു. ഈ പേജുകളിലൂടെ കടന്നു പോകുമ്പോഴാണ് ഞാനത് തിരിച്ചറിഞ്ഞത്. ഇത് വെറുമൊരു ആര്‍ട്ടിക്കിള്‍ അല്ല. സ്വപ്‌നസാക്ഷാത്കാരത്തിന്റെ സ്‌നാപ്പ് ഷോട്ട് ആണ്.

ശ്രീനി അങ്കിള്‍ (ശ്രീനിവാസന്‍) ഇല്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. എന്നെ അദ്ദേഹമാണ് സിനിമയിലേക്ക് കൊണ്ടു വന്നത്. അദ്ദേഹത്തിന്റെ വിശ്വാസവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് എനിക്ക് ഈ പാതയില്‍ വഴികാട്ടിയായത്. അതിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് വീണ്ടും വായിക്കാന്‍ സാധിച്ചത് അഭിമാന നിമിഷമാണ്. എന്റെ യാത്രയും പിന്നിട്ട നാഴികക്കല്ലുകളും ഇവിടെ വരെ എത്തിച്ച പാഷനും ഓര്‍മ്മപ്പിക്കുന്ന നിമിഷം’ എന്നാണ് രേവതി പറയുന്നത്.

Ads by Google
Friday 21 Mar 2025 11.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google