-->
പാലാ: സാമ്പത്തിക കെടുകാര്യസ്‌ഥതയെ തുടര്‍ന്ന് നാനൂറോളം സഹകരണ ബാങ്കുകള്‍ കേരളത്തില്‍ അടച്ചു പൂട്ടിയതായും നിക്ഷേപകര്‍ക്ക് പണം കൊടുക്കാന്‍ കഴിയാത്ത നിലയില്‍ ഇടതു വലതുപക്ഷ നേതാക്കള്‍ സഹകരണ ബാങ്കുകളെ കൊള്ളയടിച്ചിരിക്കുകയുമാണന്ന് ബി.ജെ.പി നേതാവ് പി.സി ജോര്‍ജ്.
സഹകരണ ബാങ്കിലെ നിക്ഷേപകരുടെ സുരക്ഷക്കായി നിക്ഷേപ സഹകരണ ഫണ്ടില്‍ സൂക്ഷിച്ചിട്ടുള്ള 1200 കോടി രൂപയും സര്‍ക്കാര്‍ ഫണ്ടും ഉപയോഗിച്ച് നിക്ഷേപകരുടെ തുക തിരികെ നല്‍കനുള്ള മര്യാദ സര്‍ക്കാര്‍ കാണിക്കണമെന്ന്‌ജോര്‍ജ് ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകള്‍ സംരക്ഷിക്കുക, സഹകരണ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പാലാ കുരിശുപള്ളി കവലയില്‍ അഞ്ചുദിവസമായി നടന്നുവരുന്ന റിലേ സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കിഴതടിയൂര്‍, മൂന്നിലവ്, കടനാട്, വലവൂര്‍, പൂഞ്ഞാര്‍, ഈരാറ്റുപേട്ട പാലാ മേഖകളിലെ നിരവധി സഹകരണ ബാങ്കുകളാണ് ഭരണസമിതികളുടെ കെടുകാര്യസ്‌ഥതയെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാകാതെ തകര്‍ച്ചയിലായത്.
സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും അനേകരുടെ കണ്ണീര് വീണ സഹകരണ ബാങ്കുകള്‍ നേര്‍വഴിക്ക് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമങ്ങളില്‍ തന്റെ പരിപൂര്‍ണ്ണ പിന്തുണ നിക്ഷേപകര്‍ക്ക്‌് ഉറപ്പു നല്‍കി.