-->
കോട്ടയം: പാചക വാതക പ്രതിസന്ധിയില്‍ ഹോട്ടലുകളും തട്ടുകടകളും അടയ്‌ക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ആയിരകണക്കിനു തൊഴിലാളികള്‍. അപ്രതീക്ഷിത തിരിച്ചടിയെത്തുടര്‍ന്ന് ഇവരില്‍ പലര്‍ക്കും പണി നഷ്‌ടപ്പെടുന്ന അവസ്‌ഥയുണ്ടാകുന്നത് വന്‍ പ്രതിസന്ധിക്കു കാരണമാകും. ഹോട്ടല്‍ ജോലിയില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടു മാത്രം ജീവിക്കുന്ന കുടുംബങ്ങളുടെ ജീവിതമാണ് ഏറെ ദുരിതമാകുന്നത്.
ഇന്നലെ വരെയുള്ള കണക്കു പ്രകാരം പത്തു ശതമാനത്തിലേറെ ഹോട്ടലുകള്‍ ഇതുവരെ അടച്ചു. ജില്ലയില്‍ ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ കീഴില്‍ 1156 ഹോട്ടലുകളുണ്ടെന്നാണ് കണക്ക്. ഇവയില്‍ 100 എണ്ണം ഇന്നലെ വൈകുന്നേരമായപ്പോഴേയ്‌ക്കും അടഞ്ഞു. പ്രതിസന്ധി തുടര്‍ന്നാല്‍ ഒരാഴചയ്‌ക്കുള്ളില്‍ മുഴുവന്‍ ഹോട്ടലുകളും അടയ്‌ക്കേണ്ട അവസ്‌ഥയാണെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
പാചകക്കാര്‍ മുതല്‍ ക്ലീനിങ് ബോയ് വരെയായി ഒരു ഹോട്ടലില്‍ അഞ്ചു മുതല്‍ മുപ്പതു വരെ പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഏറ്റവും ചെറിയ ഹോട്ടലില്‍ പോലും മൂന്നു പേരുണ്ടാകും. ഇതിനൊപ്പം ഹോട്ടല്‍ മേഖലയെ ആശ്രയിക്കുന്ന പച്ചക്കറി, പലചരക്കു കടകള്‍, ഇറച്ചി, മീന്‍ വ്യാപാര കേന്ദ്രങ്ങളിലേക്കും തൊഴില്‍ നഷ്‌ടം നീളും. പ്രതിസന്ധി എന്ന് വസാനിക്കുമെന്നതില്‍ വ്യക്‌തതയില്ലാത്തതിനാല്‍ ഇക്കാലയവ് മുഴുവന്‍ എല്ലാവര്‍ക്കും ശമ്പളം നല്‍കാനും മിക്ക ഹോട്ടലുടമകള്‍ക്കും കഴിയില്ല.
ഹോട്ടല്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്ളവരാണ്. തൊഴില്‍ നഷ്‌ടത്തിന്റെ മറവില്‍ ഇവരില്‍ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രതിസന്ധി മാറിയാലും പലരും തിരികെ വരാന്‍ മടിക്കുന്നതും ഹോട്ടല്‍ മേഖല കാത്തിരിക്കുന്ന പ്രതിസന്ധിയാണ്. തിരികെ, വന്നാലും അതുവരെ ജോലി ചെയ്‌ത സ്‌ഥലങ്ങളിലേക്കു വരണമെന്നുമില്ല. പിന്നീട് അനുയോജ്യനായ തൊഴിലാളികളെ കണ്ടെത്തുകയെന്നതും വെല്ലുവിളിയാകും.ഉടമകള്‍ക്കും വന്‍ നഷ്‌ടമാണുണ്ടാകുന്നത്, 90 ശതമാനം ഹോട്ടലുകളും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്, പകുതിയിലേറെയും അന്നന്നത്തെ വരുമാനം കൊണ്ടു മാത്രം പിടിച്ചു നില്‍ക്കുന്നവയും. ലോണെടുത്തും പലിശയ്‌ക്കു വാങ്ങിയുമാണ് മിക്ക ഉടമകളും ഓരോ ദിവസം തള്ളിനീക്കിയിരുന്നു. ഒരു ദിവസമെങ്കിലും അടഞ്ഞു കിടന്നാല്‍ പല ഉടമകളുടെയും ജീവിതം പ്രതിസന്ധിയിലാകും.
കൂടുതല്‍ തീ ആവശ്യമായ ചൈനീസ് വിഭങ്ങളും ഊണും ബിരിയാണിയുമൊക്കെ ഒഴിവാക്കി പരമാവധി പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് അവശേഷിക്കുന്ന ഹോട്ടലുകള്‍. നിലവില്‍ ബേക്കറികള്‍ ഒന്നും പൂട്ടിയിട്ടില്ലെങ്കിലും ഉത്‌പാദനം കുറച്ചതായി ഉടമകള്‍ പറയുന്നു.
ഡിമാന്‍ഡ് വര്‍ധിച്ച് അവല്‍
കോട്ടയം: പാചകവാതക ലഭ്യത കുറഞ്ഞതോടെ ഡിമാന്റ വര്‍ധിച്ച് അവല്‍. ഒരുകാലത്ത് മലയാളിയുടെ നിത്യ ജീവിതത്തില്‍ ഒഴിച്ചുകുടാനാകാത്ത ഭക്ഷണമായിരുന്നു അവല്‍, കലോത്സവങ്ങളില്‍ ഉള്‍പ്പെടെ പ്രഭാത ഭക്ഷണമായി നല്‍കിയിരുന്നത് അവലായിരുന്നു എന്നാല്‍ കാലക്രമേണ മലയാളിയുടെ ഭക്ഷണത്തില്‍നിന്നു അവല്‍ ഒഴിവാക്കപ്പെട്ടു.
അവല്‍ മില്ലുകളും ഇതിനൊപ്പം അപ്രത്യക്ഷമായി. തേങ്ങാ വില കൂടിയതും അവല്‍ ഉപയോഗം കുറയാന്‍ കാരണമായിരുന്നു.നിലവില്‍ എഴുപതു രുപ വരെയാണ് അവലിന് ഒരു കിലോയ്‌ക്ക് വില, അവല്‍ ഉപയോഗ, വര്‍ദ്ധിച്ചാല്‍ സംസ്‌ഥാനത്തെ നെല്‍കര്‍ഷകര്‍ക്കും ഗുണകരമാണ്.
പാചക വാതക ക്ഷാമം കാപ്പി വിപണിയെയും ബാധിച്ചേക്കും. കാപ്പിക്കുരു പൊടിക്കുന്നതിനായി വറുക്കാന്‍ പാചക വാതകം ആവശ്യമാണ്. ചെറുകിട സംരഭമായിട്ടാണ് നാടന്‍ കാപ്പിപൊടി നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പാചക വാതക സിലിഡര്‍ ഉപയോഗിച്ചു മാത്രമേ കാപ്പികുരു വറുക്കാന്‍ സാധിക്കുകയുള്ളു നിലവില്‍ ഒരു മാസത്തില്‍ താഴെ വില്‍പ്പന നടത്താനുള്ള കാപ്പിപൊടി മാത്രമേ മിക്കയിടങ്ങളിലുമുള്ളൂ. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉള്ള സിലിഡറിന്റെ ലഭ്യത ഇല്ലാതായതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ മേഖല. കാപ്പിപ്പൊടി വില വര്‍ധനയ്‌ക്കും പാചക വാതക ക്ഷാമം കാരണമായേക്കും.