-->
ഇടുക്കി: അഞ്ചുരുളി ഉന്നതിയിലേക്കുള്ള റോഡിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍. അഞ്ചുരുളി ഉന്നതി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അഞ്ചുരുളി കക്കാട്ടുകട റോഡ് നിര്‍മാണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അഞ്ചുരുളി ഉന്നതിയില്‍ നിലവിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ നേരത്തെ ഒരുക്കിയതാണ്. എന്നാല്‍ റോഡ് രണ്ട് കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്.
ബാക്കി ഭാഗത്തിന് 1,47,47,144 രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. റോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അഞ്ചുരുളി ഉന്നതി ഒറ്റപ്പെട്ട പ്രദേശമല്ല, കാഞ്ചിയാര്‍ പഞ്ചായത്തിന്റെ ഭാഗമാണ്. റോഡിന്റെ പൂര്‍ണമായ നിര്‍മാണത്തിനും അടിസ്‌ഥാന സൗകര്യ വികസനത്തിനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് മുഖേന അഞ്ചുരുളി ഉന്നതിയില്‍ റോഡ് വികസന പദ്ധതിയില്‍ വനം വകുപ്പിന്റെ എന്‍.ഒ.സി ലഭ്യമായിട്ടുള്ള 2.140 കിലോമീറ്ററില്‍ 3 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടത്തുന്നതിനുള്ള ടെണ്ടര്‍ നടപടികളും പൂര്‍ത്തീകരിച്ചു. ചടങ്ങില്‍ ഇടുക്കി ഐ.ടി.ഡി.പി പ്ര?ജക്‌ട് ഓഫീസര്‍ ജി. അനില്‍കുമാര്‍, കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയര്‍ ശ്രീന. എസ്, അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്‌റ്റ് ഓഫീസര്‍ രതീഷ് കെ. വി, ഊരുമൂപ്പന്‍ അയ്യപ്പന്‍ എസ്.വി എന്നിവര്‍ പങ്കെടുത്തു.