-->
തൊടുപുഴ/നെടുങ്കണ്ടം: ഗ്രാമീണ മേഖലകളില്‍ പാചകവാതക സിലിണ്ടറുകളുടെ ബുക്കിങ് 45 ദിവസത്തെ ഇടവേളയില്‍ മാത്രമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ആശങ്ക വര്‍ധിപ്പിക്കുന്നു. അടുക്കള പൂട്ടിയിടേണ്ടി വരുമോ എന്നാണ് വീട്ടമ്മമാര്‍ ചോദിക്കു ന്നത്. ഗ്രാമീണ മേഖലകളില്‍ പാചക വാതക സിലിണ്ടറുകളുടെ ബുക്കിങ് ദിവസം നേരത്തെ 25 ആയിരുന്നു. ഇതാണ് 45 ദിവസമായി വര്‍ധിപ്പിച്ചത്. നഗരങ്ങളില്‍ ബുക്കിങ് ഇടവേള 17 ദിവസമായിരുന്നത് 25 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ 30 ഏജന്‍സികളാണ് പാചകവാതക വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. തൊടുപുഴ-എട്ട്, ഉടുമ്പന്‍ചോല-എട്ട്, ഇടുക്കി-അഞ്ച്, പീരുമേട് -അഞ്ച് , ദേവികുളം - നാല് എന്നിങ്ങനെയാണ് ഓരോ താലൂക്കുകളിലുമുള്ള വിതരണ ഏജന്‍സികളുടെ എണ്ണം. ദേവികുളം താലൂക്കില്‍ ആനച്ചാലിലെ ഏജന്‍സി നേരത്തെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇത്രയും ഏജന്‍സികളിലായി മൂന്നര ലക്ഷത്തോളം ഉപഭോക്‌താക്കളാണുള്ളത്. കോവിഡ് കാലത്തിനു ശേഷം വലിയ തോതില്‍ പാചക വാതക വിതരണത്തില്‍ പ്രതിസന്ധിയുണ്ടായിട്ടില്ല. ഏതാനും ദിവസം മുമ്പു വരെ പാചക വാതകത്തിന് ക്ഷാമം നേരിടുമെന്ന സൂചനയും ഇല്ലായിരുന്നു. യുദ്ധത്തിന്റെ പശ്‌ചാത്തലത്തിലാണ് ഇപ്പോള്‍ പാചക വാതക പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. യുദ്ധം അവസാനിക്കാത്ത സാഹചര്യത്തില്‍ പ്രതിസന്ധി നീളുമെന്നാണ് വിലയിരുത്തല്‍. പാചകവാതക വിതരണത്തില്‍ പ്രതിസന്ധിയില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും വരും ദിവസങ്ങളില്‍ സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്നാണ് വിതരണ ഏജന്‍സികള്‍ വ്യക്‌തമാക്കുന്നത്. വാഹനങ്ങളിലെ റൂട്ട് വഴിയുള്ള പാചക വാതക വിതരണം ഇപ്പോള്‍ തന്നെ അവതാളത്തിലാണ്. പല റൂട്ടുകളിലും വിതരണ വാഹനങ്ങള്‍ എത്തുന്നില്ലെന്ന് പരാതി ഉയര്‍ന്നു തുടങ്ങി. വിതരണ ഏജന്‍സികളിലെത്തിയാണ് ഉപഭോക്‌താക്കള്‍ ഇപ്പോള്‍ സിലിണ്ടറുകള്‍ വാങ്ങുന്നത്. ചില ഏജന്‍സികള്‍ കാലി സിലിണ്ടറുമായി എത്തുന്നവര്‍ക്ക് ഗ്യാസ് നിറച്ച സിലിണ്ടറുകള്‍ ഉടന്‍ തന്നെ നല്‍കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ ദിവസങ്ങളുടെ ഇടവേളകളില്‍ ടോക്കണ്‍ സമ്പ്രദായത്തിലാണ് വിതരണം. നഗരമേഖലകളില്‍ ഇപ്പോള്‍ പാചക വാതകം മാത്രമാണ് അടുക്കളകളില്‍ ഉപയോഗിക്കുന്നത്. വിറകടു പ്പുള്ള വീടുകള്‍ പൊതുവെ കുറവാണ്. കൂടാതെ വിറക് ലഭ്യമല്ലാത്തതും വിലവര്‍ധനവും കാരണം ഇപ്പോള്‍ ഇത്തരം അടുപ്പുകള്‍ കാര്യമായി ഉപയോഗി ക്കാറില്ല. അതിനാല്‍ ഒരു സിലിണ്ടര്‍ എങ്കിലും സ്‌റ്റോക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് വീട്ടമ്മമാര്‍.
സിലിണ്ടറുകളുടെ ഫോണ്‍ വഴിയുള്ള ബുക്കിങും ഇപ്പോള്‍ നടക്കുന്നില്ല. ഗ്രാമീണ മേഖലകളില്‍ ഇപ്പോള്‍ വീടുകളില്‍ വിറക് ഉപയോഗി ച്ചുള്ള അടുപ്പുകള്‍ വീണ്ടും സജീവമായി തുടങ്ങി. ഇന്‍ഡക്ഷന്‍ കുക്കറുകളും ഇപ്പോള്‍ അടുക്കളകളില്‍ സ്‌ഥാനം പിടിച്ചു തുടങ്ങി. കടകളില്‍ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക് ആവശ്യക്കാരേറി തുടങ്ങി. ഇതിനിടെ, പാചക വാതകകത്തിന് നിയന്ത്രണമേര്‍പ്പെടു ത്തിയതോടെ ചെറുകിട ഹോട്ടലുകള്‍ക്കും പൂട്ടു വീണുതുടങ്ങി. പല സ്‌ഥാപനങ്ങളിലും ചുരുക്കം ദിവസങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള പാചക വാതകം മാത്രമേ സ്‌റ്റോക്കുള്ളു എന്ന് ഹോട്ടലുകാരും തട്ടുകടക്കാരും പറയുന്നു. എന്നാല്‍ പല ഭക്ഷ്യ വസ്‌തുക്കളും ചൈനീസ് വിഭവങ്ങളും വിറകടുപ്പില്‍ പാകം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഇത്തരം സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടലിലേക്കാണ് നീങ്ങുന്നത്.
ഇതിനിടെ സംസ്‌കാര കര്‍മങ്ങള്‍ നടത്തുന്നതിനും പ്രതിസന്ധി നേരിടാന്‍ ഇടയുണ്ട്. പല പൊതു ശ്‌മശാനങ്ങളും വൈദ്യുതിക്കു പുറമെ ഗ്യാസ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വിറകിന്റെ ക്ഷാമം മൂലം വീട്ടുവളപ്പുകളില്‍ നടക്കുന്ന മൃതദേഹങ്ങളുടെ ദഹന കര്‍മത്തിനും വ്യാപാകമായി ഗ്യാസ് ഉപയോഗിക്കുന്നുണ്ട്. ക്ഷാമം നേരിട്ടാല്‍ ഇത്തരം ചടങ്ങുകളും പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹോട്ടലുകള്‍ പൂട്ടുന്നു; വ്യാപാര സ്‌ഥാപനങ്ങളും പ്രതിസന്ധിയില്‍
പാചകവാതക ക്ഷാമം അതിരൂക്ഷമായതോടെ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് വന്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. തൊടുപുഴയിലും ഹൈറേഞ്ച് മേഖലകളുലും ഹോട്ടലുകള്‍ക്കും പൂട്ട് വീണിട്ടുണ്ട്. അടുത്ത ദിവസം മുതല്‍ ഹോട്ടലുകള്‍ അടച്ചിടേണ്ട സാഹചര്യമാണന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
ഇതുവരെ മേഖലയില്‍ പത്തിലധികം ഹോട്ടലുകള്‍ അടച്ചുപൂട്ടി. ബഹുഭൂരിപക്ഷം ഹോട്ടലുകളും വാണിജ്യ പാചക വാതക സിലിണ്ടറുകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണ മേഖലയിലുള്ള വളരെ ചുരുക്കം ചെറുകിട ഹോട്ടലുകളില്‍ മാത്രമാണ് പാചക വാതകത്തിനൊപ്പം വിറകും ഉപയോഗിച്ച് ഭക്ഷണങ്ങള്‍ തയാറാക്കുന്നത്. മിക്ക ഹോട്ടലുകളിലും ഏറിപ്പോയാല്‍ ഒന്നോ, രണ്ടോ സിലിണ്ടര്‍ പാചക വാതകം മാത്രമാണ് സ്‌റ്റോക്കുള്ളത്. ഒന്നു മുതല്‍ 20 ലധികം പാചക വാതക സിലിണ്ടറുകള്‍ വരെ ദിവസേന ഉപയോഗിക്കുന്ന ചെറുകിട, വന്‍കിട ഹോട്ടലുകളാണ് ഇടുക്കിയിലുള്ളത്. ജില്ലയില്‍ പതിനായിരത്തോളം ഭക്ഷ്യസ്‌ഥാപനങ്ങളുണ്ട്. കാറ്ററിങ് സ്‌ഥാപനങ്ങളും ഇതില്‍പെടും. അതേ സമയം ഗാര്‍ഹിക സിലണ്ടറുകള്‍ കരി ചന്തയില്‍ പൂഴ്‌ത്തിവയ്‌ക്കുന്നതും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. പല ഗ്യാസ് ഏജന്‍സികളും ഉപഭോക്‌താക്കള്‍ അറിയാതെ സിലിണ്ടര്‍ വിതരണം ചെയ്‌തത് രേഖകള്‍ ആക്കിയത് മൂലം ബുക്കിങ് ചെയ്യാന്‍ കഴിയാത്ത അവസ്‌ഥയുമുണ്ട്. ബേക്കറികള്‍ അടക്കമുള്ള സ്‌ഥാപനങ്ങുഴം പ്രതിസന്ധി നേരിടുന്നുണ്ട്.