-->
കിഴക്കമ്പലം: പള്ളിക്കര പിണര്‍മുണ്ട റേഷന്‍ കടയ്‌ക്ക് സമീപം ജനവാസ മേഖലയില്‍ നിന്നും പന്ത്രണ്ടടിയോളം നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. ഏകദേശം മുപ്പത് കിലോ തൂക്കം വരുന്ന പാമ്പിനെയാണ് സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തില്‍ നിന്നും വലയിലാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ പാമ്പാണ് ഒടുവില്‍ പിടിയിലായത്. മൂന്ന് ദിവസം മുന്‍പ് വലിയൊരു ഇരയെ വിഴുങ്ങിയ പാമ്പ് സമീപത്തെ പൊത്തില്‍ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. ഇന്ന് പൊത്തില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന് കീഴിലുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്‌ഥലത്തെത്തി. തമ്മനം ഫോറസ്‌റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പരിശീലനം ലഭിച്ച സര്‍പ്പ സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗം ഷേഖ് മുഹിയുദ്ധീനും നാട്ടുകാരും ചേര്‍ന്നാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ പാമ്പിനെ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ വനമേഖലയില്‍ തുറന്നുവിടാനായി കൊണ്ടുപോയി. ജനവാസ മേഖലയില്‍ ഇത്തരം കൂറ്റന്‍ പാമ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, സമയോചിതമായ ഇടപെടലിലൂടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു.