-->
ആലപ്പുഴ: വ്രതാനുഷ്‌ഠാനത്തിന്റെ ആത്മീയ ചൈതന്യത്തിന് മാറ്റുകൂട്ടി ഒരു വെള്ളിയാഴ്‌ച കൂടി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുകൂടി. അവസാന വെള്ളിയാഴ്‌ചയായേക്കുമെന്ന സംശയത്തില്‍ റമദാനിന് പള്ളികളില്‍ വികാര നിര്‍ഭരമായ യാത്രയയപ്പും നല്‍കി.
മാസപ്പിറവി ദൃശ്യമായാല്‍ അടുത്ത വെള്ളിയാഴ്‌ച ചെറിയ പെരുന്നാള്‍ ആയേക്കുമെന്നതിനാല്‍ ഇമാമുമാര്‍ പള്ളി മിമ്പറുകളില്‍ സലാം പറഞ്ഞ് റമസാനിനെ വികാരനിര്‍ഭരമായ യാത്രാമംഗളം നേര്‍ന്നു. അസലാമു അലൈക യാ ശഹ്‌റ റമസാന്‍ (റമസാന്‍ മാസമേ നിനക്ക് നാഥന്റെ രക്ഷയുണ്ടാകട്ടേ ) തുടങ്ങിയ വചനങ്ങള്‍ ഉരുവിട്ട് ഇമാമുമാര്‍ യാത്രാമംഗളം നേര്‍ന്നത് വിശ്വാസികളെ ഏറെനേരം കണ്ണീരിലാഴ്‌ത്തി. സുകൃതങ്ങളില്‍ വ്യാപൃതരായി പുണ്യങ്ങള്‍ വാരിക്കൂട്ടിയ വിശുദ്ധ റമസാന്‍ വിടചൊല്ലുന്നത് വിശ്വാവാസികളെ ഏറെ ദുഃഖത്തി ലാക്കുന്നതാണ്. അവസാന വെള്ളിയാഴ്‌ചയെന്ന കരുതലുമായി അതിരാവിലെ മുതല്‍ തന്നെ പള്ളിയിലെത്തി പ്രാര്‍ഥനാനിരതരായ വിശ്വാസികള്‍ മണിക്കൂറുകളോളം പള്ളിയില്‍ കഴിഞ്ഞുകൂടിയത് തന്നെ അപൂര്‍വ അവസരമായി കണക്കാക്കുന്നു.
പുണ്യങ്ങളുടെ പൂക്കാലമായ റമസാനും പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്ന വെള്ളിയാഴ്‌ചയും പ്രാര്‍ഥനകള്‍കൊണ്ട് സജീവമാക്കി, ആത്മീയ ചൈതന്യം കരസ്‌ഥമാക്കിയാണ് വിശ്വാസികള്‍ മടങ്ങിയത്. റമസാനിലൂടെ നേടിയെടുത്ത ആത്മീയചൈതന്യം ജീവിതത്തിലുടനീളം നിലനിര്‍ത്തണമെന്ന് ഇമാമുമാര്‍ ഉദ്‌ബോധിപ്പിച്ചു. ആയിരം മാസത്തേക്കാള്‍ പുണ്യംനിറഞ്ഞ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് ശേഷിക്കുന്ന ദിനരാത്രങ്ങളില്‍ പ്രാര്‍ഥനകളും ആരാധനകളും വര്‍ധിപ്പിക്കണമെന്നും ഇമാമുമാര്‍ ഓര്‍മിപ്പിച്ചു.
പതിവിന് വിപരീതമായി, ജോലിയും മറ്റും ഉപേക്ഷിച്ച് പലരും നാട്ടിലെ പള്ളികളില്‍ തന്നെ ജുമുഅ നിസ്‌കാരത്തി നെത്തിയതോടെ മിക്ക പള്ളികളും വിശ്വാസികളെ ഉള്‍ക്കൊള്ളാനാകാതെ സ്‌ഥലപരിമിതികൊണ്ട് വീര്‍പ്പുമുട്ടി. ഇത് കണക്കിലെടുത്ത് മിക്ക പള്ളികളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജുമാ നിസ്‌കാരത്തിന് ശേഷം മരണപ്പെട്ട ബന്ധുമിത്രാദികളുടെയും മറ്റും ഖബറിടങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കായി പ്രാര്‍ഥന നടത്തിയാണ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങിയത്. പടിഞ്ഞാറേ ശാഫി ജമാഅത്തിലെ ജുമാ നിസ്‌കാരത്തിനും ഖുതുബക്കും ശാക്കിര്‍ ദാരിമി കാസര്‍കോട് നേതൃത്വം നല്‍കി.