-->
പത്തനംതിട്ട: ശബരിമല സ്‌ത്രീ പ്രവേശന സമരവുമായി ബന്ധപ്പെട്ട് അവസരോചിതമായ മുതലെടുപ്പ് നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചതെന്ന് മുന്‍ ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. തിരുവിതാംകൂര്‍ വിചാരവേദിയുടെ നേതൃത്വത്തില്‍ ശബരിമല സമരവും സുവര്‍ണ്ണ അവസര വിധിയും എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി നടന്ന സാഹിത്യ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയുടെ വിധിയെ അനുകൂലിച്ച് കൊണ്ടാണ് അന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും പ്രസ്‌താവനകള്‍ ഇറക്കിയത് പുരോഗമനപരമായ വിധിയെ സ്വാഗതം ചെയ്യുന്നതായും ലിംഗ സമത്വത്തിന് വഴിയൊരുക്കുന്നതും സ്‌ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ തീരുമാനമാണ് സുപ്രീംകോടതിയുടെ എന്നും അവര്‍ പറഞ്ഞിരുന്നു. ലിംഗപരമായ വിവേചനം വിശ്വാസപരമായ കാര്യങ്ങളില്‍ പാടില്ലന്നും അതത്ര പവിത്രപരമായ കാര്യമാണെങ്കിലും അനുവദനീയം അല്ലെന്നും പറഞ്ഞവര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവര്‍ വിശ്വാസികള്‍ക്കൊപ്പം ആണെന്ന് വരുത്തി തീര്‍ക്കാനുള്ള തത്രപ്പാടിലാണ്.
പത്തനംതിട്ട ടൗണ്‍ഹാളില്‍ കൂടിയ യോഗത്തില്‍ ഭാരതീയ വിചാര കേന്ദ്രംജില്ലാ പ്രസിഡന്റ് ഡോ. എം .എ കബീര്‍ അധ്യക്ഷത വഹിച്ചു. സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഷാജി രാഘവന്‍ ആമുഖപ്രഭാഷണവും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മലയാളം വിഭാഗം അധ്യക്ഷന്‍ പ്ര?ഫസര്‍ ഡോക്‌ടര്‍ ശ്രീശൈലം ഉണ്ണികൃഷ്‌ണന്‍ പുസ്‌തക പരിചയപ്പെടുത്തലും നടത്തി.അഡ്വ. പി. കെ രാമചന്ദ്രന്‍, തിരുവിതാംകൂര്‍ വിചാരവേദി ജനറല്‍ സെക്രട്ടറി രവീന്ദ്രവര്‍മ്മ അംബാനിലയം, ബിന്ദു സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.